

കൊച്ചി: സ്വന്തമായി ഒരു വീട് എന്നത് ഏതൊരാളുടെയും വലിയ സ്വപ്നമാണ്. സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഭവന വായ്പ എടുക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ ഭവന വായ്പ എടുക്കുമ്പോള്‍ കൃത്യമായ പ്ലാനിങ് ഇല്ലെങ്കില്‍ കുഴപ്പത്തില്‍ ചെന്നുചാടാനുള്ള സാധ്യതയുണ്ട്. ഭവനവായ്പ എടുക്കുന്നതിന് മുന്‍പ് സ്വന്തം സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കില്‍ മാത്രമേ ഭാവിയിലെ സാമ്പത്തിക പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ സാധിക്കൂ. വരുമാനത്തിലും സമ്പാദ്യത്തിലും വ്യക്തമായ അച്ചടക്കം പാലിച്ചുകൊണ്ട് ഒരു വീട് നിര്‍മിക്കുക എന്നതാണ് പ്രധാനം. ഭവനവായ്പ എടുക്കുമ്പോള്‍ വരുത്തുന്ന ചില സാധാരണ തെറ്റുകളെക്കുറിച്ചും അവ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചും വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അറിയാം.
വരുമാനവും ചെലവും
മാസവരുമാനത്തിന്റെ വലിയൊരു ഭാഗം ഇഎംഐ ആയി പോകുന്നത് സാമ്പത്തിക സമ്മര്‍ദമുണ്ടാക്കും. സാധാരണയായി മാസവരുമാനത്തിന്റെ 35 മുതല്‍ 40 ശതമാനത്തില്‍ കൂടുതല്‍ ഇഎംഐ വരാത്ത രീതിയില്‍ വേണം വായ്പ തുക നിശ്ചയിക്കാന്‍. വരും കാലത്തെ മറ്റ് ആവശ്യങ്ങള്‍ കൂടി പരിഗണിച്ചു വേണം തിരിച്ചടവ് കാലാവധി തെരഞ്ഞെടുക്കാന്‍.
റെറ (RERA) അംഗീകാരം പരിശോധിക്കുക
വാങ്ങുന്ന വസ്തു റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (RERA) അംഗീകാരമുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് നിര്‍മാണത്തിലെ കാലതാമസം ഒഴിവാക്കാനും നിയമപരമായ സുരക്ഷ ഉറപ്പാക്കാനും സഹായിക്കും. റെറ രജിസ്റ്റര്‍ ചെയ്യാത്ത പ്രോജക്റ്റുകളില്‍ നിക്ഷേപിക്കുന്നത് ഭാവിയില്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും.
ഒളിഞ്ഞിരിക്കുന്ന ചെലവുകള്‍ അറിഞ്ഞിരിക്കാം
വസ്തുവിന്റെ വില മാത്രം കണക്കിലെടുത്ത് വായ്പ എടുക്കരുത്. രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, ജിഎസ്ടി , വായ്പയുടെ പ്രോസസിങ് ഫീ തുടങ്ങിയ അധിക ചെലവുകള്‍ കൂടി മുന്‍കൂട്ടി കണക്കാക്കണം. ഇവ പലപ്പോഴും വസ്തുവിന്റെ ആകെ വിലയുടെ 10 മുതല്‍ 15 ശതമാനം വരെ ഉയര്‍ന്നേക്കാം.
പലിശ നിരക്ക് കുറയുന്നത് മാത്രം നോക്കരുത്
ഒരു ഭവന വായ്പ തെരഞ്ഞെടുക്കുന്നതിന് മുമ്പ് വിവിധ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കുകള്‍ താരതമ്യം ചെയ്യണം. എന്നാല്‍ കുറഞ്ഞ നിരക്ക് മാത്രം നോക്കി വായ്പ എടുക്കുകയും ചെയ്യരുത്. ഭവന വായ്പ എടുക്കുന്നതിന് മുമ്പ് ബാങ്കിന്റെ പ്രീ-പെയ്മെന്റ് ചാര്‍ജുകള്‍, ഫോര്‍ക്ലോഷര്‍ വ്യവസ്ഥകള്‍ എന്നിവ കൂടി പരിശോധിക്കണം. ഫ്‌ലോട്ടിംഗ് റേറ്റ് ആണോ ഫിക്‌സഡ് റേറ്റ് ആണോ ലാഭകരമെന്ന് സാമ്പത്തിക വിദഗ്ധനോട് ചോദിച്ചു മനസ്സിലാക്കുകയും വേണം. ഭവന നിര്‍മാണത്തിന് മുമ്പ് ഒരു സാമ്പത്തിക വിദഗ്ധന്റെ ഉപദേശം തേടുന്നത് നല്ലതാണ്.
ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുക
ഭവന വായ്പയെന്നല്ല ഏതൊരു വായ്പ എടുക്കുമ്പോഴും ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാണെങ്കില്‍ അത് സഹായകമാകും. മികച്ച പലിശ നിരക്കില്‍ വായ്പ ലഭിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്‌കോര്‍ (സിബില്‍ സ്‌കോര്‍) അത്യാവശ്യമാണ്. വായ്പക്ക് അപേക്ഷിക്കുന്നതിന് മുന്‍പ് തന്നെ നിലവിലുള്ള കുടിശികകള്‍ തീര്‍ക്കാനും ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താനും ശ്രദ്ധിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates