

ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ അടുത്ത കാലത്തായി പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ഇതിനു കാരണം മറ്റു നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ മികച്ച റിട്ടേണും സുരക്ഷയും തന്നെയാണ്. എന്നാല്‍ പോസ്റ്റ് ഓഫീസിന്റെ സാധാരണ നിക്ഷേപ പദ്ധതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു നിക്ഷേപ സ്‌കീമാണ് ഗ്രാമപ്രിയ സ്‌കീം.
ഈ പദ്ധതി ദീര്‍ഘകാല നിക്ഷേപകരെ ലക്ഷ്യമിട്ടുള്ളതാണ്. 10 വര്‍ഷത്തിനുള്ളില്‍ ഗണ്യമായ തുക നേടാന്‍ ഈ പദ്ധതി വഴിയൊരുക്കും. പോസ്റ്റ് ഓഫീസിന്റെ ഒരു മണിബാക്ക് ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഗ്രാമപ്രിയ. മണിബാക്ക് റൂറല്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് (ആര്‍പിഎല്‍ഐ) എന്നാണ് ഇത് അറിയപ്പെടുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് കവറും പീരിയോഡിക് റിട്ടേണും പദ്ധതി ഉറപ്പാക്കുന്നു.
10 വര്‍ഷത്തേയ്ക്ക് കുടുംബത്തിന് മൊത്തം ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ഗ്രാമപ്രിയ സ്‌കീം വഴി സാധിക്കും. എന്തെങ്കിലും അപ്രതീക്ഷിത സംഭവമുണ്ടായാല്‍ ഉടനടി പിന്തുണയും കിട്ടും. ഈ പദ്ധതി ഗ്രാമപ്രദേശങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. പദ്ധതിയില്‍ അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി 20 വയസാണ്. ഉയര്‍ന്ന പരിധി 45 വയസും.
ഏറ്റവും കുറഞ്ഞ സം അഷ്വേര്‍ഡ് 10,000 രൂപയാണ്. പരമാവധി തുക 10 ലക്ഷമാണ്. പ്രതിമാസമായി പ്രീമിയം അടയ്ക്കാം. ഉദാഹരണത്തിന്, 5 ലക്ഷം രൂപയുടെ കവര്‍ എടുക്കുന്നുവെന്നു കരുതുക. പ്രതിമാസ നിക്ഷേപം ഏകദേശം 5,068 രൂപയായിരിക്കും.
പദ്ധതി 10 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന പക്ഷം മികച്ച റിട്ടേണാണ് കാത്തിരിക്കുന്നത്. ഇവിടെ റിട്ടേണിനെ അതുല്യമാക്കുന്നത് ബോണസാണ്. സം അഷ്വേര്‍ഡ് ചെയ്ത ഓരോ ആയിരം രൂപയ്ക്കും 45-47 രൂപ വാര്‍ഷിക ബോണസ് പദ്ധതി വാഗ്ദാനം ചെയ്യുന്നു. 5 ലക്ഷം കവറിന് വാര്‍ഷിക ബോണസ് 22,500 രൂപയായിരിക്കും. അതായത് 10 വര്‍ഷത്തെ ആകെ ബോണസ് തുക 2,25,000 രൂപയായിരിക്കും.
ഇനി മറ്റൊരു ആകര്‍ഷണം പ്ലാന്‍ അഷ്വേര്‍ഡ് തുകകളാണ്. പദ്ധതിയുടെ 10 വര്‍ഷം കാലാവധിയെ മൂന്നായി തിരിക്കുന്നു. 4 വര്‍ഷം, 7 വര്‍ഷം, 10 വര്‍ഷം. 4 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സം അഷ്വേര്‍ഡിന്റെ 20%, അതായത് 1 ലക്ഷം രൂപ. 7 -ാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും ഇതു തന്നെ കിട്ടും. ഇനി 10 -ാം വര്‍ഷം അതായത് കാലാവധി പൂര്‍ത്തികരിക്കുമ്പോള്‍ സം അഷ്വേര്‍ഡിന്റെ 60 ശതമാനത്തിനൊപ്പം മൊത്തം ബോണസും കിട്ടും. അതായത് മൊത്തം കാലാവധിയില്‍ 7.25 ലക്ഷം രൂപ കൈയ്യിലിരിക്കും. ഈ ലഭിക്കുന്ന 7.25 ലക്ഷം രൂപ മറ്റൊരു സുരക്ഷിത നിക്ഷേപത്തിനുള്ള ഒറ്റത്തവണ കോര്‍പ്പസായി ഉപയോഗിക്കാവുന്നതാണ്. റെക്കറിങ് ഡെപ്പോസിറ്റുകള്‍ അല്ലെങ്കില്‍ പ്രതിമാസ വരുമാന പദ്ധതികള്‍ പരിഗണിക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates