

മുംബൈ: പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത് ഇഷ്യു വിലയേക്കാള്‍ താഴ്ന്ന നിലവാരത്തില്‍. 1.32 ശതമാനം ഡിസ്‌കൗണ്ടോടെ ഓഹരി ഒന്നിന് 1934 എന്ന നിരക്കിലാണ് കമ്പനി ലിസ്റ്റ് ചെയ്തത്. ഐപിഒയില്‍ 1960 രൂപയായിരുന്നു ഇഷ്യു വില.
വിപണിയില്‍ ലിസ്റ്റ് ചെയ്തതോടെ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ രാജ്യത്തെ അഞ്ചാമത്തെ മൂല്യമേറിയ വാഹനനിര്‍മ്മാതാക്കളായി മാറി. 1.59 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് കമ്പനിയുടെ വിപണി മൂല്യം. വാഹനനിര്‍മ്മാതാക്കളില്‍ വിപണി മൂല്യത്തില്‍ മുന്‍പന്തിയില്‍ മാരുതി സുസുക്കിയാണ്. 3.83 ലക്ഷം കോടി രൂപയാണ് മാരുതി സുസുക്കിയുടെ വിപണി മൂല്യം. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ മോട്ടേഴ്‌സ്, ബജാജ് ഓട്ടോ എന്നിവയാണ് തൊട്ടുപിന്നില്‍.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ ഉപസ്ഥാപനമായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഐപിഒയുടെ തുടക്കത്തില്‍ തണുത്ത പ്രതികരണമായിരുന്നു. എന്നാല്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സില്‍ നിന്നുള്ള ശക്തമായ ഡിമാന്‍ഡ് വഴിയാണ് ഐപിഒയ്ക്ക് ജീവന്‍ വച്ചത്. ക്യുഐബി വിഭാഗം ഏകദേശം 700 ശതമാനം അല്ലെങ്കില്‍ 6.97 മടങ്ങ് അധികമായാണ് ഓഹരികള്‍ക്ക് അപേക്ഷിച്ചത്.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ, അതിന്റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തിലും (ജിഎംപി) കാര്യമായ ചാഞ്ചാട്ടമാണ് നേരിട്ടത്. ജിഎംപി ട്രെന്‍ഡുകള്‍ ട്രാക്കുചെയ്യുന്ന പ്ലാറ്റ്ഫോമുകള്‍ അനുസരിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഓഹരികളുടെ പ്രീമിയം കഴിഞ്ഞയാഴ്ച കുത്തനെ ഇടിയുന്നതാണ് കണ്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
