

ന്യൂഡല്‍ഹി: ജനങ്ങളുടെ ഉപഭോഗം വര്‍ധിക്കാന്‍ ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറാവണമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ആര്‍ബിഐ പലിശനിരക്ക് കുറയ്ക്കണമെന്നും പീയുഷ് ഗോയല്‍ ആവശ്യപ്പെട്ടു. സിഎന്‍ബിസി- ടിവി18 ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയില്‍ ആവശ്യകതയുടെ തോത് സമാനതകളില്ലാത്തതാണ്. 140 കോടി ജനസംഖ്യയും, വളര്‍ന്നുവരുന്ന, അഭിലാഷമുള്ള യുവതൊഴില്‍ ശക്തിയും, വര്‍ദ്ധിച്ചുവരുന്ന വരുമാന നിലവാരവുമുള്ള ഇന്ത്യ ആഭ്യന്തരമായും അന്തര്‍ദേശീയമായും വലിയ വിപണിയാണ്. മിടുക്കരായ ബിസിനസ്സുകാര്‍ പണത്തിന് മികച്ച വിലയും മികച്ച മൂല്യവും വാഗ്ദാനം ചെയ്യണമെന്ന് ഞാന്‍ കരുതുന്നു. മാര്‍ക്കറ്റ് അവര്‍ക്ക് ഒരു ഉത്തേജനം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവര്‍ ഉയര്‍ന്ന മാര്‍ജിനില്‍ ഇരിക്കണോ അതോ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വിറ്റ് കൂടുതല്‍ ആക്രമണോത്സുകത പുലര്‍ത്തണോ എന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. ബിസിനസുകള്‍ അവരുടെ വിലനിര്‍ണ്ണയത്തില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമാണെങ്കില്‍, അവര്‍ക്ക് കൂടുതല്‍ വലിയ വിപണിയും മികച്ച ലാഭവും നേടാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.'- പീയുഷ് ഗോയല്‍ പറഞ്ഞു.
'ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കണം. നിരക്കുകള്‍ കുറയ്ക്കുന്നതിന് ഭക്ഷ്യ വിലക്കയറ്റം പരിഗണിക്കുന്നത് തെറ്റായ സിദ്ധാന്തമാണ്. ഇത് എന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്, സര്‍ക്കാരിന്റേതല്ല. ഡിസംബറോടെ പണപ്പെരുപ്പം കുറയും. മോദി സര്‍ക്കാരിന്റെ കീഴില്‍ പണപ്പെരുപ്പം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്'- പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
