

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് നടത്തുന്ന റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ന് അവസാനിക്കും. 541 ഒഴിവുകള്‍ നികത്തുന്നതിനുള്ള റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാര്‍ഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ sbi.co.in സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്.ജൂണ്‍ 24 ന് ആരംഭിച്ച അപേക്ഷാ വിന്‍ഡോയില്‍ രജിസ്‌ട്രേഷന്‍, ആവശ്യമായ രേഖകളുടെ അപ്ലോഡ്, ഫീസ് അടയ്ക്കല്‍, അന്തിമ സമര്‍പ്പണം എന്നിവ ഉള്‍പ്പെടുന്നു.
നാലു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടമായി നടക്കുന്ന പ്രിലിമിനറി പരീക്ഷയില്‍ ഒബ്‌ജെക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. ഉദ്യോഗാര്‍ഥികളുടെ ക്വാണ്ടിറ്റേറ്റീവ് അഭിരുചി, ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം, ലോജിക്കല്‍ റീസണിങ് തുടങ്ങിയവ അളക്കുന്ന തരത്തിലാണ് പ്രിലിമിനറി പരീക്ഷ.
യോഗ്യത നേടുന്നവര്‍ മെയിന്‍ പരീക്ഷയ്ക്ക് അര്‍ഹത നേടും. ഇതില്‍ ആഴത്തിലുള്ള വിശകലന, എഴുത്ത് കഴിവുകള്‍ പരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒബ്ജക്റ്റീവ്, വിവരണാത്മക ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. വ്യക്തിത്വ സവിശേഷതകള്‍, പെരുമാറ്റ പ്രവണതകള്‍, തീരുമാനമെടുക്കല്‍ കഴിവുകള്‍ എന്നിവ വിലയിരുത്തുന്നതിനായി അവതരിപ്പിച്ച സൈക്കോമെട്രിക് ടെസ്റ്റ് ആണ് മൂന്നാം ഘട്ടം. ഇതില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ റിക്രൂട്ട്‌മെന്റിന്റെ അവസാന ഘട്ടമായി അഭിമുഖത്തിനും ഗ്രൂപ്പ് വ്യായാമത്തിനും ക്ഷണിക്കും. നേതൃത്വ, ആശയവിനിമയ കഴിവുകള്‍ ഈ ഘട്ടത്തില്‍ പരിശോധിക്കും.
അപേക്ഷിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം
ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദര്‍ശിക്കുക.
'കരിയേഴ്സ്' ടാബില്‍ ക്ലിക്ക് ചെയ്ത് 'കറന്റ് ഓപ്പണിങ്‌സ്' എന്നതിലേക്ക് നാവിഗേറ്റ് ചെയ്യുക.
എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് 2025 ലിങ്ക് കണ്ടെത്തി 'apply online' ല്‍ ക്ലിക്ക് ചെയ്യുക
വാലിഡ് ആയ ഒരു ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
കൃത്യമായ വിശദാംശങ്ങള്‍ സഹിതം അപേക്ഷാ ഫോം പൂരിപ്പിക്കുക.
നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.
ഫീസ് അടച്ച് ഫോം സമര്‍പ്പിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
