

മുംബൈ: കഴിഞ്ഞ ദിവസം കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് ശക്തമായി തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 1500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിലവില്‍ 84000 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് അടുക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 25,500 പോയിന്റ് മറികടന്നാണ് മുന്നേറുന്നത്.
എണ്ണവില കുറഞ്ഞതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് തുടരുന്നതുമാണ് വിപണിക്ക് കരുത്തായത്. ഈ മാസം നവംബര്‍ 19 വരെ ഒരു ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്. ആഗോള ബെഞ്ച്മാര്‍ക്ക് ആയ ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 90 ഡോളര്‍ എന്ന നിലയിലാണ്. എച്ച്ഡിഎഫ്‌സി ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കുന്നത്. ഹിന്‍ഡാല്‍കോ, ടൈറ്റന്‍ കമ്പനി, ടിഎംപിവി, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഓഹരികള്‍ നഷ്ടത്തിലാണ്.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 23 പൈസയുടെ നേട്ടത്തോടെ 92.62ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും എണ്ണവില കുറഞ്ഞതും അടക്കമുള്ള വിഷയങ്ങളാണ് രൂപയ്ക്ക് കരുത്തായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates