

അടുക്കളയിലെ അരിപ്പാത്രങ്ങളിലും അലമാരകളിലും സ്ത്രീകള്‍ പണം സൂക്ഷിച്ചിരുന്ന കാലം പൂര്‍ണമായി മാറാന്‍ പോകുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സ്ത്രീകള്‍ പണം സൂക്ഷിക്കാന്‍ ഇവയെ ആശ്രയിച്ചിരുന്നത്. ഇന്ന് സ്ത്രീകള്‍ പണം സൂക്ഷിക്കുന്നവരില്‍ നിന്ന് നിക്ഷേപകരായി മാറിയിരിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ പുതിയ നിക്ഷേപകരില്‍ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്‍വെസ്റ്റിങ് പ്ലാറ്റ്‌ഫോമായ ഫിന്‍എഡ്ജിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യക്തമായ ഉദ്ദേശത്തോടെയാണ് സ്ത്രീകള്‍ ഇന്ന് നിക്ഷേപം നടത്തുന്നത്. 2012 ല്‍ പുതിയ നിക്ഷേപകരില്‍ 18 ശതമാനം മാത്രമായിരുന്നു സ്്ത്രീകളുടെ പങ്കാളിത്തം. ഇന്ന് ഇത് 42 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്ത്രീ പങ്കാളിത്തത്തില്‍ 50 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, 2028 ആകുമ്പോഴേക്കും പുതിയ നിക്ഷേപകരില്‍ പകുതിയിലധികവും സ്ത്രീകളായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇത് വെറുമൊരു സ്ഥിതിവിവരക്കണക്കിലെ വര്‍ധന മാത്രമല്ല. ഒരു സാംസ്‌കാരിക മാറ്റത്തെ അടയാളപ്പെടുത്തുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ അച്ഛന്‍മാരെയോ ഭര്‍ത്താക്കന്മാരെയോ ആശ്രയിക്കുന്നതിന് പകരം സ്വന്തമായി വ്യക്തിഗത സമ്പത്ത് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ കണക്കുകള്‍ എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സ്ത്രീ നിക്ഷേപകരുടെ ശരാശരി പ്രായം 38.7 വയസ്സാണ്. പുരുഷന്മാരുടേത് 40.3 വയസ്സാണ്. 30 നും 40 നും ഇടയിലുള്ള സ്്ത്രീകളാണ് കൂടുതലായി നിക്ഷേപം നടത്തുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും വിരമിക്കല്‍ ആസൂത്രണവും ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തുന്നതെന്നും ഫിന്‍എഡ്ജ് പറയുന്നു.
സ്ത്രീകളില്‍ വിരമിക്കല്‍ ആസൂത്രണം ഒരു പ്രധാന മുന്‍ഗണനയായി ഉയര്‍ന്നുവന്നിട്ടുണ്ട് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തൊട്ടുപിന്നിലാണ് ഇത് സ്ഥാനം പിടിച്ചിരിക്കുന്നത്. 30.82 ശതമാനം സ്ത്രീകളും വിരമിക്കല്‍ ആസൂത്രണത്തിന് മുന്‍ഗണന നല്‍കിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസം കഴിഞ്ഞാല്‍ പട്ടികയിലെ രണ്ടാമത്തെ ഇനമായി ഇവര്‍ രേഖപ്പെടുത്തിയിരിക്കുന്നത് വിരമിക്കല്‍ ആസൂത്രണമാണെന്നും ഫിന്‍എഡ്ജ് സര്‍വേ പറയുന്നു.
കൂടാതെ കുടുംബത്തിന്റെ വലിപ്പം കുറയുന്നതും വര്‍ദ്ധിച്ചുവരുന്ന വേര്‍പിരിയലുകളും സ്വയം സാമ്പത്തികമായി സുരക്ഷിതമാകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സ്ത്രീകളില്‍ അവബോധം സൃഷ്ടിച്ചിട്ടുണ്ട്. രസകരമെന്നു പറയട്ടെ, സ്ത്രീകളില്‍ നല്ലൊരു ഭാഗവും നിക്ഷേപിക്കുമ്പോള്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാണ്. എസ്ഐപികളില്‍ ഏകദേശം 87 ശതമാനവും ഇക്വിറ്റി ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. ഇത് പുരുഷന്മാരുടേതിന് തുല്യമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.സോഷ്യല്‍ മീഡിയയും നിക്ഷേപത്തില്‍ ജിജ്ഞാസയും താല്‍പ്പര്യവും സൃഷ്ടിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയും ഏറെ സഹായകമായി. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ പുരോഗതി ട്രാക്ക് ചെയ്യാന്‍ സ്ത്രീ നിക്ഷേപകരെ സഹായിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
