

ഏറെ പ്രശസ്തമായ തൊഴിലാളി-സഹകരണ സംഘമായ ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് ഇനി അവരുടെ ബ്രാൻഡഡ് ചായ കുടിക്കാം. കണ്ണൂർ ആസ്ഥാനമായ ഇന്ത്യൻ കോഫി ഹൗസാണ് ആദ്യത്തെ ബ്രാൻഡഡ് ചായ പുറത്തിറക്കിയത്. വയനാട്ടിലെ സർക്കാർ ഉടമസ്ഥതയിലുള്ള പ്രിയദർശിനി തേയില തോട്ടത്തിൽ നിന്നള്ള തേയിലയിൽ നിന്നാണ് ഇന്ത്യൻ കോഫി ഹൗസ് ചായപ്പൊടി (Indian Coffee House Tea)ഉൽപ്പാദിപ്പിക്കുന്നത്. തേയില വിപണനം പട്ടികജാതി, പട്ടികവർഗ, ഒബിസി ക്ഷേമ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു.
"ഈ നീക്കം ഞങ്ങളുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമാണ്. ഞങ്ങളുടെ കാപ്പിപ്പൊടി, കുപ്പിവെള്ള ബ്രാൻഡുകളുടെ വിജയത്തെത്തുടർന്ന്, ചായയിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ബിസിനസ് സംരംഭം മാത്രമല്ല, പ്രിയദർശിനി ടീ എസ്റ്റേറ്റിലെ തേയിലയ്ക്ക് വിശാലമായ വിപണി കണ്ടെത്താനുള്ള മാർഗം കൂടിയാണിത്," ഇന്ത്യൻ കോഫി വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ബാലകൃഷ്ണൻ എൻ പറഞ്ഞു.
എല്ലാ ഇന്ത്യൻ കോഫി ഹൗസ് ശാഖകളിലും ഈ തേയിലപ്പൊടി ഉപയോഗിച്ചായിരിക്കും ചായ തയ്യാറാക്കുക. "ഉപഭോക്താക്കൾക്ക് വാങ്ങാൻ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഞങ്ങളുടെ റെസ്റ്റോറന്റുകളിൽ ചായ രുചിക്കാൻ അവസരം ലഭിക്കും. ഞങ്ങളുടെ കോഫി ബ്രാൻഡിന് വലിയ സ്വീകാര്യത ലഭിച്ചതുപോലെ, ഞങ്ങളുടെ ബ്രാൻഡഡ് ചായയ്ക്കും സമാനമായ പ്രതികരണം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ബാലകൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു. വ്യത്യസ്ത അളവിലുള്ള പാക്കറ്റുകൾ പുറത്തിറക്കുന്നതും സൂപ്പർമാർക്കറ്റുകളിൽ ഉൽപ്പന്നം ലഭ്യമാക്കുന്നതും ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
വയനാട്ടിലെ ആദിവാസി പുനരധിവാസ പദ്ധതിയായി ആദ്യം സ്ഥാപിച്ച പ്രിയദർശിനി ടീ എസ്റ്റേറ്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തേയില ബ്രാൻഡ് പുറത്തിറക്കുന്നത്.
ആദ്യ ഘട്ടത്തിൽ, സഹകരണ സംഘം 65 രൂപ വിലയുള്ള 250 ഗ്രാം പാക്കറ്റുകൾ ഇന്ത്യൻ കോഫി ഹൗസുകൾ വഴിയായിരിക്കും വിപണനം നടത്തുക.
543 ഏക്കർ വിസ്തൃതിയുള്ള പ്രിയദർശിനി എസ്റ്റേറ്റിൽ 305 ഏക്കർ തേയില കൃഷിക്കായി നീക്കിവച്ചിരിക്കുന്നു. സിടിസി തേയില ഉത്പാദിപ്പിക്കുന്ന തേയില ഫാക്ടറി 2005 ൽ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അടച്ചുപൂട്ടിയെങ്കിലും, 2007 ൽ പുതിയ മാനേജ്‌മെന്റിന് കീഴിൽ എസ്റ്റേറ്റ് പുനരുജ്ജീവിപ്പിച്ചു. അതിനുശേഷം ഈ പ്രദേശം ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറുകയും ചെയ്തു.
മുമ്പ് സന്ദർശകർക്ക് എസ്റ്റേറ്റിൽ നിന്ന് നേരിട്ട് തേയില ഉൽപ്പന്നങ്ങൾ വാങ്ങാമായിരുന്നു, ഈ പുതിയ സംരംഭം പ്രിയദർശിനി എസ്റ്റേറ്റിലെ തേയില വിപണിയിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് 1940 കളിൽ കോഫി ബോർഡ് 'ഇന്ത്യ കോഫി ഹൗസ്' ആരംഭിച്ചു. 1950 കളുടെ മധ്യത്തിൽ ബോർഡ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി നിരവധി കോഫി ഹൗസുകൾ അടച്ചുപൂട്ടി. ജീവനക്കാരെ പിരിച്ചുവിടാൻ ബോർഡ് തീരുമാനിച്ചു. ധാരാളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു.
ഇതേതുടർന്ന്, കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന എ കെ ജി എന്ന എ കെ ഗോപാലൻ ഇന്ത്യയിലുടനീളമുള്ള കോഫി ബോർഡ് ജീവനക്കാരുടെയും സംഘടിത സൊസൈറ്റികളുടെയും നേതൃത്വം ഏറ്റെടുത്തു. "ഇന്ത്യ കോഫി ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി" രൂപീകരിച്ചു. പിരിച്ചുവിട്ട നിരവധി കോഫി ബോർഡ് ജീവനക്കാർ സൊസൈറ്റിയുടെ രൂപീകരണത്തിനായി അവരുടെ ജീവിതവും അധ്വാനവും നൽകി
ബെംഗ്ലൂരുവിൽ 1957 ഓഗസ്റ്റിൽ ആദ്യത്തെ സൊസൈറ്റി രൂപീകരിച്ചു. 1957 ഡിസംബർ 27 ന് ഡൽഹിയിൽ ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് തുറന്നു. ക്രമേണ, ഇന്ത്യൻ കോഫി ഹൗസ് ശൃംഖല രാജ്യമെമ്പാടും വികസിച്ചു, 1958 അവസാനത്തോടെ പോണ്ടിച്ചേരി, തൃശൂർ, ലഖ്‌നൗ, നാഗ്പൂർ, ജബൽപൂർ, മുംബൈ, കൊൽക്കത്ത, തലശ്ശേരി, പൂനെ എന്നിവിടങ്ങളിൽ ശാഖകൾ ആരംഭിച്ചു. കേരളത്തിൽ രണ്ട് സൊസൈറ്റികൾ (പഴയ മലബാറിലും തിരുവിതാംകൂർ-കൊച്ചി ) രൂപീകരിച്ചു.
തൃശൂരിൽ1958 ഫെബ്രുവരി 10-ന് രജിസ്റ്റർ ചെയ്ത ആദ്യത്തെ തൃശൂർ സൊസൈറ്റി. 1958 മാർച്ച് എട്ടിന് തൃശൂരിൽ ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് തുറന്നു. രാജ്യത്തെ നാലാമത്തെ കോഫി ഹൗസും ഇതായിരുന്നു. തൃശൂർ സൊസൈറ്റി ആരംഭിച്ച ഈ കോഫി ഹൗസ്, എ കെ ജിയാണ് ഉദ്ഘാടനം ചെയ്തത്. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയാണ് സൊസൈറ്റിയുടെ അധികാരപരിധി. 1958-ൽ സ്ഥാപിതമായ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് അഡ്വ. ടി.കെ. കൃഷ്ണനും സെക്രട്ടറി എൻ.എസ്. പരമേശ്വരൻ പിള്ളയുമായിരുന്നു. തൃശ്ശൂരിന്റെ നിയന്ത്രണത്തിൽ തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരം വരെയുള്ള ശാഖകൾ പ്രവർത്തിക്കുന്നു. തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലാണ് ഈ സൊസൈറ്റി രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മദ്രാസ് സഹകരണ സൊസൈറ്റി ആക്ട് പ്രകാരം അഡ്വ.എ.വി.കെ.നായരുടെ അധ്യക്ഷതയിൽ 1958 ജൂലൈ 2-ന് പാലക്കാട് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ സൊസൈറ്റിയാണിത്. ആദ്യ ഡയറക്ടർ ബോർഡിൽ .ടി.പി.രാഘവൻ സെക്രട്ടറി, എൻ.എസ്.പരമേശ്വരൻ പിള്ള, ടി.കെ.കൃഷ്ണൻ.എം.എൽ.എ, മാണിക്കൻ നായർ, എം.കേളു, എൻ.കുമാരൻ തുടങ്ങിയവർ ഉൾപ്പെടുന്നു. ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് 1958 ഓഗസ്റ്റ് ഏഴിന് തലശ്ശേരിയിലാണ് ആരംഭിച്ചത്. മലബാർ സൊസൈറ്റി രൂപീകരിച്ച സമയത്ത് 11 ജീവനക്കാരും 16 അംഗങ്ങളുമുണ്ട്. ബൈലോ ഭേദഗതിക്ക് ശേഷം രജിസ്റ്റർ ചെയ്ത ഓഫീസ് പാലക്കാടും പിന്നെ തലശ്ശേരിയിലേക്കും പിന്നീട് കണ്ണൂരിലേക്കും മാറ്റി. 1969-ലെ കേരള സഹകരണ സൊസൈറ്റി ആക്ടിൽ, മലബാർ സൊസൈറ്റി തിരുവനന്തപുരത്തെ സഹകരണ സംഘങ്ങളുടെ രജിസ്ട്രാറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഈ സൊസൈറ്റിക്ക് കീഴിൽ കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ശാഖകൾ പ്രവർത്തിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates