

തിരുവനന്തപുരം: കോവിഡിന് പിന്നാലെ ടൂറിസം മേഖലയില്‍ ഉണ്ടായ വളര്‍ച്ച അഭിമാനകരമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദത്തില്‍ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 600 ശതമാനം വര്‍ധനവ് ഉണ്ടായി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 196 ശതമാനത്തിന്റെ വര്‍ധനവും രേഖപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു.
2022ന്റെ ആദ്യ മൂന്ന് പാദങ്ങളിലെ കണക്കു അനുസരിച്ച് 1,33,80,000 ആഭ്യന്തര വിനോദ സഞ്ചാരികള്‍ എത്തി. ഇത് സര്‍വകാല റെക്കോര്‍ഡാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം ടൂറിസ്റ്റുകളെത്തിയിട്ടുള്ളത് 28,93,631 സഞ്ചാരികള്‍ ഇവിടെയെത്തി. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
ടൈം മാഗസിന്‍ ലോകം കണ്ടിരിക്കേണ്ട 50 ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി കേരളത്തെ തെരഞ്ഞെടുത്തു, കാരവന്‍ പോളിസിയെ ടൈം മാഗസിന്‍ അഭിനന്ദിച്ചു. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ കേരളം ജനപ്രിയ പവലിയനായി മാറി, സംസ്ഥാനത്തിന്റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയടക്കമുള്ള ടൂറിസം പദ്ധതികള്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ട്രാവല്‍ പ്ലസ് ലിഷര്‍ മാഗസന്‍ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ ആയി കേരളത്തെ തെരഞ്ഞെടുത്തതും ലോക ടൂറിസം മാപ്പില്‍ സംസ്ഥാനത്തിനുണ്ടായ ഉയര്‍ച്ച സൂചിപ്പിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
ടൂറിസം മേഖലയിലുണ്ടായ 120 ശതമാനത്തിന്റെ വളര്‍ച്ച ജിഡിപി കുതിപ്പിന് സഹായമായിട്ടുണ്ട്. ടൂറിസം രംഗത്ത് നടപ്പാക്കുന്ന നവീന പദ്ധതികളുടെ തുടര്‍ച്ചയെന്നോണം കാരവാന്‍ പാര്‍ക്കുകള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കെടിഡിസിയുടെ സഹായത്തോടെ ബോള്‍ഗാട്ടി, കുമരകം വാട്ടര്‍സ്‌കേപ് എന്നിവിടങ്ങളില്‍ കാരവന്‍ പാര്‍ക്ക് നിര്‍മ്മിക്കും. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ മികവുറ്റതാക്കാന്‍ ഉടന്‍ ഇടപെടലുണ്ടാകും.
ഡെസ്റ്റിനേഷന്‍ ചലഞ്ച് 2023ല്‍ 100ല്‍ പരം പുതിയ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാവുന്ന തരത്തില്‍ ആസൂത്രണം ചെയ്തു വരുന്നുണ്ട്. 40 ശതമാനം ത്രിതലപഞ്ചായത്തുകളുടെ കൂടി ഇടപെടലോടെ ആണ് പദ്ധതി നടപ്പിലാക്കുക.ഇതിനു പുറമെ 2021ല്‍ ജനകീയമായി മാറിയ വാട്ടര്‍ ഫെസ്റ്റ് ഈ ഡിസംബറില്‍ വീണ്ടും നടക്കുന്നകാര്യവും മന്ത്രി അറിയിച്ചു.
റെസ്റ്റ്ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 2021 നവംബര്‍ 1 മുതല്‍ 2022 നവംബര്‍ 1 വരെ 67,000 പേര്‍ സൗകര്യം പ്രയോജനപ്പെടുത്തി. ഹോസ്പിറ്റാലിറ്റി രംഗത്ത് നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ടൂറിസം ക്ലബ്ബുകള്‍ ശക്തിപ്പെടുത്തും. വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ എന്നിവര്‍ക്കു പുറമെ ഓട്ടോറിക്ഷാ തൊഴിലാളികളെ കൂടി ടൂറിസം പ്രചാരണത്തിന്റെ ഭാഗമാക്കാന്‍ പദ്ധതിയുണ്ട്. ഇതിനെക്കൂടാതെ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിദേശമലയാളികളെ ഉള്‍പ്പെടുത്തി ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കും.സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ടൂറിസത്തിന്റെ ഭാഗമായി ബേപ്പൂരിലേതിന് സമാനമായ കടല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കാനും മലയോര ടൂറിസമേഖലയ്ക്ക് പ്രാധാന്യം നല്‍കാനും വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹൈക്കിഗ്, ട്രെക്കിങ് സാധ്യതകള്‍ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കാനും പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates