ഒരു സിനിമ പൂർണമായും അയക്കാം; ഗ്രൂപ്പിൽ 512 പേർ; വാട്സ്ആപ്പ് അടിമുടി മാറുന്നു
അടിമുടി മാറ്റവുമായി വാട്സ്ആപ്പ്. കുഴപ്പം പിടിച്ച സന്ദേശങ്ങൾ നീക്കം ചെയ്യാനുള്ള അധികാരം ഇനി മുതൽ അഡ്മിനു നൽകുന്നതടക്കമുള്ള മാറ്റങ്ങളാണ് വരുന്നത്. ഗ്രൂപ്പ് അംഗങ്ങളുടെ പരമാവധി എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. പുതിയ അപ്ഡേറ്റ് വരുന്നതോടെ ഒരു സിനിമ മുഴുവൻ വാട്സാപ്പിലൂടെ അയയ്ക്കാം.
ഉപയോക്താക്കൾ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങൾ വരുന്ന ആഴ്ചകളിൽ വിവിധ ഘട്ടങ്ങളിലായി ലഭ്യമായിത്തുടങ്ങും. ഓരോ സന്ദേശത്തിനും ഇമോജികൾ വഴി, സന്ദേശത്തിനുള്ളിൽ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്‌ഷൻസ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റിൽ ലഭ്യമാക്കിയിട്ടുള്ള സൗകര്യം.
നിലവിൽ ഒരു ഗ്രൂപ്പിൽ 256 അംഗങ്ങളെയാണ് ഉൾപ്പെടുത്താൻ സാധിക്കുന്നത്. ഇത് 512 ആയി വർധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 256 പേർ എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകൾ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു.
ഗ്രൂപ്പിലെ അംഗങ്ങൾ അനാവശ്യമായ കാര്യങ്ങൾ പോസ്റ്റ് ചെയ്താൽ അഡ്മിന് തന്നെ മെസേജിൽ അമർത്തിപ്പിടിച്ച് ഡിലീറ്റ് ചെയ്യാം. വോയ്സ് കോളിൽ ഒരേസമയം 32 പേരെ വരെ ചേർക്കാം. ഇപ്പോൾ എട്ട് പേരെയാണു ചേർക്കാവുന്നത്. 32 പേരിൽ കൂടുതലുള്ള കോളുകൾക്ക് നിലവിലുള്ള ഗ്രൂപ്പ് കോൾ സംവിധാനം തന്നെ ഉപയോഗിക്കാം.
രണ്ട് ജിബി വരെ വലുപ്പമുള്ള ഫയലുകൾ ഒറ്റത്തവണ അയയ്ക്കാം. നിലവിൽ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക. പരിധി ഉയരുന്നതോടെ ഒരു സിനിമ പൂർണമായി അയയ്ക്കാനാവും. വലിയ ഫയലുകൾ ഷെയർ ചെയ്യാൻ കഴിയുന്ന ടെലഗ്രാം മെസഞ്ചർ സിനിമ പൈറസിക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നതനിടെയാണ് വാട്സ്ആപ്പിൽ മാറ്റം വരുന്നത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


