

ന്യൂഡല്‍ഹി: 10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബര വസ്തുക്കള്‍ക്ക് ഇനി ഒരു ശതമാനം ടിസിഎസ് ( Tax Collected at Source). ഹാന്‍ഡ്ബാഗുകള്‍, റിസ്റ്റ് വാച്ചുകള്‍, പാദരക്ഷകള്‍, സ്പോര്‍ട്സ് വസ്ത്രങ്ങള്‍ തുടങ്ങിയ ആഡംബര വസ്തുക്കള്‍ക്ക് ഇനിമുതല്‍ ഒരു ശതമാനം ടിസിഎസ് നികുതി ഈടാക്കും. പുതിയ നികുതി ഏപ്രില്‍ 22മുതല്‍ പ്രാബല്യത്തില്‍ വന്നതായി ആദായനികുതി വകുപ്പ് അറിയിച്ചു.
10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബര വസ്തുക്കളുടെ വില്‍പ്പനയ്ക്ക് ഒരു ശതമാനം ടിസിഎസ് ബാധകമാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 2024 ജൂലൈയില്‍ അവതരിപ്പിച്ച ബജറ്റിന്റെ ഭാഗമായുള്ള ധനകാര്യ നിയമം 2024ലാണ് ആഡംബര വസ്തുക്കള്‍ക്ക് ടിസിഎസ് വ്യവസ്ഥ ഏര്‍പ്പെടുത്തിയത്.
പെയിന്റിങ്ങുകള്‍, ശില്‍പങ്ങള്‍, പുരാവസ്തുക്കള്‍ തുടങ്ങിയ കലാ വസ്തുക്കള്‍, റിസ്റ്റ് വാച്ച്, നാണയങ്ങളും സ്റ്റാമ്പുകളും ഹെലികോപ്റ്ററുകള്‍, ആഡംബര ഹാന്‍ഡ്ബാഗുകള്‍, സണ്‍ഗ്ലാസുകള്‍, പാദരക്ഷകള്‍, ഉയര്‍ന്ന നിലവാരമുള്ള സ്പോര്‍ട്സ് ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും, ഹോം തിയറ്റര്‍ സംവിധാനങ്ങള്‍, റേസിംഗിനോ പോളോയ്ക്കോ വേണ്ടി ഉദ്ദേശിച്ചിട്ടുള്ള കുതിരകള്‍ തുടങ്ങിയവയാണ് ടിസിഎസിന്റെ പരിധിയില്‍ വരുന്നത്. പത്തുലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഡംബര വസ്തുക്കളുടെ വില്‍പ്പനയില്‍ കച്ചവടക്കാരനില്‍ നിന്നാണ് ടിസിഎസ് പിരിക്കുക. നികുതി അടിത്തറ വികസിപ്പിക്കുന്നതിനും കൂടുതല്‍ സാമ്പത്തിക സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നികുതി വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates