

മുംബൈ: സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്. പണയ വായ്പയില്‍ നിയന്ത്രണം കൊണ്ടുവരുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ വ്യവസ്ഥകള്‍. ഉപഭോക്താക്കള്‍ക്ക് സംരക്ഷണം, സുതാര്യത, തിരിച്ചടവില്‍ അച്ചടക്കം പാലിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്‌കരണം നടപ്പാക്കുന്നത്.
പരിഷ്‌കരണത്തിന്റെ ആദ്യ ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കും. വായ്പാ തിരിച്ചടിവില്‍ അച്ചടക്കം കൊണ്ടുവരികയാണ് ലക്ഷ്യം. പണയ വായ്പയിന്മേല്‍ പലിശയടച്ച് പണയം പുതുക്കാനുള്ള സൗകര്യം നിര്‍ത്തലാക്കുന്നതാണ് പ്രധാന മാറ്റം. ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥയും ആര്‍ബിഐ കര്‍ശനമാക്കി. മുതലും പലിശയും സഹിതം 12 മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കണമെന്നാണ് പുതിയ വ്യവസ്ഥ.
വായ്പ അടച്ചുതീര്‍ത്താല്‍ പണയ സ്വര്‍ണം ഉടനെ തിരികെ നല്‍കാനും വീഴ്ചവരുത്തിയാല്‍ പിഴ ഈടാക്കണമെന്നും വ്യവസ്ഥയലുണ്ട്. വായ്പാ കരാര്‍, മൂല്യനിര്‍ണയം, ലേല നടപടികള്‍ എന്നിവ സുതാര്യമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് മനസിലാകുന്ന പ്രാദേശിക ഭാഷയില്‍ എല്ലാ വിവരങ്ങളും നല്‍കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.
പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85% നിരക്കില്‍ 2.5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ നല്‍കാം. 2.5 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പരിധി 80% ആയി നിശ്ചയിച്ചിട്ടുണ്ട്, അതേസമയം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് 75% ആയി പരിമിതപ്പെടുത്തി. അതായത്, വായ്പയെടുക്കുന്നവര്‍ക്ക് വായ്പ അനുസരിച്ച് വ്യത്യസ്ത വായ്പ-മൂല്യ അനുപാതങ്ങള്‍ ലഭിക്കും. ഈ മാറ്റങ്ങള്‍ 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കും.
ആഭരണങ്ങള്‍, കോയിന്‍, ഇടിഎഫ് എന്നിവ ഉള്‍പ്പടെ ഏത് രൂപത്തിലുള്ള സ്വര്‍ണം വാങ്ങുന്നതിനുള്ള വായ്പ ഒക്ടോബര്‍ ഒന്നുമുതല്‍ ലഭിക്കില്ല. അസംസ്‌കൃത രൂപത്തിലുള്ള സ്വര്‍ണത്തിനോ വെള്ളിക്കോ വായ്പ നല്‍കില്ല. അതേസമയം, സ്വര്‍ണമോ വെള്ളിയോ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന എല്ലാ നിര്‍മാതാക്കള്‍ക്കും പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും. ചെറു പട്ടണങ്ങളിലെ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും സ്വര്‍ണ വായ്പ നല്‍കാനും റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates