

കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷിതമായ സമ്പാദ്യ മാര്‍ഗങ്ങളാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ടും പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളും. ഇവ വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ മാര്‍ഗങ്ങള്‍ അല്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. നിലവില്‍ പിപിഎഫില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 7.1 ശതമാനം പലിശയാണ് ലഭിക്കുക. എന്നാല്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ 7.5 ശതമാനം വരെ ഉയര്‍ന്ന പലിശ ലഭിക്കും.
ആദ്യനോട്ടത്തില്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ആണ് കൂടുതല്‍ മെച്ചം എന്ന് തോന്നാം. പിപിഎഫിനെ അപേക്ഷിച്ച് ഉയര്‍ന്ന പലിശയാണ് ഇതിന്റെ ആകര്‍ഷണം. എന്നാല്‍ ആദായനികുതി കൂടി കണക്കിലെടുക്കുമ്പോള്‍ ചിത്രം മാറും. പിപിഎഫില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇല്ല. എന്നാല്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ നിന്നുള്ള വരുമാനം നികുതി വിധേയമാണ്. ഈ രണ്ടു സമ്പാദ്യമാര്‍ഗങ്ങളില്‍ കൂടുതല്‍ നേട്ടം ഏതിനാണ് എന്ന് നോക്കാം.
പിപിഎഫില്‍ ഒരുമാസത്തെ അഞ്ചാം തീയതിക്കും ആ മാസാവസാനത്തിനും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സിനെ അടിസ്ഥാനമാക്കിയാണ് പലിശ കണക്കാക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഈ പലിശ അക്കൗണ്ടിലേക്ക് ചേര്‍ക്കപ്പെടും.
അഞ്ച് വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ പലിശ നിര്‍ണയിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ഇതിലെ പലിശ ത്രൈമാസാടിസ്ഥാനത്തില്‍ കൂട്ടുപലിശയായി കണക്കാക്കുകയും വര്‍ഷാവസാനം അക്കൗണ്ട് ഉടമയ്ക്ക് നല്‍കുകയും ചെയ്യുന്നു. പിപിഎഫിലെ പലിശ 15 വര്‍ഷം കഴിഞ്ഞ് മാത്രമേ ലഭിക്കൂ. എന്നാല്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ വാര്‍ഷിക പലിശ ചെലവുകള്‍ക്കായി ഉപയോഗിക്കാവുന്നതാണ്.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ എത്ര വരുമാനം ലഭിക്കും?
പിപിഎഫില്‍ നിക്ഷേപിക്കുകയാണെങ്കില്‍ നിലവിലെ പലിശനിരക്ക് അനുസരിച്ച് ഒരു വര്‍ഷം 7100 രൂപ പലിശയായി ലഭിക്കും. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റില്‍ ആണെങ്കില്‍ ഒരു വര്‍ഷം 7714 രൂപയാണ് പലിശയായി ലഭിക്കുക. എന്നാല്‍ പലിശയ്ക്ക്് നികുതി ബാധകമായതിനാല്‍ നിക്ഷേപകന്‍ ഈ 7714 രൂപയും പൂര്‍ണമായും കൈവശം വെയ്ക്കാന്‍ സാധിക്കില്ല. ഈ പലിശയ്ക്ക് 10 ശതമാനം നികുതി ഈടാക്കുകയാണെങ്കില്‍ തന്നെ നികുതിക്ക് ശേഷം ഏകദേശം കൈയില്‍ കിട്ടുക 6943 രൂപ മാത്രമാണ്. ഇനി ഒരു നിക്ഷേപകന് ആദായ നികുതി ബാധ്യത തീരെയില്ലെങ്കിലോ അല്ലെങ്കില്‍ വളരെ കുറവാണെങ്കിലോ, പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തില്‍ നിന്ന് നികുതി നല്‍കിയ ശേഷവും ലഭിക്കുന്ന തുക പിപിഎഫിനേക്കാള്‍ കൂടുതലായേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates