ന്യൂഡല്‍ഹി: ഇനിമുതല്‍ ബുക്കിങ് നടത്തി 48 മണിക്കൂറിനകം അധിക നിരക്ക് നല്‍കാതെ തന്നെ യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് റദ്ദാക്കാനോ മാറ്റാനോ കഴിയും. ചില ഉപാധികളോടെയുള്ള ഈ മാറ്റം ഉള്‍പ്പെടുത്തി വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടുള്ള ടിക്കറ്റ് റീഫണ്ട് മാനദണ്ഡങ്ങള്‍ ഡിജിസിഎ പരിഷ്‌കരിച്ചു.
കൂടുതല്‍ യാത്രക്കാര്‍ക്ക് അനുയോജ്യമായ രീതിയിലാണ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചത്. ബുക്കിങ് നടത്തി 24 മണിക്കൂറിനുള്ളില്‍ യാത്രക്കാരന്‍ തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്തലിനായി വിമാന കമ്പനികള്‍ അധിക നിരക്ക് ഈടാക്കരുതെന്നും പുതുക്കിയ മാനദണ്ഡം പറയുന്നു. എയര്‍ലൈനിന്റെ വെബ്സൈറ്റ് വഴി ടിക്കറ്റ് നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ട്രാവല്‍ ഏജന്റ്/പോര്‍ട്ടല്‍ വഴി ടിക്കറ്റ് വാങ്ങുന്ന സാഹചര്യത്തില്‍, റീഫണ്ടിന്റെ ഉത്തരവാദിത്തം എയര്‍ലൈനുകള്‍ക്കായിരിക്കും. കാരണം ഏജന്റുമാര്‍ അവരുടെ നിയുക്ത പ്രതിനിധികളാണ്.14 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ റീഫണ്ട് പ്രക്രിയ പൂര്‍ത്തിയാക്കുന്നുവെന്ന് എയര്‍ലൈനുകള്‍ ഉറപ്പാക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു. മെഡിക്കല്‍ എമര്‍ജന്‍സി മൂലം ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. കൃത്യസമയത്ത് റീഫണ്ട് ലഭിക്കാത്തതിനെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതികള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.
ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം 48 മണിക്കൂര്‍ സമയത്തേക്ക് യാത്രക്കാര്‍ക്ക് 'ലുക്ക്-ഇന്‍ ഓപ്ഷന്‍' നല്‍കാന്‍ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കാലയളവില്‍ ഒരു യാത്രക്കാരന് ടിക്കറ്റ് റദ്ദാക്കാനോ ഭേദഗതി വരുത്താനോ അധിക ചാര്‍ജുകളൊന്നും വേണ്ടിവരില്ല. ടിക്കറ്റ് ഭേദഗതി ചെയ്യുമ്പോള്‍ പുതിയ വിമാനത്തിന്റെ ടിക്കറ്റ് നിരക്ക് ആണ് ബാധകമാകുക. എന്നാല്‍ എയര്‍ലൈന്‍ വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആഭ്യന്തര വിമാന യാത്ര ഏഴു ദിവസത്തില്‍ താഴെയാണെങ്കില്‍ ഇതിന്റെ പ്രയോജനം ലഭിക്കില്ല. അന്താരാഷ്ട്ര വിമാന യാത്ര 15 ദിവസത്തില്‍ താഴെയാണെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
ബുക്കിങ് സമയത്തിന് 48 മണിക്കൂറിനപ്പുറം ഈ ഓപ്ഷന്‍ ലഭ്യമാകില്ല. ഭേദഗതിക്കായി യാത്രക്കാരന്‍ കാന്‍സലേഷന്‍ ഫീസ് നല്‍കേണ്ടിവരും. മെഡിക്കല്‍ എമര്‍ജന്‍സി കാരണം ടിക്കറ്റ് റദ്ദാക്കേണ്ടി വരുമ്പോള്‍ അതേ പിഎന്‍ആര്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന യാത്രക്കാരനോ കുടുംബാംഗമോ യാത്രാ കാലയളവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയാണെങ്കില്‍ വിമാന കമ്പനികളില്‍ നിന്ന് റീഫണ്ടിന് അര്‍ഹതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 'മറ്റെല്ലാ കാര്യങ്ങള്‍ക്കും' സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഒരു എയര്‍ലൈനിന്റെ എയ്റോസ്പേസ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റില്‍ നിന്നോ ഡിജിസിഎ എംപാനല്‍ ചെയ്ത എയ്റോസ്പേസ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റില്‍ നിന്നോ യാത്രക്കാരന്റെ യാത്രാ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് അഭിപ്രായം ലഭിച്ചുകഴിഞ്ഞാല്‍ റീഫണ്ട് നല്‍കും,'- പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates