ഗ്യാരണ്ടീഡ് റിട്ടേണ്‍ ആണോ ആഗ്രഹിക്കുന്നത്?; അറിയാം 7.5 ശതമാനത്തിനേക്കാള്‍ മികച്ച വരുമാനം നൽകുന്ന അഞ്ചു സര്‍ക്കാര്‍ സ്‌കീമുകള്‍

ആഗോള വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്
investment plans
investment plansപ്രതീകാത്മക ചിത്രം
Updated on
3 min read

ആഗോള വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇറാന്‍- അമേരിക്ക യുദ്ധത്തെ തുടര്‍ന്ന് കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി പിന്നീട് കാര്യമായി മുന്നേറിയിട്ടില്ല. ഈ പശ്ചാത്തലത്തില്‍ സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങള്‍ തേടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.പ്രതിവര്‍ഷം 7.5 ശതമാനത്തില്‍ കൂടുതല്‍ റിട്ടേണ്‍ നല്‍കുന്ന അഞ്ചു സര്‍ക്കാര്‍ നിക്ഷേപ പദ്ധതികള്‍ അറിയാം.

സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം

ജോലിയില്‍ നിന്നും വിരമിച്ച് കഴിഞ്ഞാലും പഴയ പോലെ തന്നെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. റിട്ടയര്‍മെന്റ് ലൈഫില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ മുന്‍കൂട്ടി സമ്പാദിക്കാന്‍ തയ്യാറാവണമെന്നാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യം. റിട്ടയേര്‍ഡ് ലൈഫ് ആനന്ദകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സാമ്പത്തിക സുരക്ഷിതത്വം അനിവാര്യമാണ്. പെന്‍ഷന്‍ കാലത്തെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിരവധി ധനസമ്പാദന മാര്‍ഗങ്ങള്‍ ഉണ്ട്. ചിലത് വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ മാര്‍ഗങ്ങളാണ്. വിപണിയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുന്നതിനാല്‍ ചിലര്‍ക്ക് ഇതില്‍ നിക്ഷേപിക്കാന്‍ ധൈര്യക്കുറവ് ഉണ്ടാവാറുണ്ട്.

എന്നാല്‍ ഈ ആശങ്ക വളരെ എളുപ്പത്തില്‍ പരിഹരിക്കാനാകും. അതിന് ബുദ്ധിപൂര്‍വ്വം പോസ്റ്റ് ഓഫീസ് നിക്ഷേപം തെരഞ്ഞെടുത്താല്‍ മതി. മുതിര്‍ന്ന പൗരന്മാര്‍ക്കായി പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം.

60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ സാമ്പത്തിക നിക്ഷേപ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിമാസം 20,500 രൂപ വരെ വരുമാനം ലഭിക്കാന്‍ സഹായിക്കുന്നു. ഓരോ പാദത്തിലും പലിശ നിരക്ക് പരിഷ്‌കരിക്കുമെങ്കിലും നിലവില്‍ 8.2 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. എന്നാല്‍ ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്.

മുമ്പ് ഒരു നിക്ഷേപകന് 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്ന ഈ പദ്ധതി ഇപ്പോള്‍ പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാന്‍ അനുവദിക്കുന്നു. ഇത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആനുപാതികമായി അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കുന്നു. ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഏത് പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കിലോ അക്കൗണ്ട് തുറക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല. എന്നാല്‍ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്.

കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ളത് കൊണ്ടുതന്നെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ സുരക്ഷിതമാണ്. അതോടൊപ്പം മികച്ച പലിശയും നേടാം. ഒരുപക്ഷെ രാജ്യത്തെ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം വാഗ്ദാനം ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് മുതിര്‍ന്ന പൗരന്മാര്‍ ഇതിനകം തന്നെ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനാല്‍, ഇന്ത്യയിലെ വിരമിക്കല്‍ ആസൂത്രണത്തിലെ പ്രധാനിയാണ് ഈ പദ്ധതി.

സുകന്യ സമൃദ്ധി യോജന

ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്.

പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി.

നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം. അതായത് അക്കൗണ്ട് കൈവശമുള്ള പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായ ഒരു രോഗം മൂലം ചികിത്സ ആവശ്യമായി വന്നാലോ, അക്കൗണ്ട് നടത്തുന്ന രക്ഷിതാവ് മരണപ്പെട്ടാലോ നേരത്തെ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അനുവാദമുണ്ട്. പലിശനിരക്ക് സര്‍ക്കാര്‍ ഓരോ പാദത്തിലും അവലോകനം ചെയ്യുകയും തീരുമാനിക്കുകയും ചെയ്യുന്നു.

നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്

പോസ്റ്റ് ഓഫീസുകള്‍ വഴി ലഭിക്കുന്ന ഒരു സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗമാണ് നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് ( എന്‍എസ് സി). ഈ കേന്ദ്രസര്‍ക്കാര്‍ സ്‌കീം സ്ഥിര വരുമാനം ഉറപ്പാക്കുന്നു. 5 വര്‍ഷത്തെ ലോക്ക്-ഇന്‍ പിരീഡും 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവും (സെക്ഷന്‍ 80സി പ്രകാരം) ലഭിക്കുന്ന ഈ സ്‌കീം ചെറുകിട, ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ലാഭിക്കാനും സമ്പാദ്യത്തിനും മികച്ചതാണ്.

7.7 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. കുറഞ്ഞത് 1000 രൂപ മുതല്‍ ഇതില്‍ നിക്ഷേപം തുടങ്ങാവുന്നതാണ്. തുടര്‍ന്ന് 1000 രൂപയുടെ ഗുണിതമായാണ് നിക്ഷേപിക്കേണ്ടത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പേരിലും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി കുട്ടികളുടെ പേരിലും ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. സംയുക്തമായി നിക്ഷേപിക്കാനും സാധിക്കും.

എന്‍എസ്സിയുടെ ആകര്‍ഷണം അതിന്റെ കോമ്പൗണ്ടിങ് ഇഫക്റ്റിലാണ്. ഉദാഹരണമായി 25 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 36.47 ലക്ഷം രൂപയായി വളരും. ഏകദേശം 11.47 ലക്ഷം രൂപയാണ് പലിശ വരുമാനമായി ലഭിക്കുക. അടിസ്ഥാന കെവൈസി രേഖകളുമായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ ഇതില്‍ ചേരാവുന്നതാണ്. വായ്പാ സൗകര്യവും ലഭിക്കും. എന്‍എസ്സി സര്‍ട്ടിഫിക്കറ്റുകള്‍ ഈടായി നല്‍കി ബാങ്കില്‍ നിന്ന് വായ്പ എടുക്കാവുന്നതാണ്.

കിസാന്‍ വികാസ് പത്ര

കേന്ദ്രസര്‍ക്കാരിന്റെ ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് കിസാന്‍ വികാസ് പത്ര. കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 115 മാസം ( ഒന്‍പത് വര്‍ഷവും ഏഴു മാസവും) കഴിയുമ്പോള്‍ ഇരട്ടി തുക ലഭിക്കുമെന്നതാണ് പ്രത്യേകത. കൂട്ടുപലിശയാണ് കണക്കാക്കുന്നത് എന്നതാണ് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കുന്നത്.

നിലവില്‍ 7.5 ശതമാനമാണ് പദ്ധതിയുടെ വാര്‍ഷിക കൂട്ടുപലിശ. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണയിക്കാറുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് പലിശനിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ആണ് കേന്ദ്രസര്‍ക്കാര്‍ ചെയ്ത് വരുന്നത്. സര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ട് സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണിത്.

കിസാന്‍ വികാസ് പത്രയില്‍ ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് നൂറ് രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാനും അവസരമുണ്ട്. പരിധിയില്ലാതെ എത്ര വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഗ്യാരണ്ടി റിട്ടേണ്‍ നല്‍കുന്നതാണ് പദ്ധതി.

നിലവിലെ പലിശനിരക്ക് അനുസരിച്ച് അഞ്ചുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി തീരുമ്പോള്‍ പത്തുലക്ഷം രൂപ ലഭിക്കും. 50 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഒരു കോടി രൂപ ലഭിക്കാനും ഈ പദ്ധതി സഹായകമാണ്.

നികുതി ഇളവിന് ഈ പ്ലാന്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പദ്ധതിയുടെ കാലാവധി തീരുന്നതിന് മുന്‍പ് അക്കൗണ്ട് ഉടമ മരിച്ചുപോകുന്നത് അടക്കം ചില സാഹചര്യങ്ങളില്‍ ഇടയ്ക്ക് വച്ച് തുക പിന്‍വലിക്കാനും അനുവദിക്കും.

investment plans
കൂപ്പുകുത്തി രൂപ, 28 പൈസയുടെ നഷ്ടം; എണ്ണവില നൂറില്‍ താഴെ

ആര്‍ബിഐ ഫ്‌ലോട്ടിങ് റേറ്റ് ബോണ്ട്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫ്‌ലോട്ടിങ് റേറ്റ് ബോണ്ട് നിലവില്‍ പ്രതിവര്‍ഷം 8.05 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ റിസ്‌ക് എടുക്കാന്‍ താല്പര്യമുള്ള നിക്ഷേപകര്‍ക്ക് ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

പ്രധാന സവിശേഷതകള്‍:

കാലാവധി: ഈ ബോണ്ടിന് 7 വര്‍ഷത്തെ കാലാവധിയാണുള്ളത്.

നിക്ഷേപ പരിധി: നിക്ഷേപത്തിന് ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല.

യോഗ്യത: ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഇതില്‍ നിക്ഷേപിക്കാവുന്നതാണ്.

പലിശ: നിശ്ചിത ഇടവേളകളില്‍ പലിശ വരുമാനം ലഭ്യമാകും.

പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യ ബാങ്കുകളുടെയും സ്ഥിരനിക്ഷേപ പദ്ധതികളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ഈ ബോണ്ട് വാഗ്ദാനം ചെയ്യുന്നു.

investment plans
എണ്ണവിലയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വര്‍ണവില; വീണ്ടും തിരിച്ചുകയറി, 1,12,000ല്‍ താഴെ
Summary

Looking for safe returns? These 5 government-backed schemes offer over 7.5% interest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com