

മുംബൈ: തൊഴില്‍ ശക്തി ഔപചാരികമാക്കുന്നതിനും തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ കവറേജ് വര്‍ധിപ്പിക്കുന്നതിനുമായി എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം 2025ന് തുടക്കമിട്ട് കേന്ദ്രസര്‍ക്കാര്‍. 2025 നവംബര്‍ 1 മുതല്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത യോഗ്യരായ ജീവനക്കാരെ സ്വമേധയാ പ്രഖ്യാപിക്കാനും എന്റോള്‍ ചെയ്യാനും തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്.
മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാരെ ചേര്‍ക്കുമ്പോള്‍, പിഴയായി 100 രൂപ എന്ന നാമമാത്രമായ തുക മാത്രം അടച്ചാല്‍ മതിയാകും. ജീവനക്കാരുടെ വിഹിതം മുന്‍പ് ശമ്പളത്തില്‍ നിന്ന് പിടിച്ചിട്ടില്ലെങ്കില്‍ ആ തുക തൊഴിലുടമകള്‍ വീണ്ടും അടയ്ക്കേണ്ടതില്ല. തൊഴിലുടമയുടെ വിഹിതം മാത്രം നിശ്ചിത കാലയളവിനായി അടച്ചാല്‍ മതിയാകും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ) 73-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച്, കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ആണ് എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം 2025 ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്.
തൊഴില്‍ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍, കൂടുതല്‍ തൊഴിലാളികളെ ഔപചാരിക തൊഴില്‍ ശക്തിയിലേക്ക് കൊണ്ടുവരാനും തൊഴിലുടമകള്‍ക്ക് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഈ പദ്ധതി സഹായിക്കും. 2017 ജൂലൈ 1നും 2025 ഒക്ടോബര്‍ 31നും ഇടയില്‍ സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നവരും എന്നാല്‍ ഇപിഎഫ് സ്‌കീമില്‍ ചേരാത്തവരുമായ എല്ലാ ജീവനക്കാര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ പദ്ധതി പ്രയോജനപ്പെടുത്തുന്ന തൊഴിലുടമകള്‍ക്കെതിരെ, സ്ഥാപനത്തില്‍ നിന്ന് വിട്ടുപോയ ജീവനക്കാരുടെ കാര്യത്തില്‍, ഇപിഎഫ്ഒ സ്വമേധയാ നടപടി എടുക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates