

ന്യൂഡല്‍ഹി: ലക്ഷക്കണക്കിന് പിഎഫ് വരിക്കാര്‍ക്ക് പ്രയോജനം ചെയ്യുന്ന സുപ്രധാന നിര്‍ദേശത്തിന് ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ അംഗീകാരം. ജോലിയില്‍ നിന്ന് വിരമിക്കുന്ന അംഗങ്ങള്‍ക്കായി നിര്‍ദേശിച്ച സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ (പിന്‍വലിക്കല്‍) പ്ലാനിന് ആണ് അംഗീകാരം നല്‍കിയത്. ഇതുവഴി വരിക്കാര്‍ക്ക് തങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് സമ്പാദ്യം ഒറ്റത്തവണയായി പിന്‍വലിക്കുന്നതിന് പകരം, ഒരു നിശ്ചിത കാലയളവിലേക്ക് ഗഡുക്കളായി പിന്‍വലിക്കാന്‍ സാധിക്കും.
നിലവില്‍ വിരമിച്ച് മൂന്ന് വര്‍ഷത്തിനകം അംഗങ്ങള്‍ തങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് തുക പൂര്‍ണമായും പിന്‍വലിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകുകയും വാര്‍ഷിക പലിശ ലഭിക്കുന്നത് നിലയ്ക്കുകയും ചെയ്യും. എന്നാല്‍ പുതിയ സംവിധാന പ്രകാരം, വിരമിച്ചവര്‍ക്ക് തങ്ങളുടെ പിഎഫ് സമ്പാദ്യത്തില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ വരുമാനം നേടാനും അതേസമയം ബാക്കി തുക ഇപിഎഫ് സംവിധാനത്തില്‍ തന്നെ നിക്ഷേപമായി നിലനിര്‍ത്താനും സാധിക്കും. പിന്‍വലിക്കാത്ത തുകയ്ക്ക് നിലവിലുള്ള ഇപിഎഫ് നിരക്കില്‍ പലിശ ലഭിക്കുന്നത് തുടരും. 55 വയസിന് മുകളിലുള്ളവരും തങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ അഞ്ചുലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ളവരുമായ ഏകദേശം 6.32 ലക്ഷം വരിക്കാര്‍ക്ക് ഈ തീരുമാനം ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
പണം പിന്‍വലിക്കാന്‍ മൂന്ന് രീതികള്‍
പിഎഫ് സമ്പാദ്യം ഘട്ടം ഘട്ടമായി പിന്‍വലിക്കാം
ഒരു ഭാഗം തുക ഒറ്റത്തവണയായി പിന്‍വലിക്കുകയും ബാക്കി തുക നിശ്ചിത ഇടവേളകളില്‍ ലഭിക്കുന്ന രീതിയില്‍ ക്രമീകരിക്കുകയും ചെയ്യാം
പ്രധാന നിക്ഷേപത്തുക മാറ്റമില്ലാതെ നിലനിര്‍ത്തിക്കൊണ്ട് തന്നെ അതില്‍ നിന്ന് ലഭിക്കുന്ന പലിശ മാത്രം പിന്‍വലിക്കാം
അംഗങ്ങള്‍ക്ക് ഈ പിന്‍വലിക്കല്‍ പദ്ധതി എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാനും ബാക്കിയുള്ള തുക പൂര്‍ണമായി പിന്‍വലിക്കാനും സാധിക്കും.
പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തി
സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാനിന് പുറമേ 55 വയസില്‍ താഴെയുള്ള അംഗങ്ങള്‍ക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് ബാലന്‍സില്‍ നിന്ന് 90 ശതമാനം വരെ പിന്‍വലിക്കാനും വ്യവസ്ഥയില്‍ മാറ്റം വരുത്തി. നേരത്തെ ഇത് 75 ശതമാനം മാത്രമായിരുന്നു. തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട ചില സാഹചര്യങ്ങളില്‍ പണം പിന്‍വലിക്കുന്നതിനുള്ള കാത്തിരിപ്പ് കാലയളവും ഇപിഎഫ്ഒ കുറച്ചിട്ടുണ്ട്. ഇനി മുതല്‍ 12 മാസം കാത്തിരിക്കുന്നതിന് പകരം രണ്ട് മാസത്തിന് ശേഷം തന്നെ അംഗങ്ങള്‍ക്ക് തങ്ങളുടെ പിഎഫ് സമ്പാദ്യത്തില്‍ നിന്ന പണം പിന്‍വലിക്കാവുന്നതാണ്. ചികിത്സ, വിദ്യാഭ്യാസം, വിവാഹം, ഭവന ആവശ്യങ്ങള്‍ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി ഈ പുതിയ വ്യവസ്ഥകള്‍ പ്രയോജനപ്പെടുത്താം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates