ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായ രംഗത്ത് ഒരിക്കലും മായാത്ത സംഭാവനകളാണ് 'ഇന്ത്യയുടെ വാറന്‍ ബഫറ്റ്' എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല നല്‍കിയത്. ചെലവു കുറഞ്ഞ വിമാനക്കമ്പനി തുടങ്ങണമെന്ന
ഏറെക്കാലത്തെ ആഗ്രഹത്തില്‍ പിറവിയെടുത്ത ആകാശ എയര്‍ സര്‍വീസിന്റെ വിജയം കാണാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
1985ല്‍ കടം വാങ്ങിയ 5000 രൂപ ഓഹരിവിപണിയില്‍ നിക്ഷേപിച്ച് കൊണ്ടാണ് പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത്. തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹത്തിന്റെ ആസ്തി നിലവില്‍ 41,000 കോടി രൂപയാണ്. ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരുണ്ട്.
വൃക്ക സംബന്ധമായ രോഗത്തിനുള്‍പ്പെടെ അദ്ദേഹം ചികിത്സയിലായിരുന്നു. അടുത്തിടെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിട്ട് അധികമായിരുന്നില്ല. ആകാശ എയര്‍ലൈന്‍സിന്റെ ഉദ്ഘാടന ദിനത്തിലാണ് ഏറ്റവുമൊടുവില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
രാകേഷ് ജുന്‍ജുന്‍വാലയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജയ്യനായിരുന്നു ജുന്‍ജുന്‍വാലയെന്ന് മോദി അനുശോചന സന്ദേശത്തില്‍ കുറിച്ചു.
രാകേഷ് ജുന്‍ജുന്‍വാലയുടെ ഉടമസ്ഥതയിലുള്ള ചെലവു കുറഞ്ഞ വിമാനക്കമ്പനി ആകാശ എയര്‍ സര്‍വീസ് ആരംഭിച്ചത് ഈ മാസമാണ്. മുംബൈയില്‍നിന്നും അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സര്‍വീസ്.
ഇന്‍കം ടാക്‌സ് ഓഫിസറുടെ മകനായി ജനിച്ച ജുന്‍ജുന്‍വാല, കോളജ് പഠനകാലത്താണ് ഓഹരിവിപണിയില്‍ ആദ്യമായി ഭാഗ്യം പരീക്ഷിക്കുന്നത്. ഓഹരി വിപണിയെക്കുറിച്ച് പിതാവ് സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണം ആകസ്മികമായി കേള്‍ക്കാനിട വന്നതായിരുന്നു തുടക്കം.
ആപ്‌ടെക് ലിമിറ്റഡ്, ഹംഗാമ ഡിജിറ്റല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ചെയര്‍മാനാണ്. ഇതിനു പുറമേ ഒട്ടേറെ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും, ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ ഇന്റര്‍നാഷനല്‍ മൂവ്‌മെന്റിന്റെ ഉപദേശകനുമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates