

ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളെ തുടര്‍ന്ന് ആഗോള വിപണി കലങ്ങിമറിഞ്ഞ് കിടക്കുകയാണ്. ഇതാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നത്. എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിച്ചാല്‍ നഷ്ടം ഉണ്ടാവില്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഫ്‌ലെക്‌സിബിലിറ്റി നല്‍കുന്ന ഫ്‌ലെക്‌സി ക്യാപ് ഫണ്ടുകള്‍ കൂടുതല്‍ ശ്രദ്ധ നേടുകയാണ്.
ഫ്‌ലെക്‌സി ക്യാപ് ഫണ്ട്
ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളില്‍ കൃത്യമായ നിക്ഷേപ അനുപാതം പാലിക്കണമെന്ന് നിബന്ധനയില്ലാത്തതിനാല്‍ ഫ്‌ലെക്‌സി ക്യാപ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജര്‍ക്ക് വിപണി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഓരോ വിഭാഗത്തിലും കൃത്യമായ നിക്ഷേപ അനുപാതം നിലനിര്‍ത്താതെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപ് കമ്പനികളില്‍ നിക്ഷേപം നടത്താന്‍ കഴിയുന്ന ഒരു ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടാണ് ഫ്‌ലെക്‌സി ക്യാപ് ഫണ്ട്.
ഈ വിഭാഗങ്ങള്‍ നിര്‍വചിച്ചിരിക്കുന്നത് വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു കമ്പനിയുടെ മൊത്തം വിപണി മൂല്യത്തെയാണ് ഇത് ആധാരമാക്കുന്നത്. സെബിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഫ്‌ലെക്‌സി ക്യാപ് ഫണ്ട് അതിന്റെ ആകെ ആസ്തിയുടെ കുറഞ്ഞത് 65 ശതമാനമെങ്കിലും കമ്പനികളുടെ ഓഹരികളിലോ ഓഹരിയുമായി ബന്ധപ്പെട്ട മറ്റു നിക്ഷേപ മാര്‍ഗങ്ങളിലോ നിക്ഷേപിച്ചിരിക്കണം. ഓരോറ്റ മാര്‍ക്ക് ക്യാപ് വിഭാഗത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം അവസരങ്ങളും റിസ്‌കുകളും വിലയിരുത്തി പോര്‍ട്ട്‌ഫോളിയോ ക്രമീകരിക്കാന്‍ ഫണ്ട് മാനേജരെ ഫ്‌ലെക്‌സി ക്യാപ് ഫണ്ടുകള്‍ അനുവദിക്കുന്നു. ഒരൊറ്റ പോര്‍ട്ടഫോളിയോയ്ക്കുള്ളില്‍ നിരവധി കമ്പനികളിലും സെക്ടറുകളിലും നിക്ഷേപം നടത്തുന്നതിലൂടെ വൈവിധ്യവല്‍ക്കരണം സാധ്യമാക്കാനും അതുവഴി കേന്ദ്രീകൃതമായുള്ള റിസ്‌ക് കുറയ്ക്കാനും ഈ ഫണ്ടുകള്‍ സഹായിച്ചേക്കാമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates