
രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ രണ്ടു മഹാരഥന്മാരുടെ വിയോഗമായിരിക്കും സമ്പദ് രംഗത്തിന്റെ കണ്ണില്‍ 2024നെ അടയാളപ്പെടുത്തുക. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ശില പാകിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും ഇന്ത്യയുടെ ആധുനിക വ്യവസായത്തിന്റെ ശില്‍പ്പി എന്ന നിലയില്‍ അറിയപ്പെടുന്ന രത്തന്‍ ടാറ്റയുടെയും മരണമാണ് 2024ലെ രാജ്യത്തിന്റെ തീരാനഷ്ടങ്ങള്‍.
ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവെന്ന് വിളിക്കാവുന്ന 1991-96 കാലഘട്ടത്തിലാണ് ഡോ. സിങ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായത്. സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ലോകം അംഗീകരിച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയായിരുന്ന രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിന് കടുത്ത വെല്ലുവിളികള്‍ക്കിടയിലും അദ്ദേഹം ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കി. ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും ഇന്ത്യയെ ലോക സാമ്പത്തിക ശക്തികളില്‍ ഒന്നായി മാറ്റുന്നതില്‍ ഇത് നിര്‍ണായക പങ്കുവഹിച്ചു. 2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് വികസനത്തിന് മനുഷ്യമുഖം നല്‍കാനും ശ്രമിച്ചു. തൊഴിലുറപ്പു പദ്ധതിയും വിവരാവകാശ നിയമവും അദ്ദേഹത്തിന്റെ കാലത്താണ് നടപ്പാക്കിയത്.
നവഭാരതശില്‍പ്പി എന്ന് അറിയപ്പെടുന്ന രത്തന്‍ ടാറ്റ, ടാറ്റ ഗ്രൂപ്പിനെ ആഗോള കമ്പനിയാക്കി പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചു. ബിസിനസിലും ജീവകാരുണ്യത്തിലും മായാത്ത മുദ്രപതിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹം. ലോകത്തെ ഏറ്റവും വില കുറഞ്ഞ കാറായ നാനോ പുറത്തിറക്കി രത്തന്‍ ടാറ്റ ലോകത്തെ വിസ്മയിപ്പിച്ചു. അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ആഗോള വിപുലീകരണത്തിന് നേതൃത്വം നല്‍കുകയും ടാറ്റ ടീ, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ കമ്പനികളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ആഗോളതലത്തില്‍ ഒരു ദശലക്ഷത്തിലധികം ആളുകളാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നത്. 20 വര്‍ഷത്തിലേറെ കാലമാണ് രത്തന്‍ ടാറ്റ ടാറ്റ ഗ്രൂപ്പിനെ നയിച്ചത്. ടെറ്റ്‌ലി, കോറസ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ തുടങ്ങിയ ശ്രദ്ധേയമായ ഏറ്റെടുക്കലുകളിലൂടെ ടാറ്റ ഗ്രൂപ്പിനെ ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ത്തുന്നതില്‍ രത്തന്‍ ടാറ്റ നിര്‍ണായക പങ്കാണ് വഹിച്ചത്. അദ്ദേഹം ആധുനിക ഇന്ത്യന്‍ വ്യവസായം സ്ഥാപിക്കുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ സംഭാവന നല്‍കുകയും ചെയ്തു.
ലോകത്ത് അതിവേഗം വളരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്ത്യ. എന്നാല്‍ 2024-25 സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ചാനിരക്ക് കുറഞ്ഞത് അടക്കമുള്ള ഘടകങ്ങള്‍ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചു. രൂപയുടെ മൂല്യശോഷണമാണ് ഇന്ത്യ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഓഹരി വിപണിയിലും കാര്യങ്ങള്‍ അനുകൂലമല്ല. ഒക്ടോബറിലാണ് വലിയ ഇടിവിനു രാജ്യം സാക്ഷ്യം വഹിച്ചത്. 2025ലേക്ക് നീങ്ങുമ്പോള്‍ ഓഹരി വിപണി വലിയ അനിശ്ചതത്വത്തിന്റെ ഘട്ടമാണ് നേരിടാന്‍ പോകുന്നത്. ആഗോള സാമ്പത്തിക ചക്രവാളത്തില്‍ അനേകം കറുത്ത മേഘങ്ങള്‍ ദൃശ്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേല്‍ക്കുന്ന ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ തന്നെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. 2024ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സ്വാധീനിച്ച ഘടകങ്ങള്‍ ചുവടെ:
ഡോളറിനെതിരെ രൂപയുടെ മൂല്യശോഷണമാണ് സമ്പദ് വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ട്രംപിന്റെ സാമ്പത്തിക നയങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത് അടക്കമുള്ള ഘടകങ്ങളുമാണ് രൂപയെ ബാധിച്ചത്. ഡോളര്‍ ഒന്നിന് 85 കടന്ന് മുന്നേറുകയാണ് രൂപ. ഒരു ഡോളറിന് 90 രൂപ എന്നത് സമീപഭാവിയില്‍ തന്നെ സംഭവിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതിന് പുറമേ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതും രൂപയെ സ്വാധീനിക്കുന്നുണ്ട്. ഡോളര്‍ വിറ്റഴിച്ച് രൂപയുടെ മൂല്യം പിടിച്ചനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഇത് പൂര്‍ണമായി ഫലപ്രദമാകുന്നില്ല
2020 മാര്‍ച്ചിലെ കോവിഡ് കാല തകര്‍ച്ചയ്ക്ക് ശേഷം 2024 അവസാനം വരെയുള്ള നാലു വര്‍ഷക്കാലയളവില്‍ നിഫ്റ്റി മൂന്ന് മടങ്ങിലേറെ കുതിച്ചു ഉയര്‍ന്ന് നിക്ഷേപകര്‍ക്ക് മികച്ച നേട്ടമാണ് സമ്മാനിച്ചത്. 2025ലേക്ക് നീങ്ങുമ്പോള്‍ വിപണി വലിയ അനിശ്ചിതത്വത്തിന്റെ ഘട്ടമാണ് നേരിടാന്‍ പോകുന്നത്. ആഗോള സാമ്പത്തിക ചക്രവാളത്തില്‍ അനേകം കറുത്ത മേഘങ്ങള്‍ ദൃശ്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് ആയി അധികാരമേല്‍ക്കുന്ന ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ തന്നെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം.ലോകമെങ്ങും നിക്ഷേപകര്‍ ജാഗ്രതയിലാണ്. എങ്കിലും ഓഹരി വിപണി കുതിക്കുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബര്‍ വരെ ഓഹരി വിപണിയില്‍ കാര്യങ്ങള്‍ അനുകൂലമായിരുന്നു. എന്നാല്‍ ഒക്ടോബറിലും നവംബറിലുമായി യഥാക്രമം 94,017 കോടിയും 21,612 കോടിയുമാണ് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത്. ഇത് ഓഹരി വിപണിയെ പിടിച്ചുകുലുക്കി. കനത്ത നഷ്ടമാണ് വിപണി നേരിട്ടത്. എന്നാല്‍ ആഭ്യന്തര നിക്ഷേപകര്‍ വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചത് തിരിച്ചുവരാന്‍ സഹായകമായി.
സാമ്പത്തിക വളര്‍ച്ചയിലെ താഴ്ചയാണ് ഇന്ന് ഇന്ത്യ നേരിടുന്ന വലിയ തലവേദന. 2024-25 സാമ്പത്തികവര്‍ഷം രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ചാനിരക്കായ 5.4 ശതമാനം പ്രതീക്ഷിച്ചതിനേക്കാള്‍ മോശമായിരുന്നു. ഈ തളര്‍ച്ച ഒറ്റപ്പെട്ടതാണോ അഥവാ ഘടനാപരമാണോ എന്നതാണ് സുപ്രധാന ചോദ്യം. ഇതൊരു ഘടനാപരമായ പ്രശ്‌നമാണെങ്കില്‍ വിപണിയെ മോശമായി തന്നെ ബാധിക്കും. എന്നാല്‍ ഇത് താത്കാലികമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. 2024-25 സാമ്പത്തികവര്‍ഷത്തിന്റെ മൂന്നും നാലും പാദങ്ങളില്‍ വളര്‍ച്ചാനിരക്ക് ഉയര്‍ന്ന നിലയിലേക്ക് തിരിച്ചെത്താന്‍ ഇടയുണ്ട്.
സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ സുഗമമായും സുരക്ഷിതമായും ചെയ്യുന്നതിന് യുപിഐ ലൈറ്റ് വാലറ്റ് പരിധി റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത് 2024ലെ നിര്‍ണായക തീരുമാനമാണ്. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി രണ്ടായിരം രൂപയില്‍ നിന്ന് 5000 രൂപയായും ഒരു ഇടപാടിന്റെ പരിധി 500 രൂപയില്‍ നിന്ന് ആയിരം രൂപയുമായുമാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. ഒരു ദിവസം മൊത്തത്തില്‍ നടത്താന്‍ കഴിയുന്ന ഇടപാട് പരിധി 5000 രൂപയായി ഉയര്‍ത്തുന്നത് വഴി ഓഫ്ലൈന്‍ ഇടപാട് കൂടുതല്‍ സുഗമമായി നടത്താന്‍ സഹായിക്കും. ഒരു ഇടപാടിന്റെ പരിധി 500 രൂപയില്‍ നിന്ന് ആയിരം രൂപയായി ഉയര്‍ത്തുന്നതും ഉപയോക്താവിന് സൗകര്യമാകും.
കുടുംബത്തിന്റെ വാര്‍ഷിക വരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരേയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും 2024ല്‍ എടുത്തുപറയേണ്ടതാണ്. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന ( AB PM-JAY)യ്ക്ക് കീഴിലാണിത്. നാലരക്കോടി കുടുംബങ്ങളിലെ ആറ് കോടിയോളം മുതിര്‍ന്ന പൗരന്മാര്ക്ക് 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ചികിത്സയുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവുകളും വഹിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള മറ്റു ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉള്ളവര്‍ക്ക് ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. അതായത് സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം(സിജിഎച്ച്എസ്) എക്സ് സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂറ്ററി ഹെല്‍ത്ത് സ്‌കീം (ഇസിഎച്ച്എസ്) എന്നിങ്ങനെയുള്ള പൊതു ഇന്‍ഷുറന്‍സ് പദ്ധതികളുടെ കീഴില്‍ വരുന്നവര്‍ക്കാണ് ഏതെങ്കിലും ഒരു ഇന്‍ഷുറന്‍സ് സ്‌കീം തെരഞ്ഞെടുക്കാനുള്ള അവസരം ഉള്ളത്. ഒരു കുടുംബത്തില്‍ ഒന്നിലധികം മുതിര്‍ന്ന പൗരന്മാരുണ്ടെങ്കില്‍ പങ്കുവെയ്ക്കും. അതായത് ഒരു കുടുംബത്തില്‍ ഒന്നിലധികം മുതിര്‍ന്ന പൗരന്മാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മൊത്തത്തില്‍ പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ മാത്രമേ ലഭിക്കൂ. നിലവില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് ഇന്‍ഷുറന്‍സ് എടുത്ത കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്ക്ക് 5 ലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന അന്നുമുതല്‍ തന്നെ പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
