

ന്യൂഡല്‍ഹി: മേയില്‍ ഇന്ത്യയുടെ ജിഎസ്ടി വരുമാനം 1.94 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 3.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിയില്‍ നിന്നുള്ള നികുതി വരുമാനത്തിലെ വര്‍ധനയാണ് ജിഎസ്ടി കളക്ഷന്‍ ഉയര്‍ന്നതിന്റെ പ്രധാന കാരണം.
റീഫണ്ടുകള്‍ കിഴിച്ച ശേഷമുള്ള നെറ്റ് ജിഎസ്ടി വരുമാനം 1.66 ലക്ഷം കോടി രൂപയായി. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.3 ശതമാനം കൂടുതലാണ്. മേയ് മാസത്തില്‍ സര്‍ക്കാര്‍ നല്‍കിയ ആകെ റീഫണ്ടുകള്‍ 27,281 കോടിയായിരുന്നു. ഇന്റഗ്രേറ്റഡ് ജിഎസ്ടി -1,11,644 കോടി, സെന്‍ട്രല്‍ ജിഎസ്ടി -37,397 കോടി, സ്റ്റേറ്റ് ജിഎസ്ടി -45,143 കോടി എന്നിങ്ങനെയാണ് കഴിഞ്ഞ മാസത്തെ വരുമാനം.
അതേസമയം, ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള ജിഎസ്ടി വരുമാനം 2.6 ശതമാനം കുറഞ്ഞ് 1,34,530 കോടി രൂപയായി. എന്നാല്‍ ഇറക്കുമതികളില്‍ നിന്നുള്ള ജിഎസ്ടി വരുമാനം 19.1 ശതമാനം ഉയര്‍ന്ന് 59,654 കോടിയിലെത്തി.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റൊരു പ്രത്യേകതയുമുണ്ട്. 2025 മേയില്‍ ടെലികോം സ്‌പെക്ട്രം അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഒരു കമ്പനി ഏകദേശം 10,000 കോടി രൂപയുടെ ഒറ്റത്തവണ നികുതി അടച്ചിരുന്നു. ഈ ഘടകം ഒഴിവാക്കി കണക്കാക്കിയാല്‍, 2026 മേയ് മാസത്തിലെ ഗ്രോസ് ജിഎസ്ടി വരുമാന വളര്‍ച്ച യഥാര്‍ത്ഥത്തില്‍ 9 ശതമാനവും നെറ്റ് വരുമാന വളര്‍ച്ച 10.1 ശതമാനവുമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് മാസങ്ങളായ ഏപ്രില്‍-മേയ് കാലയളവില്‍ രാജ്യത്തിന്റെ ആകെ ജിഎസ്ടി സമാഹരണം 4.36 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 4.11 ലക്ഷം കോടിയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്. 6.2 ശതമാനത്തിന്റെ വര്‍ധനയാണ് ഇത് സൂചിപ്പിക്കുന്നത്.
രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സ്ഥിരത പുലര്‍ത്തുന്നുണ്ടെങ്കിലും ആഭ്യന്തര ഉപഭോഗ വളര്‍ച്ച മന്ദഗതിയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഇറക്കുമതി കൂടിയത് ജിഎസ്ടി വരുമാനത്തില്‍ വര്‍ധനയായി പ്രതിഫലിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates