

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇന്ത്യ മുന്നണി' നടത്താനൊരുങ്ങുന്ന മഹാറാലിയും സമരങ്ങളും അടിയന്തരമായി മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് വ്യാപാരികള്‍. നവംബര്‍ ഒന്നിനാണ് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം മഹാറാലി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ദീപാവലി പ്രമാണിച്ച് നവംബര്‍ 10 വരെ റാലിയും സമരങ്ങളുമൊക്കെ ഒഴിവാക്കണമെന്നാണ് ചേംബര്‍ ഓഫ് ട്രേഡ് ആന്റ് ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടത്.
നവംബര്‍ ആറിനാണ് ധന്‍തേരസ്. നവംബര്‍ എട്ടിനാണ് ദീപാവലി. ദീപാവലിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ ജനക്കൂട്ടവും ഗതാഗത നിയന്ത്രണങ്ങളും ബിസിനസിനെ ബാധിക്കുമെന്ന് വ്യാപാരികള്‍ ആശങ്കപ്പെടുന്നു. ദീപാവലിയോട് അനുബന്ധിച്ചുള്ള ധന്‍തേരസ് ദിനത്തില്‍ സാധാരണ 25000 കോടി രൂപയില്‍ കുറയാത്ത കച്ചവടം ഡല്‍ഹിയില്‍ നടക്കാറുണ്ടെന്നും രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ ചേംബര്‍ ഓഫ് ട്രേഡ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ബ്രിജേഷ് ഗോയല്‍ പറഞ്ഞു.
പുതുതായി സ്വര്‍ണം, വെള്ളി, ഗൃഹോപകരണങ്ങള്‍, വീട്, വാഹനം, വസ്ത്രം തുടങ്ങിയവ വാങ്ങാന്‍ ഏറ്റവും ഐശ്വര്യപൂര്‍ണമായ ദിനമെന്ന് ഹൈന്ദവ സമൂഹം വിശ്വസിക്കുന്നതാണ് ധന്‍തേരസ്. സ്വര്‍ണം, വെള്ളി, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, വസ്ത്രം, മധുരപലഹാരങ്ങള്‍, ഉണക്കപ്പഴങ്ങള്‍, വാഹനം, വീട്, ഭൂമി, ഉപഹാരങ്ങള്‍ എന്നി ഇനങ്ങളില്‍ ഇക്കുറിയും 25,000 കോടി രൂപയ്ക്കുമേല്‍ കച്ചവടം പ്രതീക്ഷിക്കുന്നുണ്ട്. റാലിയും സമരങ്ങളും വിപണിയെ ബാധിക്കുമെന്നും 10,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും ഗോയല്‍ പറഞ്ഞു. ഒക്ടോബറില്‍ ഇതുവരെ സമരങ്ങളും റാലികളും മൂലം 3000 കോടിയില്‍പ്പരം രൂപയുടെ നഷ്ടം വ്യാപാരികള്‍ക്കുണ്ടായെന്നും ഗോയല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates