

മുംബൈ: ടാറ്റ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി എന്‍. ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചതിനെതിരെ ടാറ്റ ട്രസ്റ്റ്‌സ് നല്‍കിയ ഹര്‍ജിയില്‍ അടിയന്തര ഇടപെടല്‍ അനുവദിക്കാതെ ബോംബെ ഹൈക്കോടതി. നവംബര്‍ 30ന് നിശ്ചയിച്ച ടാറ്റ സണ്‍സ് ബോര്‍ഡ് യോഗം നടത്താന്‍ കോടതി അനുമതി നല്‍കി. അതേസമയം, യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ കേസിലെ അന്തിമ കോടതി ഉത്തരവിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് അഭയ് അഹൂജ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ചന്ദ്രശേഖരനെ മൂന്നാം തവണയും അഞ്ച് വര്‍ഷത്തേക്ക് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനത്തെയാണ് ടാറ്റ ട്രസ്റ്റുകള്‍ ചോദ്യം ചെയ്തത്. നവംബര്‍ 30ലെ ബോര്‍ഡ് യോഗം മാറ്റിവയ്ക്കണമെന്നോ യോഗം നടത്തുന്നത് തടയണമെന്നോ ആയിരുന്നു ട്രസ്റ്റുകളുടെ ആവശ്യം. കൂടാതെ, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന നിലയില്‍ ചന്ദ്രശേഖരന്‍ വോട്ടവകാശം വിനിയോഗിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വെള്ളിയാഴ്ച ഇതില്‍ യാതൊരു ഇടക്കാല ആശ്വാസവും അനുവദിക്കാന്‍ കോടതി തയ്യാറായില്ല.
കേസില്‍ എതിര്‍കക്ഷികളായ ടാറ്റ സണ്‍സിനോടും ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരോടും മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച സമര്‍പ്പിച്ച രണ്ട് ഹര്‍ജികളിലാണ് നടപടി. കേസ് വീണ്ടും പരിഗണിക്കുന്നത് ജനുവരി 18ലേക്ക് മാറ്റി. സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റ്, ആര്‍ഡി ടാറ്റ ട്രസ്റ്റ് എന്നിവയാണ് ടാറ്റ സണ്‍സിനും ആറ് ഡയറക്ടര്‍മാര്‍ക്കുമെതിരെ കോടതിയെ സമീപിച്ചത്. ചന്ദ്രശേഖരനെ മൂന്നാം തവണയും അഞ്ച് വര്‍ഷത്തേക്ക് എക്‌സിക്യുട്ടീവ് ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനമാണ് ഇരുട്രസ്റ്റുകളും ചോദ്യം ചെയ്തിരിക്കുന്നത്.
ഹര്‍ജിയില്‍ സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് 50 കോടി രൂപ നഷ്ടപരിഹാരവും ആര്‍ഡി ടാറ്റ ട്രസ്റ്റ് 15 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തുകകള്‍ക്ക് പ്രതിവര്‍ഷം 18 ശതമാനം പലിശയും വേണമെന്നാണ് ആവശ്യം. സെപ്റ്റംബര്‍ 17ന് ചേര്‍ന്ന ടാറ്റ സണ്‍സ് ബോര്‍ഡ് യോഗത്തില്‍ ചന്ദ്രശേഖരന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം അസാധുവാണെന്നാണ് ട്രസ്റ്റുകളുടെ വാദം. കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനിലെ ആര്‍ട്ടിക്കിള്‍ 121 പ്രകാരം ആവശ്യമായ അനുകൂല വോട്ട് ലഭിക്കാതെയാണ് തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ദൊറാബ്ജി ടാറ്റ ട്രസ്റ്റിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി, റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തിന്റെ പേരില്‍ ബോര്‍ഡ് യോഗം അടിയന്തരമായി നടത്തേണ്ട സാഹചര്യമുണ്ടെന്ന വാദം ടാറ്റ സണ്‍സ് ഉന്നയിക്കുന്നതാണെന്ന് കോടതിയില്‍ പറഞ്ഞു. യോഗം മാറ്റിവയ്ക്കണമെന്ന ട്രസ്റ്റുകളുടെ ആവശ്യം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ടാറ്റ ട്രസ്റ്റുകളുടെ ആവശ്യങ്ങളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി തയ്യാറായില്ല. ഇതോടെ നവംബര്‍ 30ലെ ബോര്‍ഡ് യോഗം നിശ്ചയിച്ച പ്രകാരം നടക്കും. എന്നാല്‍ യോഗത്തിലെ തീരുമാനങ്ങളുടെ നിയമസാധുത സംബന്ധിച്ച അന്തിമ തീരുമാനം കോടതിയുടെ പരിഗണനയിലായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates