ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഴിഞ്ഞ ദിവസമാണ് ഏകീകൃത പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 23 ലക്ഷം ജീവനക്കാരെ ലക്ഷ്യമിട്ടുള്ള പദ്ധതി, വിരമിച്ചതിന് ശേഷം ജീവനക്കാരുടെ സാമ്പത്തിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുമെന്നാണ് അവകാശപ്പെടുന്നത്. പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളിയാണ് പങ്കാളിത്ത രീതിയില്‍ തന്നെയുള്ള പുതിയ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ അവകാശപ്പെടുന്ന പദ്ധതിയുടെ അഞ്ചു സവിശേഷതകള്‍ ചുവടെ:
25 വര്‍ഷമെങ്കിലും സര്‍വീസ് ഉള്ളവര്‍ക്ക്, അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ 50 ശതമാനം പെന്‍ഷന്‍ ഉറപ്പ് നൽകുന്നു. 25 വര്‍ഷത്തിനും 10 വര്‍ഷത്തിനുമിടയില്‍ സര്‍വീസുള്ളവരുടെ പെന്‍ഷന്‍ ഇതേ മാനദണ്ഡങ്ങള്‍ വച്ച് ആനുപാതികമായി (പ്രോ-റേറ്റ) കണക്കാക്കും.
ജീവനക്കാരന്‍ ആകസ്മികമായി മരിച്ചാല്‍, ലഭിച്ചിരുന്ന തുകയുടെ 60 ശതമാനം ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷനായി നല്‍കും
10 വര്‍ഷമെങ്കിലും സര്‍വീസുള്ളവര്‍ക്ക് പ്രതിമാസം കുറഞ്ഞത് പതിനായിരം രൂപ പെന്‍ഷന്‍ ഉറപ്പാക്കും.
പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസം (ഡിയര്‍നസ് റിലീഫ്), ജീവനക്കാരുടേതിന് തുല്യമായ രീതിയില്‍ തിട്ടപ്പെടുത്തും. വിലക്കയറ്റവുമായി ബന്ധിപ്പിച്ചാണ് ക്ഷാമാശ്വാസം തിട്ടപ്പെടുത്തുക.
ഗ്രാറ്റുവിറ്റിക്ക് പുറമേ ഒരു തുക കൂടി ജീവനക്കാര്‍ക്ക് ലഭിക്കും. സൂപ്പര്‍ആനുവേഷന്‍ സമയത്താണ് തുക ലഭിക്കുക. സര്‍വീസ് കാലയളവിലെ ആറുമാസത്തില്‍ ഒന്ന് എന്ന കണക്കില്‍, അടിസ്ഥാന ശമ്പളവും ഡിഎയും ചേര്‍ത്തുള്ളതിന്റെ പത്തിലൊന്ന് എന്ന തോതില്‍ ഈ തുക തിട്ടപ്പെടുത്തും. ഇത് പെന്‍ഷനെ ബാധിക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates