

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ്, ടെലിഗ്രാം എന്നിവ അടക്കമുള്ള പ്ലാറ്റ്ഫോമുകള്‍ക്ക് ഏര്‍പ്പെടുത്തിയ സിം-ബൈന്‍ഡിങ് ചട്ടം നടപ്പാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിച്ചേക്കും. നിര്‍ദ്ദേശം നടപ്പാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന കമ്പനികളുടെ ആവശ്യത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സിം ബൈന്‍ഡിംഗ് സമയപരിധി ഡിസംബര്‍ അവസാനം വരെ നീട്ടിയിട്ടുണ്ട്.
പ്ലാറ്റ്ഫോമുകളില്‍ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഉണ്ടെങ്കില്‍ മാത്രമെ ഇത്തരം മെസേജിങ് ആപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ എന്നതാണ് സിം ബൈന്‍ഡിങ് ചട്ടം. ഉപയോക്താവിന്റെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പ് ആക്ടീവ് സിം കാര്‍ഡുമായി നേരിട്ട് ബന്ധിപ്പിക്കണമെന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.
ഈ നിര്‍ദേശം പാലിക്കാത്ത പക്ഷം ടെലികോം, സൈബര്‍ സുരക്ഷാ നിയമങ്ങള്‍ പ്രകാരം കമ്പനികള്‍ നടപടി നേരിടേണ്ടിവരും. ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം. നിലവില്‍ മെസേജിങ് ആപ്പുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുന്ന വണ്‍-ടൈം പാസ്വേഡ് വഴിയാണ് ഉപയോക്താവ് ആരാണെന്ന് സ്ഥിരീകരിക്കുന്നത്. ഇതിനുശേഷം സിം നീക്കുകയോ മാറ്റുകയോ പ്രവര്‍ത്തനരഹിതമാക്കുകയോ ചെയ്താലും ആപ്പ് പ്രവര്‍ത്തിക്കും. വെബ് പതിപ്പുകള്‍ ഉപയോഗിക്കുന്നതിന് ഡിവൈസില്‍ സിം ആവശ്യമില്ല. ക്യുആര്‍ കോഡ് വഴിയോ വെബിലൂടെയുള്ള ഒടിപി സ്ഥിരീകരണം വഴിയോ പ്ലാറ്റ്ഫോം ലഭ്യമാകും. പുതിയ സിം-ബൈന്‍ഡിങ് ചട്ടങ്ങള്‍ പ്രകാരം ഇത് സാധ്യമാകില്ല. രജിസ്റ്റര്‍ ചെയ്ത സിം ഡിവൈസില്‍നിന്ന് നീക്കം ചെയ്താല്‍ ആപ്പ് പ്രവര്‍ത്തിക്കില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates