

മഴക്കാലമാണ്, നനഞ്ഞു തണുത്തിരിക്കുമ്പോള്‍ കുപ്പിഗ്ലാസില്‍ ആവി പാറുന്ന ചായ കാണുന്നത് തന്നെ ഒരു ആശ്വാസമാണ്. മെയ് 21നായിരുന്ന രാജ്യാന്തര ചായ ദിനം. കാമെലിയ സിനെൻസിസ് (തേയില) എന്ന ചെടിയുടെ ഇലകളാണ് ചായ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇതില്‍ അടങ്ങിയ എന്‍സൈം ഓക്സിഡസ് ചെയ്യുമ്പോഴാണ് ചായയ്ക്ക് തവിട്ട് നിറം ലഭിക്കുന്നത്.
ചൈനയില്‍ ഉത്ഭവിച്ചുവെന്ന് കരുതുന്ന ചായ ഇന്ത്യയില്‍ എത്തുന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്. ഇന്ന് പല വെറൈറ്റിയിലുള്ള ചായകള്‍ ഇവിടെ സുലഭമാണ്. മാനസിനുണ്ടാക്കുന്ന ആശ്വാസത്തിന് പുറമേ, നിരവധി ആരോഗ്യ ഗുണങ്ങളും ചായയ്ക്ക് ഉണ്ട്. ഇതില്‍ അടങ്ങിയ ആന്‍റിഓക്സിഡന്‍റുകള്‍ ഫ്രീറാഡിക്കലുകളോട് പൊരുതി കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.
ചായയെ മോശമാക്കുന്ന മൂന്ന് ഘടകങ്ങള്‍
മടുപ്പിനും തിരക്കിനുമിടയില്‍ ഒരു എനര്‍ജിബൂസ്റ്റര്‍ കൂടിയാണ് ചായ. ചായ കൊള്ളില്ലെങ്കില്‍ ഉള്ള ഊര്‍ജ്ജം കൂടി നഷ്ടപ്പെടും. മൂന്നേമൂന്ന് കാര്യങ്ങളാണ് ഒരു നല്ല ചായ ഉണ്ടാക്കാനുള്ള അടിസ്ഥാന ഘടകങ്ങള്‍.
വെള്ളത്തിന്‍റെ താപനില
തേയിലയുടെ അളവ്
തിളപ്പിക്കാന്‍ എടുക്കുന്ന സമയം
ചായ കുടിക്കുമ്പോള്‍ കയ്പ്പും കവര്‍പ്പും രുചിക്കാറില്ലേ? അതിന് കാരണം ഈ മൂന്ന് ഘടകങ്ങളുടെയും കണക്ക് ശരിയാകാത്തതു കൊണ്ടാണെന്ന് വിദഗ്ധര്‍ പറയുന്നു.
കണക്ക് ശ്രദ്ധിക്കണം
കട്ടന്‍ചായ ഉണ്ടാക്കാന്‍ വെള്ളത്തിന് 90 മുതല്‍ 95 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉണ്ടാകണമെന്നാണ് കണക്ക്. എന്നാല്‍ ഗ്രീന്‍ ടീക്ക് 70 മുതല്‍ 75 ഡിഗ്രി സെല്‍ഷ്യസ് വരെ മതി. തേയിലയുടെ അളവിലുമുണ്ട് ഒരു കണക്ക്. ഒരു കപ്പ് വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ തേയില എന്നതാണ് കണക്ക്. ചായ കുറച്ചു കടുപ്പത്തില്‍ വേണമെങ്കില്‍ തേയില അല്‍പം കൂടുതല്‍ ഇടാം. പാല്‍ ചേര്‍ക്കുന്നുണ്ടെങ്കില്‍ അധികമായി അര ടേബിള്‍സ്പൂണ്‍ തേയില കൂടി ചേര്‍ക്കണം. അതല്ല, ഐസ്ഡ് ടീ ആണ് ഉണ്ടാക്കുന്നതെങ്കില്‍ ചേര്‍ക്കുന്ന തേയിലയുടെ അളവും ഇരട്ടിപ്പിക്കണം. അതാണ് രണ്ട് ടേബിള്‍ സ്പൂണ്‍ തേയില.
തിളപ്പിക്കാന്‍ എടുക്കുന്ന സമയം
തേയില ഇട്ടശേഷം കട്ടന്‍ചായയ്ക്ക് ഏതാണ്ട് മൂന്ന് മിനിറ്റ് മുതല്‍ അഞ്ച് മിനിറ്റ് വരെ തിളപ്പിക്കാം. ഗ്രീന്‍ ടീയ്ക്ക് രണ്ട് മുതല്‍ മൂന്ന് മിനിറ്റ് നേരം മതിയാകും. ഹെര്‍ബര്‍ ചായകള്‍ക്ക് നാലു മുതല്‍ ആറ് മിനിറ്റ് വരെ തിളപ്പിക്കാം.
പാല്‍ ചേര്‍ക്കേണ്ട സമയം
വെള്ളം തിളച്ച് തേയില ഇട്ട ശേഷം പാല്‍ ചേര്‍ക്കുന്നതാണ് നല്ലത്. പാല്‍ ചേര്‍ക്കുന്നതിന് മുന്‍പ് ചെറുതായി ഒന്നു ചൂടാക്കുന്നത് അവയില്‍ അടങ്ങിയ പ്രോട്ടീന്‍റെ ഘടനയില്‍ മാറ്റം വരുത്തുന്നത് തടയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
