

ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി ഇന്‍കമിങ് ചാറ്റുകള്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന ട്രാന്‍സ്ലേറ്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.
മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം അതിന്റെ ഏറ്റവും പുതിയ ബീറ്റയില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്‍കമിങ് ചാറ്റുകള്‍ ആപ്പിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ വിവര്‍ത്തനം ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഡൗണ്‍ലോഡ് ചെയ്യാവുന്ന ഭാഷാ പായ്ക്കുകള്‍ ഉപയോഗിച്ചാണ് ഈ ടൂള്‍ പ്രവര്‍ത്തിക്കുക.സംഭാഷണങ്ങള്‍ പൂര്‍ണമായി എന്‍ക്രിപ്റ്റ് ചെയ്യുന്നത് കൊണ്ട് സുരക്ഷ ഉറപ്പാക്കിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത്.
ചാറ്റ് സെറ്റിങ്‌സ് സെക്ഷനില്‍ ഇതിനായി പുതിയ ക്രമീകരണം വരുത്തിയാണ് ഫീച്ചര്‍ അവതരിപ്പിക്കുക. 'ട്രാന്‍സ്ലേറ്റ് മെസേജസ്' ടോഗിള്‍ ഓരോ ചാറ്റ് അടിസ്ഥാനത്തിലും കാണാന്‍ കഴിയുന്ന വിധത്തിലാണ് സംവിധാനം. ആവശ്യാനുസരണം ഉപഭോക്താക്കള്‍ക്ക് ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ഈ ഫീച്ചര്‍ ആക്ടീവ് ആക്കിയാല്‍ നിലവില്‍ സ്പാനിഷ്, അറബിക്, ഹിന്ദി, റഷ്യന്‍, പോര്‍ച്ചുഗീസ് (ബ്രസീല്‍) എന്നിവ ഉള്‍പ്പെടുന്ന ഒരു ലിസ്റ്റില്‍ നിന്ന് വിവര്‍ത്തനത്തിനായി ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുക്കാന്‍ വാട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും.
ഒരു ഭാഷ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഫോണില്‍ ഭാഷാ പായ്ക്കും ഡൗണ്‍ലോഡ് ആവും. ഉപയോക്താക്കള്‍ക്ക് ചാറ്റിലെ ത്രീ-ഡോട്ട് മെനുവില്‍ ടാപ്പ് ചെയ്ത് 'View Translation ഓപ്ഷന്‍ ആക്സസ് ചെയ്യാന്‍ കഴിയും. തുടര്‍ന്ന് വിവര്‍ത്തനം ചെയ്ത വാചകം വശങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നവിധമാണ് ക്രമീകരണം. ഫീച്ചര്‍ പ്രവര്‍ത്തനരഹിതമാക്കാനോ ചാറ്റ് വ്യൂവില്‍ നിന്ന് വിവര്‍ത്തനം നീക്കം ചെയ്യാനോ ഉള്ള ഒരു ഓപ്ഷനുമുണ്ട്. കഴിഞ്ഞ വര്‍ഷമാണ് വാട്്‌സആപ്പ് വോയ്സ് നോട്ട് ട്രാന്‍സ്‌ക്രിപ്ഷന്‍ അവതരിപ്പിച്ചത്. ഇത് ഉപയോക്താക്കളെ ഓഡിയോ സന്ദേശങ്ങളെ ടെക്സ്റ്റാക്കി മാറ്റാന്‍ അനുവദിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates