

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ലിങ്ക് ഉള്‍പ്പെടെയുള്ള ആഗോള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി നേരിട്ടുള്ള മത്സരത്തിന് ഒരുങ്ങി റിലയന്‍സ് ജിയോ. ഇന്ത്യയ്ക്കായി ഒരു ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റലൈറ്റ് (എല്‍ഇഒ) കോണ്‍സ്റ്റലേഷന്‍ (ഉപഗ്രഹ ശൃംഖല) വികസിപ്പിച്ച് ഉപഗ്രഹ വാര്‍ത്താവിനിമയ രംഗത്തേക്ക് പ്രവേശിക്കാനുള്ള പദ്ധതികള്‍ ജിയോ പ്രഖ്യാപിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 49-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെ, കമ്പനി സ്വന്തമായി എല്‍ഇഒ ഉപഗ്രഹ ശൃംഖല വികസിപ്പിക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും മുന്‍നിര ആഗോള ഉപഗ്രഹ ഓപ്പറേറ്റര്‍മാരുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുമെന്നും റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു. നിലവില്‍ വരിക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററും ലോകത്തിലെ തന്നെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളിലൊന്നുമാണ് ജിയോ.
'ഭൂമിയില്‍ ജിയോ ഇന്ത്യയെ പരസ്പരം ബന്ധിപ്പിച്ചു. ഇനി നമ്മള്‍ ഇന്ത്യയെ ആകാശത്തുനിന്ന് ബന്ധിപ്പിക്കണം. ജിയോ നെറ്റ്വര്‍ക്കിന് നേരിട്ടെത്താന്‍ കഴിയാത്ത വിദൂര ഗ്രാമങ്ങളും ദ്വീപുകളും അതിര്‍ത്തി ഔട്ട്പോസ്റ്റുകളും ഇപ്പോഴുമുണ്ട്. അവര്‍ക്ക് ഉപഗ്രഹ കണക്റ്റിവിറ്റി ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായുള്ള ഒരു പാലമായി മാറും,'- ആകാശ് അംബാനി പറഞ്ഞു.
ബഹിരാകാശത്തെ ഉപഗ്രഹങ്ങളും ഭൂമിയിലെ ഉപയോക്താക്കളും തമ്മിലുള്ള ലിങ്കുകളായി പ്രവര്‍ത്തിക്കുന്ന സ്വന്തം ഗ്രൗണ്ട് സ്റ്റേഷനുകളും ജിയോ ഇന്ത്യയില്‍ സ്ഥാപിക്കുന്നുണ്ട്. ഈ സ്റ്റേഷനുകള്‍ ജിയോയുടെ ആഗോള പങ്കാളികള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉപഗ്രഹ നെറ്റ്വര്‍ക്കുകളെയും ഭാവിയില്‍ ജിയോ തന്നെ വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളെയും പിന്തുണയ്ക്കും.
ഭൂമിയില്‍ നിന്ന് സാധാരണയായി 160 കിലോമീറ്ററിനും 2,000 കിലോമീറ്ററിനും ഇടയിലുള്ള വളരെ അടുത്ത ദൂരത്തിലാണ് എല്‍ഇഒ ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭൂമിയോട് അടുത്തായതിനാല്‍, പരമ്പരാഗത ആശയവിനിമയ ഉപഗ്രഹങ്ങളേക്കാള്‍ വേഗതയേറിയ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ഇതിന് സാധിക്കും. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് ഇവ ഏറെ പ്രയോജനം ചെയ്യും.
നിലവില്‍ ആഗോള സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് വിപണിയില്‍ സ്റ്റാര്‍ലിങ്കാണ് മുന്‍പന്തിയില്‍. സ്റ്റാര്‍ലിങ്കിന് ഭ്രമണപഥത്തില്‍ ഏകദേശം 10,634 സജീവ ഉപഗ്രഹങ്ങളുണ്ട്. കൂടാതെ ലോകമെമ്പാടുമായി ഏകദേശം 12 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് അവര്‍ സേവനം നല്‍കുന്നു. ആമസോണിന്റെ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് പ്രോജക്ടായ 'പ്രോജക്റ്റ് കൈപ്പറിന്' ഏകദേശം 367 ഉപഗ്രഹങ്ങളും ഭാരതി എന്റര്‍പ്രൈസസിന്റെ പിന്തുണയുള്ള 'യൂട്ടല്‍സാറ്റ് വണ്‍വെബിന്' ഏകദേശം 654 ഉപഗ്രഹങ്ങളുമുണ്ട്.
ഫോണ്‍ കോളുകള്‍ക്കിടയില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന എഐ അസിസ്റ്റന്റായി 'ജിയോ കോള്‍ ഏജന്റ്' സേവനവും കമ്പനി പ്രഖ്യാപിച്ചു. ചാറ്റ്ജിപിടി , ജെമിനി അല്ലെങ്കില്‍ സിരി തുടങ്ങിയ എഐ അസിസ്റ്റന്റുകളില്‍ നിന്ന് വ്യത്യസ്തമായാണ് ഇതിന്റെ പ്രവര്‍ത്തനം. ഇവ പ്രയോജനപ്പെടുത്തണമെങ്കില്‍ ആപ്പ് തുറക്കണം. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ജിയോയുടെ അസിസ്റ്റന്റ് കോളിനിടയില്‍ 'ഹേയ് ജിയോ'എന്ന് പറയുന്നതിലൂടെ തന്നെ ആക്ടീവ് ആകുന്ന തരത്തിലാണ് പ്രവര്‍ത്തനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates