കൊച്ചി: കാന്‍സറിനെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുടെ അനുഭവങ്ങള്‍ പുസ്തകമാക്കി ആസ്റ്റര്‍ മെഡ്‌സിറ്റി. 'കാന്‍സ്പയര്‍' എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തില്‍ രോഗം ഭേദമായ ഏഴ് പേരുടെ പ്രചോദനമേകുന്ന കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍ പുസ്തകം പ്രകാശനം ചെയ്തു. കാന്‍സര്‍ രോഗികള്‍ക്ക് ശസ്ത്രക്രിയ ആവശ്യങ്ങള്‍ക്കായി ആശുപത്രിയിലെത്തി അന്നു തന്നെ വീട്ടിലേക്ക് മടങ്ങാന്‍ കഴിയുന്ന 'സെന്റര്‍ ഫോര്‍ ഡേ കെയര്‍ കാന്‍സര്‍ പ്രൊസീജിയേഴ്‌സ്''എന്ന പദ്ധതിയുടെ ഉദ്ഘാടനവും ഈ ചടങ്ങില്‍ വച്ചു നടന്നു.
ആസ്റ്ററില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് പുസ്തകം സൗജന്യമായി വിതരണം ചെയ്യും. പുറത്തുനിന്നുള്ളവര്‍ക്ക് ആസ്റ്ററിന്റെ വെബ്‌സൈറ്റില്‍ നിന്ന് പുസ്തകം ഡൗണ്‍ലോഡ് ചെയ്ത് വായിക്കാം. പുസ്തക രൂപത്തില്‍ ഹാര്‍ഡ് കോപ്പി വായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആശുപത്രിയുമായി ബന്ധപ്പെട്ടാല്‍ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യും.
കാന്‍സറിനോട് പോരാടുന്നവര്‍ക്ക് പ്രതീക്ഷയും ധൈര്യവും നല്‍കുകയെന്നതാണ് കാന്‍സ്പയര്‍ എന്ന പുസ്തകത്തിന്റെ ലക്ഷ്യം. മുപ്പത് പേജുകളിലായാണ് രോഗത്തെ അതിജീവിച്ചവര്‍ അവരുടെ അനുഭവ കഥകള്‍ വിവരിച്ചിരിക്കുന്നത്. ''ലോക പ്രശസ്ത സൈക്ലിംഗ് താരം ലാന്‍സ് ആര്‍ംസ്‌ട്രോംഗിന്റെ കംബാക് ഫ്രം കാന്‍സര്‍ മുതല്‍ മലയാളത്തിന്റെ സ്വന്തം ഇന്നസെന്റിന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി വരെയുള്ള പുസ്തകങ്ങള്‍ രോഗ ബാധിതര്‍ക്ക് നല്‍കിയ പ്രതീക്ഷ ചെറുതല്ല. അപ്പോഴും ഏറെ സാധാരണക്കാരായ ആളുകള്‍ക്ക് അവരുടെ ജീവിതത്തോട് താരതമ്യപ്പെടുത്താനാവുന്ന രചനകള്‍ വന്നിട്ടുണ്ടോ എന്ന ചോദ്യം ബാക്കിയായിരുന്നു. കാന്‍സ്പയര്‍ എന്ന പുസ്‌കം അതിനുള്ള ഉത്തരമാവുകയാണെന്നും ആസ്റ്ററിന്റെ സാമൂഹിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു''
സെന്റര്‍ ഫോര്‍ ഡേ കെയര്‍ ക്യാന്‍സര്‍ പ്രൊസീജിയേഴ്‌സില്‍ ഒരു ദിവസം മൂന്ന് പേര്‍ക്ക് വരെ ശസ്ത്രക്രിയ സേവനങ്ങള്‍ നല്‍കാനാകും. തിരഞ്ഞെടുക്കപ്പെട്ട ക്യാന്‍സര്‍ ശസ്ത്രക്രിയകള്‍ക്കാണ് കൂടുതലായും ഇത് പ്രയോജനപ്പെടുത്തുക. ശസ്ത്രക്രിയ തീയതിക്ക് അനുസൃതമായി ഒന്നോ രണ്ടോ ദിവസം മുമ്പ് ആശുപത്രിയില്‍ അഡ്മിറ്റാകേണ്ട സാഹചര്യം ഇതു വഴി ഇല്ലാതെയാകും. രോഗികള്‍ക്ക് ഏറ്റവും അനുയോജ്യവും സുഖകരവുമായ രീതിയിലാണ് ഡേ കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി ഓങ്കോ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ജെം കളത്തില്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates