

നിങ്ങള്‍ പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ പോകുകയാണോ? 2026ലെ ആദായ നികുതി നിയമ പ്രകാരം പോസ്റ്റ് ഓഫീസ് നിക്ഷേപവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കര്‍ശനമാക്കുകയാണ് അധികൃതര്‍. പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും പാന്‍ (PAN) കാര്‍ഡ് നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ളതാണ് പ്രധാന മാറ്റങ്ങള്‍.
സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനും ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനുമായാണ് ഈ മാറ്റങ്ങള്‍. പുതിയ അക്കൗണ്ട് തുടങ്ങുന്നതിനും പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ടൈം ഡെപ്പോസിറ്റുകളില്‍ (Time Deposits) നിക്ഷേപം നടത്തുന്നതിനും പാന്‍ നിര്‍ബന്ധമാണ്. ചുരുക്കത്തില്‍, പാന്‍ കാര്‍ഡ് ഇല്ലാതെ പോസ്റ്റ് ഓഫീസ് ഇടപാടുകള്‍ നടത്തുന്നത് ഇനി പ്രയാസകരമാകും. പോസ്റ്റ് ഓഫീസ് അക്കൗണ്ടുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
കൈവശം പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍, പകരം ഫോം 97 (Form 97) സമര്‍പ്പിക്കേണ്ടതുണ്ട്. മുമ്പ് ഉപയോഗിച്ചിരുന്ന ഫോം 60ന് പകരമാണിത്. ഇതില്‍ നിക്ഷേപകന്റെ മേല്‍വിലാസം, ഇടപാടിന്റെ സ്വഭാവം, തുക എന്നിവ ഉള്‍പ്പെടെയുള്ള വിശദമായ വിവരങ്ങള്‍ നല്‍കേണ്ടി വരും. അതിനാല്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ടുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.
ആദായനികുതി ഇളവിനായി മുമ്പ് സമര്‍പ്പിച്ചിരുന്ന ഫോം 15G (60 വയസ്സിന് താഴെയുള്ളവര്‍ക്ക്), ഫോം 15H (മുതിര്‍ന്ന പൗരന്മാര്‍ക്ക്) എന്നിവ നിര്‍ത്തലാക്കി. പകരം എല്ലാവര്‍ക്കുമായി ഫോം 121 (Form 121) എന്ന ഏകീകൃത ഫോം സര്‍ക്കാര്‍ അവതരിപ്പിച്ചു. നികുതി ബാധ്യതയില്ലാത്തവര്‍ക്ക് പലിശ വരുമാനത്തിന്മേല്‍ ടിഡിഎസ് പിടിക്കുന്നത് ഒഴിവാക്കാന്‍ ഈ ഫോം ഓരോ സാമ്പത്തിക വര്‍ഷവും സമര്‍പ്പിക്കണം.
പുതിയ നിയമപ്രകാരം, പോസ്റ്റ് ഓഫീസുകള്‍ ഉപഭോക്താക്കളുടെ സാമ്പത്തിക രേഖകളും സത്യവാങ്മൂലങ്ങളും ഏഴ് വര്‍ഷം വരെ സൂക്ഷിക്കണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നുവെങ്കിലും, പോസ്റ്റ് ഓഫീസുകളിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പരിഷ്‌കരിക്കുന്നത് വരെ പഴയ ഫോമുകള്‍ (15G, 15H) താല്‍ക്കാലികമായി ഉപയോഗിക്കാന്‍ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates