

അടുത്ത കാലത്തായി പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ഇതിനു കാരണം മറ്റു നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ മികച്ച റിട്ടേണും സുരക്ഷയും തന്നെയാണ്. എന്നാല്‍ പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതികളില്‍ തികച്ചും വ്യത്യസ്തമായ ഒരു നിക്ഷേപ സ്‌കീമുകള്‍ അറിയാം
ഗ്രാമപ്രിയ സ്‌കീം - ഏറ്റവും കുറഞ്ഞ സം അഷ്വേര്‍ഡ് 10,000 രൂപയാണ്. പരമാവധി തുക 10 ലക്ഷമാണ്. പ്രതിമാസമായി പ്രീമിയം അടയ്ക്കാം. ഉദാഹരണത്തിന്, 5 ലക്ഷം രൂപയുടെ കവര്‍ എടുക്കുന്നുവെന്നു കരുതുക. പ്രതിമാസ നിക്ഷേപം ഏകദേശം 5,068 രൂപയായിരിക്കും. പദ്ധതി 10 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന പക്ഷം മികച്ച റിട്ടേണാണ് കാത്തിരിക്കുന്നത്. ഇവിടെ റിട്ടേണിനെ അതുല്യമാക്കുന്നത് ബോണസാണ്. സം അഷ്വേര്‍ഡ് ചെയ്ത ഓരോ ആയിരം രൂപയ്ക്കും 45-47 രൂപ വാര്‍ഷിക ബോണസ് പദ്ധതി വാഗ്ദാനം ചെയ്യുന്നു. 5 ലക്ഷം കവറിന് വാര്‍ഷിക ബോണസ് 22,500 രൂപയായിരിക്കും. അതായത് 10 വര്‍ഷത്തെ ആകെ ബോണസ് തുക 2,25,000 രൂപയായിരിക്കും.
ആര്‍ഡി സ്‌കീം
ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന ആര്‍ഡിയില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റിക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്. വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
പൂര്‍ണ്ണ സുരക്ഷയും ഗ്യാരണ്ടീഡ് റിട്ടേണും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. രാജ്യത്തെ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇപ്പോഴും മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് സമാനമായ ഒരു സ്ഥിര വരുമാന പദ്ധതിയാണ്. നിക്ഷേപകര്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്നു. ഈ പോസ്റ്റ് ഓഫീസ് സ്‌കീം പൂര്‍ണ്ണമായും ഗ്യാരണ്ടിയുള്ളതാണ്. അതിനാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയില്ല. നിക്ഷേപകര്‍ക്ക് 1, 2, 3, അല്ലെങ്കില്‍ 5 വര്‍ഷത്തേക്ക് ഈ സ്‌കീമില്‍ നിക്ഷേപിക്കാം. പലിശ ത്രൈമാസമായി കണക്കാക്കുന്നു. അതേസമയം പേയ്മെന്റുകള്‍ വാര്‍ഷികമായി നല്‍കുന്നു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഇ പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. അതായത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നികുതി ഇളവുകളും നേടാം. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. തുടര്‍ന്ന് 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം
60 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കായി (സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും) രൂപകല്‍പ്പന ചെയ്ത പദ്ധതിയാണിത്. 8.2 ശതമാനമാണ് പലിശ നിരക്ക്. 5 വര്‍ഷമാണ് കാലാവധി. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പലിശ ഓരോ മൂന്ന് മാസം കൂടുമ്പോഴും അക്കൗണ്ടില്‍ ലഭിക്കും. മുതിര്‍ന്നവര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണിത്.
മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്
സ്ത്രീകള്‍ക്കായി മാത്രമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്രത്യേക സമ്പാദ്യ പദ്ധതിയാണിത്. പലിശ നിരക്ക് 7.5 ശതമാനം ആണ്. 2 വര്‍ഷമാണ് കാലാവധി. ചുരുങ്ങിയത് 1000 രൂപ മുതല്‍ പരമാവധി 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഹ്രസ്വകാലത്തേക്ക് പണം നിക്ഷേപിച്ച് മികച്ച ലാഭം കൊയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇത് ഉത്തമമാണ്.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം
മാസം തോറും ഒരു നിശ്ചിത തുക വരുമാനമായി ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി തെരഞ്ഞെടുക്കാം. 7.4 ശതമാനമാണ് പലിശ. 5 വര്‍ഷമാണ് കാലാവധി. ഒറ്റത്തവണയായി തുക നിക്ഷേപിക്കണം. ഒരാള്‍ക്ക് 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് കൃത്യമായ പലിശ ഓരോ മാസവും വരുമാനമായി ലഭിക്കും.
സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പദ്ധതിയാണിത്. പലിശ നിരക്ക് 8.2 ശതമാനമാണ് (നിലവില്‍ ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന പദ്ധതികളില്‍ ഒന്ന്). വര്‍ഷത്തില്‍ ചുരുങ്ങിയത് 250 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങാം. നിക്ഷേപിക്കുന്ന തുകയ്ക്കും പലിശയ്ക്കും ആദായനികുതി ഇളവ് ലഭിക്കും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ദീര്‍ഘകാല നിക്ഷേപത്തിലൂടെ വലിയൊരു തുക സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച ഓപ്ഷനാണ്. 7.1 ശതമാനമാണ് പലിശ നിരക്ക്. 15 വര്‍ഷമാണ് കാലാവധി (ആവശ്യമെങ്കില്‍ 5 വര്‍ഷം വീതം നീട്ടാം). വര്‍ഷത്തില്‍ 500 രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെ. ഇതില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്കും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും പൂര്‍ണ്ണമായും നികുതി ഇളവുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates