

ന്യൂഡല്‍ഹി: ഇപിഎഫ് വേതന പരിധി 15,000ല്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്താന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി. പത്തുവര്‍ഷത്തിലേറെയായി മാറ്റമില്ലാതെ തുടര്‍ന്ന പരിധി ഉയര്‍ത്താനാണ് അംഗീകാരം നല്‍കിയത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ കൂടുതല്‍ ജീവനക്കാര്‍ നിര്‍ബന്ധിത പ്രോവിഡന്റ് ഫണ്ട്, പെന്‍ഷന്‍ പദ്ധതി എന്നിവയുടെ പരിധിയില്‍ വരും. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം മാത്രമേ ഇത് നടപ്പിലാക്കുന്ന തീയതി സംബന്ധിച്ച പ്രഖ്യാപനം വരികയുള്ളൂ.
ഇതുവരെ അടിസ്ഥാന ശമ്പളമായി പ്രതിമാസം 15000 രൂപ വരെ ലഭിച്ചിരുന്ന ജീവനക്കാര്‍ക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. വേതന പരിധി ഉയര്‍ത്തുന്നതോടെ 25000 രൂപ വരെ ശമ്പളമുള്ള ജീവനക്കാര്‍ക്കും പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍ പദ്ധതി എന്നിവയുടെ ആനുകൂല്യം ലഭിക്കും. ഇത് സര്‍ക്കാരിന്റെയും കമ്പനികളുടെയും സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കും. വേതനപരിധി ഉയരുന്നതോടെ സംഭാവനകളും ഉയരും. ഇത് ഉയര്‍ന്ന വിരമിക്കല്‍ കോര്‍പ്പസ് സാധ്യമാക്കും. ജീവനക്കാരനും തൊഴിലുടമയും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം സംഭാവന ചെയ്യേണ്ടതുണ്ട്. തൊഴിലുടമ നല്‍കുന്ന 12 ശതമാനം സംഭാവനയില്‍ 8.33 ശതമാനം പെന്‍ഷന്‍ പദ്ധതിയിലേക്കാണ് പോകുക.
കൂടുതല്‍ ജീവനക്കാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടി വരുന്നതിനാല്‍ കമ്പനികളുടെ പേറോള്‍ ചെലവ് ഉയരും. പെന്‍ഷന്‍ ഫണ്ടിലേക്കുള്ള സര്‍ക്കാര്‍ വിഹിതവും വര്‍ധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates