

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ പുതിയ നീക്കവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). 10000 രൂപയ്ക്ക് മുകളിലുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഒരു മണിക്കൂര്‍ വെയ്റ്റിങ് ടൈം ഏര്‍പ്പെടുത്തുന്നതടക്കമുള്ള മാറ്റങ്ങളാണ് ആര്‍ബിഐ പരിഗണിക്കുന്നത്. പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി മേയ് 8 വരെ പൊതുജനാഭിപ്രായം തേടുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ലഭിക്കുന്ന പ്രതികരണങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ റിസര്‍വ് ബാങ്ക് ഇത് സംബന്ധിച്ച ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുകയുള്ളൂ.
രാജ്യത്തുടനീളം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ഫ്രോഡ് കേസുകള്‍ കുറക്കുന്നതിന്റെ ഭാഗമായാണ് നീക്കം. 10,000-ത്തിന് മുകളിലുള്ള ട്രാന്‍സാക്ഷനുകള്‍ക്കായിരിക്കും കൂളിങ് ഓഫ് പിരീയഡ് (വെയ്റ്റിങ് ടൈം) ഏര്‍പ്പെടുത്തുക വഴി ഈ സമയത്തിനുള്ളില്‍ ഉപയോക്താവിന് ട്രാന്‍സാക്ഷന്‍ റദ്ദ് ചെയ്യാനുള്ള അവസരമുണ്ടാകും. പണം അയച്ചുകഴിഞ്ഞാലും ഒരുമണിക്കൂര്‍ കഴിഞ്ഞേ സ്വീകര്‍ത്താവിലേക്ക് എത്തുകയുള്ളൂവെന്ന് ചുരുക്കം. ഈ ഒരുമണിക്കൂറിനുള്ളില്‍ ഉദ്ദേശിക്കുന്ന ആളിലേക്ക് തന്നെയാണ് പണമെത്തുന്നതെന്ന് സ്ഥിരീകരിക്കാന്‍ ഉപയോക്താവിന് സാധിക്കും. ഏതെങ്കിലും തരത്തില്‍ തട്ടിപ്പാണെന്ന് സംശയം തോന്നുന്ന മാത്രയില്‍ ട്രാന്‍സാക്ഷന്‍ കാന്‍സല്‍ ചെയ്യാനും സാധിക്കും.
70 വയസിന് മുകളില്‍ പ്രായമുള്ളവരെ സംബന്ധിച്ചിടത്തോളം, 50,000-ത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് വിശ്വസ്ഥനായ ഇടനിലക്കാരന്റെ അനുവാദം നിര്‍ബന്ധമാക്കുന്നതാണ് മറ്റൊരു നിര്‍ദേശം. പ്രായമായവര്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാനാണിത്. എന്നാല്‍ മെര്‍ച്ചന്റ് പേയ്‌മെന്റുകള്‍, ഓട്ടോ ചെക്ക് ഇടപാടുകള്‍ തുടങ്ങിയവ ഇതില്‍ നിന്ന് ഒഴിവാക്കും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കാണ് ഇത് ബാധകമാകുക.
അക്കൗണ്ടിന് ലിമിറ്റ് : അക്കൗണ്ടുകള്‍ തട്ടിപ്പുകളില്‍ നിന്നുള്ള പണം സൂക്ഷിക്കാന്‍ (മണിമ്യൂള്‍) ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. ബാങ്ക് അക്കൗണ്ടുകള്‍ക്ക് സാധാരണഗതിയില്‍ ഒരു വര്‍ഷം നിശ്ചിത തുക (ഉദാഹരണത്തിന് 25 ലക്ഷം രൂപ) മാത്രമേ സ്വീകരിക്കാന്‍ കഴിയൂ എന്ന് പരിധി വയ്ക്കും. ഉയര്‍ന്ന വരുമാനവും മറ്റുമുള്ളവര്‍ക്ക് ഈ പരിധിയുണ്ടാകില്ല. അല്ലാത്തവര്‍ക്ക് ഈ പരിധിക്കു മുകളിലുള്ള തുക വന്നാല്‍ 'ഷാഡോ ക്രെഡിറ്റ്' എന്ന പേരില്‍ സൂക്ഷിക്കും. ഇടപാടുകള്‍ യഥാര്‍ഥമെന്ന് വ്യക്തമാക്കുന്ന തെളിവ് ബാങ്കിനു സമര്‍പ്പിച്ചാല്‍ പണം അക്കൗണ്ടിലെത്തും. ഇല്ലെങ്കില്‍ പണം വന്ന അക്കൗണ്ടിലേക്ക് തിരികെപ്പോകും.
കില്‍ സ്വിച്ച്: ഡിജിറ്റല്‍ അറസ്റ്റ് പോലെയുള്ള തട്ടിപ്പുകളില്‍പ്പെട്ടുവെന്ന് സംശയം തോന്നിയാല്‍ ഒറ്റ ബട്ടണില്‍ ഞെക്കിയാല്‍ സ്വന്തം അക്കൗണ്ടുകളില്‍ നിന്നുള്ള എല്ലാഓണ്‍ലൈന്‍ പണമിടപാട് സംവിധാനവും ഒറ്റയടിക്ക് മരവിപ്പിക്കാനുള്ള സംവിധാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates