

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ മൂന്ന് പ്രധാന മാറ്റങ്ങളാണ് റെയില്‍വേ നടപ്പാക്കാന്‍ പോകുന്നത്. തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള പുതിയ നടപടിക്രമം, റിസര്‍വേഷന്‍ ചാര്‍ട്ട് എട്ടു മണിക്കൂര്‍ മുന്‍പ് തയ്യാറാക്കല്‍, പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തിന്റെ മൊത്തത്തിലുള്ള നവീകരണം എന്നിവയാണ് പുതിയ പരിഷ്‌കാരം. യാത്രക്കാര്‍ക്ക് അവരുടെ ട്രെയിന്‍ യാത്രയിലുടനീളം സുഗമവും സുഖകരവുമായ യാത്ര ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്‌കാരമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ട്രെയിന്‍ ചാര്‍ട്ട് തയ്യാറാക്കല്‍ 8 മണിക്കൂര്‍ മുമ്പ്
ട്രെയിന്‍ പുറപ്പെടുന്നതിന് എട്ടു മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കാന്‍ തീരുമാനിച്ചതായി റെയില്‍വേ. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കാനാണ് മാറ്റം. ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പരിഷ്‌കാരങ്ങളുടെ പുരോഗതി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തതിനു ശേഷമാണ് പുതിയ തീരുമാനം.
നിലവില്‍ ട്രെയിന്‍ പുറപ്പെടുന്നതിനു നാലു മണിക്കൂര്‍ മുന്‍പാണ് റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നത്. ഇത് പലപ്പോഴും യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് സമീപ പ്രദേശങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് എട്ട് മണിക്കൂര്‍ മുമ്പ് ചാര്‍ട്ടുകള്‍ തയ്യാറാക്കാന്‍ റെയില്‍വേ ബോര്‍ഡ് ആണ് നിര്‍ദ്ദേശിച്ചത്. പുതിയ തീരുമാനപ്രകാരം, ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പു പുറപ്പെടുന്ന ട്രെയിനുകള്‍ക്ക്, റിസര്‍വേഷന്‍ ചാര്‍ട്ട് തലേന്ന് രാത്രി 9 മണിക്ക് തയ്യാറാക്കും.
ദീര്‍ഘദൂര ട്രെയിനുകളില്‍ കയറാന്‍ പദ്ധതിയിടുന്ന വിദൂര പ്രദേശങ്ങളില്‍ നിന്നോ നഗരപ്രാന്തങ്ങളില്‍ നിന്നോ ഉള്ള യാത്രക്കാരെ ഈ മാറ്റം പ്രത്യേകിച്ചും സഹായിക്കും. കൂടാതെ, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ കണ്‍ഫോം ആവാത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ ക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മതിയായ സമയം ലഭിക്കും.
തത്കാല്‍ ടിക്കറ്റ് ബുക്കിങ് പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രം
ജൂലൈ 1 മുതല്‍, വെരിഫൈ ചെയ്ത ഉപയോക്താക്കള്‍ക്ക് മാത്രമേ ഐആര്‍സിടിസി വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവാദമുള്ളൂ എന്ന് ഇന്ത്യന്‍ റെയില്‍വേ പ്രഖ്യാപിച്ചു. കൂടാതെ, തത്കാല്‍ ബുക്കിങ്ങുകള്‍ക്കായി ഒടിപി അടിസ്ഥാനമാക്കിയുള്ള ഓതന്റിക്കേഷന്‍ നടപ്പിലാക്കുന്നത് ജൂലൈ അവസാനം മുതല്‍ ആരംഭിക്കും.
തത്കാല്‍ ടിക്കറ്റുകള്‍ക്കുള്ള ഓതന്റിക്കേഷന്‍ പ്രക്രിയ വിപുലീകരിക്കാന്‍ റെയില്‍വേ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആധാര്‍ അല്ലെങ്കില്‍ ഡിജിലോക്കര്‍ അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റു വാലിഡ് ആയിട്ടുള്ള സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടതുണ്ട്.
ജൂലൈ 1 മുതല്‍ ആധാര്‍ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയൂ എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിജിലോക്കറില്‍ രേഖകള്‍ ഉള്‍പ്പെടുത്തുന്നതിനായി അതിന്റെ വ്യാപ്തി ഇപ്പോള്‍ വിപുലീകരിച്ചിരിക്കുകയാണ്.
ഡിസംബറോടെ പുതിയ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം
നിലവില്‍ കൈകാര്യം ചെയ്യുന്ന ടിക്കറ്റിന്റെ പത്തിരട്ടി കൈകാര്യം ചെയ്യാന്‍ കഴിവുള്ള മെച്ചപ്പെടുത്തിയ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം ഒരുക്കുകയാണ് ലക്ഷ്യം. പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം പരിഷ്‌കരിക്കുന്നതിന്റെ പുരോഗതി റെയില്‍വേ മന്ത്രി വിലയിരുത്തി. ഇത് മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങ്ങുകള്‍ അനുവദിക്കുന്ന തരത്തിലാണ് പരിഷ്‌കരിക്കുന്നത്. നിലവില്‍ ഇത് 32,000 ആണ്. എന്‍ക്വയറി പ്രോസസ്സിംഗ് ശേഷി പത്തിരട്ടി വര്‍ധിപ്പിക്കും. മിനിറ്റില്‍ നാലു ലക്ഷത്തില്‍ നിന്ന് 40 ലക്ഷത്തിലേക്കാണ് ശേഷി വര്‍ധിപ്പിക്കാന്‍ പോകുന്നത്. ബുക്കിങ്ങുകള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ഒന്നിലധികം ഭാഷകളെ പിന്തുണയ്ക്കുന്ന ഒരു ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസ് അപ്ഗ്രേഡ് ചെയ്ത പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ ഉണ്ട്.
Indian Railways is planning to gradually roll out three key changes to its passenger reservation system
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
