

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ മാറ്റം. നിലവില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രം മതി. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ ജനനത്തീയതി തെളിയിക്കാനായി കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. കൂടാതെ പുതിയ ആദായ നികുതി ചട്ടം അനുസരിച്ച് ഏപ്രില്‍ ഒന്നുമുതല്‍ പാന്‍ ആവശ്യമായി വരുന്ന ഇടപാടുകളുടെ പരിധിയില്‍ ഇളവ് വരും.
കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് പാനുമായി ബന്ധപ്പെട്ട് പരിഷ്‌കരണം കൊണ്ടുവന്നത്. പുതിയ പാന്‍ ചട്ടം കാലതാമസം, അധിക പേപ്പര്‍വര്‍ക്കുകള്‍, ബാങ്കിംഗ്, നികുതി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
ഏപ്രില്‍ 1 മുതല്‍ ആധാര്‍ മാത്രം ഉപയോഗിച്ച് പാന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കില്ല. ജനനത്തീയതിയുടെ തെളിവായി അപേക്ഷകര്‍ ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ കൂടി അധിക രേഖയായി സമര്‍പ്പിക്കണം. എന്നാല്‍ മാര്‍ച്ച് 31 വരെ ആധാര്‍ ഉപയോഗിച്ച് മാത്രം അപേക്ഷിക്കാം. അതിനുശേഷം, മികച്ച പരിശോധന ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പ്രക്രിയ കര്‍ശനമാക്കുന്നത്.
പുതിയ ആദായനികുതി ചട്ടം അനുസരിച്ച് പഴയതിന് പകരം പുതിയ പാന്‍ അപേക്ഷാ ഫോമുകള്‍ വരും.ചില അപേക്ഷകര്‍ക്ക് കൂടുതല്‍ വിശദമായ വിവരങ്ങള്‍ ആവശ്യമാണ്. അതുകൊണ്ടാണ് അപേക്ഷ ഫോമില്‍ മാറ്റം വരുത്തിയത്. പുതുക്കിയ ആദായനികുതി ചട്ടവുമായി ചേര്‍ന്നുപോകുന്നതിനാണ് ഫോമില്‍ മാറ്റം വരുത്തിയത്.
ഇടപാടുകള്‍ക്കുള്ള പാന്‍ ആവശ്യകതയിലെ മാറ്റങ്ങള്‍
കാഷ് ഡെപ്പോസിറ്റുകള്‍/പിന്‍വലിക്കലുകള്‍: ഒരു വര്‍ഷത്തില്‍ ആകെ 10 ലക്ഷം രൂപ കവിയുകയാണെങ്കില്‍ പാന്‍ ആവശ്യമാണ്
സ്വത്ത് ഇടപാടുകള്‍: 20 ലക്ഷം രൂപയില്‍ കൂടുതല്‍ പാന്‍ ആവശ്യമാണ് (മുമ്പ് 10 ലക്ഷം രൂപ)
വാഹന വാങ്ങലുകള്‍: 5 ലക്ഷം രൂപയില്‍ കൂടുതല്‍ പാന്‍ ആവശ്യമാണ്
ഹോട്ടല്‍ പേയ്മെന്റുകള്‍: പരിധി 1 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു
ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളില്‍ കൂടുതല്‍ പരിശോധന നടത്തുമ്പോള്‍ ചെറിയ ഇടപാടുകള്‍ സുഗമമാക്കാന്‍ വേണ്ടിയാണ് മാറ്റം കൊണ്ടുവന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates