

കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയിലെ ഏകദേശം 28,000 ജീവനക്കാര്‍ക്ക് ഇടയില്‍ ഇപ്പോഴും എന്താണ് സംഭവിച്ചത് എന്ന് അറിയാതെയുള്ള അമ്പരപ്പ് നിലനില്‍ക്കുകയാണ്. എട്ടുവര്‍ഷത്തിനിടെ ആദ്യമായി മാസ ശമ്പളം അതേമാസം തന്നെ ലഭിച്ചതാണ് ജീവനക്കാരുടെ അമ്പരപ്പിന് കാരണം.
ഏപ്രില്‍ മാസത്തെ ശമ്പളം മെയ് ആദ്യം പ്രതീക്ഷിക്കുമ്പോഴാണ് ആ മാസത്തെ അവസാന പ്രവൃത്തിദിവസം ശമ്പളം ക്രെഡിറ്റ് ആയത്. കഴിഞ്ഞ കുറെനാളുകളായി വൈകി ശമ്പളം വൈകുന്ന പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി കോര്‍പ്പറേഷനില്‍ നിന്നുണ്ടായ ഈ മാറ്റത്തെ സ്വാഗതാര്‍ഹമായ മാറ്റമായാണ് ജീവനക്കാര്‍ കാണുന്നത്. ചിലപ്പോള്‍ മുന്‍ മാസത്തെ ശമ്പളം പോലും ഗഡുക്കളായി ക്രെഡിറ്റ് ചെയ്യുന്ന സ്ഥിതിയില്‍ നിന്നാണ് ഈ മാറ്റം ഉണ്ടായത്. വാസ്തവത്തില്‍ ഇതിന് മുന്‍പത്തെ രണ്ടുമാസവും മാസത്തിന്റെ തുടക്കത്തില്‍ തന്നെ ശമ്പളം ക്രെഡിറ്റ് ചെയ്യുമെന്ന വാഗ്ദാനം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പാലിച്ചിട്ടുണ്ട്. മാര്‍ച്ച് നാലിന് ജീവനക്കാര്‍ക്ക് ഫെബ്രുവരിയിലെ മുഴുവന്‍ ശമ്പളവും ലഭിച്ചെങ്കില്‍ മന്ത്രി നല്‍കിയ വാഗ്ദാനം നിറവേറ്റിക്കൊണ്ട് കോര്‍പ്പറേഷന്‍ ഏപ്രില്‍ ഒന്നിന് മുഴുവന്‍ ശമ്പളവും വിതരണം ചെയ്തു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ഏപ്രിലിലെ അവസാന പ്രവൃത്തിദിനമായ 30ന് തന്നെ അതേമാസത്തെ ശമ്പളം നല്‍കിയാണ് കെഎസ്ആര്‍ടിസി ഞെട്ടിച്ചത്. ഇതിന് പുറമേ മുഴുവന്‍ ശമ്പളവും ഒറ്റ ഗഡുവായി വിതരണം ചെയ്യുന്ന തുടര്‍ച്ചയായ ഒമ്പതാം മാസവുമാണിത്. ഇതോടെ ഇത് എങ്ങനെ സാധിച്ചു എന്ന തരത്തില്‍ ചോദ്യങ്ങളും ഉയര്‍ത്തി.
ഏപ്രില്‍ 30ന് ശമ്പളവിതരണം നടപ്പാക്കാന്‍ സാധിച്ചത് എങ്ങനെ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 10.8 ശതമാനം പലിശയ്ക്ക് 100 കോടി രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് ഇത് സാധ്യമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമേ പ്രതിമാസ സര്‍ക്കാര്‍ ഗ്രാന്റായി ലഭിച്ച 50 കോടി രൂപയും വര്‍ദ്ധിച്ച വരുമാനവും ഇതിന് സഹായിച്ചതായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അവകാശപ്പെടുന്നു.
കളക്ഷന്‍ നിക്ഷേപിക്കുന്ന രീതിയിലും കോര്‍പ്പറേഷന്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് ഓവര്‍ഡ്രാഫ്റ്റ് ആയി ലഭിച്ച തുക തിരിച്ചടയ്ക്കുന്നതിന് സഹായകമായതായും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അവകാശപ്പെടുന്നു.''ഡിപ്പോകള്‍ ദിവസേനയുള്ള കളക്ഷന്‍ അടുത്ത ദിവസം രാവിലെ 11 മണിക്ക് എസ്ബിഐ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന പതിവ്. ഇപ്പോള്‍ ഇത് രണ്ടുതവണയാണ് ചെയ്യുന്നത് - ഉച്ചയ്ക്ക് 3 മണിക്കും (ഉച്ചവരെയുള്ള കളക്ഷന്‍) അടുത്ത ദിവസം രാവിലെ 11 മണിക്കും. ഇത് ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടിലേക്കാണ് പോകുന്നത്. ഇത് തുക തിരിച്ചടയ്ക്കാന്‍ സഹായിക്കുന്നു. എല്ലാ മാസവും 20-ാം തീയതിയോടെ ഓവര്‍ഡ്രാഫ്റ്റ് തിരിച്ചടയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിയും,''-കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നെടുത്ത (കെടിഡിഎഫ്സി) 625 കോടി രൂപയുടെ വായ്പറീഫിനാന്‍സ് ചെയ്യുന്നതിനായി കെഎസ്ആര്‍ടിസി കേരള ബാങ്കിന്റെ നേതൃത്വത്തില്‍ വായ്പാദാതാക്കളുടെ ഒരു കണ്‍സോര്‍ഷ്യത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഇത് പലിശയില്‍ പ്രതിമാസം കോടിക്കണക്കിന് ലാഭിക്കാനും സഹായകമായി. ഇത് ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭിക്കാനും സഹായിച്ചതായും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു
2024 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തികവര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയുടെ മൊത്തം പ്രവര്‍ത്തനലാഭം 3154 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം സമാനകാലയളവില്‍ ഇത് കേവലം 2142 കോടിയായിരുന്നു. ഏകദേശം ആയിരം കോടിയില്‍പ്പരം രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
ബജറ്റ് ടൂറിസം പദ്ധതിയാണ് കെഎസ്ആര്‍ടിയുടെ വരുമാനം വര്‍ധിക്കാനുള്ള ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ 1080 ട്രിപ്പുകളാണ് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ സംഘടിപ്പിച്ചത്. ഇത്രയും ട്രിപ്പുകള്‍ വഴി 62,971 യാത്രക്കാരാണ് സഞ്ചരിച്ചത്. 2024 ഏപ്രിലില്‍ 413 ട്രിപ്പുകള്‍ മാത്രം നടത്തിയിരുന്ന സ്ഥാനത്താണ് ഈ വര്‍ധന. കൂടാതെ 26,151 യാത്രക്കാര്‍ മാത്രമാണ് ആ മാസം ഈ ട്രിപ്പുകള്‍ വഴി യാത്ര ചെയ്തത്. 2023 ഏപ്രിലിലും 2022 ഏപ്രിലിലും യഥാക്രമം (588), (179) എന്നിങ്ങനെയാണ് സംഘടിപ്പിച്ച ട്രിപ്പുകള്‍. (27,093), (9,358) എന്നിങ്ങനെയാണ് ഈ മാസങ്ങളില്‍ യാത്ര ചെയ്ത യാത്രക്കാര്‍.
ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെയുള്ള മൂന്ന് മാസത്തെ കണക്ക് പരിശോധിച്ചാല്‍ 2025ലെ ആദ്യപാദത്തില്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ 4235 ട്രിപ്പുകളാണ് സംഘടിപ്പിച്ചത്. മൊത്തം രണ്ടുലക്ഷത്തില്‍പ്പരം യാത്രക്കാരാണ് ഈ മൂന്ന് മാസത്തിനിടെ ബജറ്റ് ടൂറിസം സെല്‍ വഴി യാത്ര ചെയ്തത്. 2024ല്‍ ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ ബജറ്റ് ടൂറിസം സെല്‍ 2123 ട്രിപ്പുകള്‍ മാത്രം സംഘടിപ്പിച്ച സ്ഥാനത്താണ് ഈ വര്‍ധന. 2024ലെ ആദ്യ മൂന്ന് മാസം ഒരു ലക്ഷത്തില്‍പ്പരം യാത്രക്കാര്‍ മാത്രമാണ് യാത്ര ചെയ്തത്. 2023ല്‍ 1744 ട്രിപ്പുകളിലായി 84,238 യാത്രക്കാരും 2022ല്‍ 1241 ട്രിപ്പുകളിലായി 90,919 യാത്രക്കാരും ബജറ്റ് ടൂറിസം സെല്‍ വഴി യാത്ര ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
