പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഏതാണ് നല്ലത്?, സുകന്യ സമൃദ്ധി യോജന vs എസ്‌ഐപി; താരതമ്യപഠനം

പെണ്‍കുട്ടികളുടെ ഭാവി മുന്നില്‍ കണ്ട് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ മുന്നില്‍ വരാന്‍ സാധ്യതയുള്ള രണ്ട് നിക്ഷേപ പദ്ധതികളാണ് സുകന്യ സമൃദ്ധി യോജനയും എസ്‌ഐപിയും
Sukanya Samriddhi Yojana vs sip
Sukanya Samriddhi Yojana vs sipAi image
Edited By:
Updated on
3 min read

പെണ്‍കുട്ടികളുടെ ഭാവി മുന്നില്‍ കണ്ട് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെ മുന്നില്‍ വരാന്‍ സാധ്യതയുള്ള രണ്ട് നിക്ഷേപ പദ്ധതികളാണ് സുകന്യ സമൃദ്ധി യോജനയും എസ്‌ഐപിയും. ഇതില്‍ ഏത് തെരഞ്ഞെടുക്കണമെന്ന സംശയം സ്വാഭാവികമായി ഉയര്‍ന്നുവരാം. അതിനാല്‍ ആദ്യം ഇവ രണ്ടും എന്താണ് എന്ന് നോക്കാം.

സുകന്യ സമൃദ്ധി യോജന

ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്.

വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആയതുകൊണ്ടുതന്നെ സുരക്ഷ 100 ശതമാനമാണ്. നിക്ഷേപത്തിന് ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ നേടാനും സാധിക്കും. ഈ സ്‌കീമിന് കീഴില്‍ അക്കൗണ്ട് തുറക്കാന്‍ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, താമസ രേഖ എന്നിവ ആവശ്യമാണ്.

നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

എസ്ഐപി നിക്ഷേപം

ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി ചാഞ്ചാട്ടത്തിലാണെങ്കിലും ഭാവിയില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്നതടക്കമുള്ള ഘടകങ്ങളാണ് നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് പിന്നില്‍. വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാണെങ്കില്‍ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് എസ്‌ഐപിയാണ്.

നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് എസ്ഐപി വഴി മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. കയറ്റിറക്കങ്ങളില്‍ ആവറേജ് ചെയ്യുന്നത് കൊണ്ട് വലിയ റിസ്‌ക് വരുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

കൂട്ടുപലിശയുടെ ശക്തിയാണ് എസ്‌ഐപി നിക്ഷേപങ്ങളുടെ ഏറ്റവും വലിയ നേട്ടം. ആദ്യ വര്‍ഷങ്ങളില്‍ സമ്പാദ്യം വളരുന്നത് പ്രധാനമായും ഓരോ മാസവും അടയ്ക്കുന്ന തുകയിലൂടെയാണ്. എന്നാല്‍ സമയം കടന്നുപോകുമ്പോള്‍, ലാഭത്തില്‍ നിന്ന് വീണ്ടും ലാഭം ഉണ്ടായിത്തുടങ്ങുകയും ഇത് നിക്ഷേപത്തിന്റെ വളര്‍ച്ചയെ വേഗത്തിലാക്കുകയും ചെയ്യും. അതുകൊണ്ടാണ് വിപണിയിലെ ശരിയായ സമയം പ്രവചിക്കുന്നതിനേക്കാള്‍ പ്രധാനം വിപണിയില്‍ ദീര്‍ഘകാലം തുടരുന്നതാണെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്.

എസ്ഐപി vs സുകന്യ സമൃദ്ധി യോജന

ഇവയില്‍ ഏതാണ് നല്ലത് എന്ന തരത്തില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇവ രണ്ടിന്റേയും ഉദ്ദേശലക്ഷ്യങ്ങള്‍ വ്യത്യസ്തമാണ്. സുകന്യ സമൃദ്ധി യോജന ഗ്യാരണ്ടീഡ് സ്‌കീമാണ്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ഇതിന് ഉണ്ട്. അതിനാല്‍ റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് പറ്റിയ സ്‌കീമാണ് സുകന്യ സമൃദ്ധി യോജന. നിക്ഷേപിക്കുന്ന പണം സുരക്ഷിതമായിരിക്കുന്നതിന് പുറമേ മികച്ച റിട്ടേണും ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സ്വീകരിക്കാവുന്നതാണ്.

എന്നാല്‍ റിസ്‌ക് എടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് എസ്‌ഐപി തെരഞ്ഞെടുക്കാവുന്നതാണ്. ഉദാഹരണമായി പ്രതിമാസം ആയിരം രൂപ വീതം വര്‍ഷം 12000 രൂപ എസ്ഐപിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ 9.68 ലക്ഷം രൂപയാണ് ലഭിക്കുക. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ കണക്കാക്കിയാണ് ഈ കണക്ക്. ഫിനാന്‍ഷ്യല്‍ പോര്‍ട്ടലുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് എസ്‌ഐപി കണക്കുകൂട്ടല്‍ ഫോര്‍മുലയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്. എന്നാല്‍ പ്രതിവര്‍ഷം 12000 രൂപ വീതം സുകന്യ സമൃദ്ധി യോജനയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ 6.07 ലക്ഷം രൂപയാണ് ലഭിക്കുക.

രണ്ടിലും പ്രതിവര്‍ഷം നിക്ഷേപിക്കുന്നത് ഒരു ലക്ഷം രൂപ വീതമാണെങ്കില്‍ 15 വര്‍ഷം കൊണ്ട് നിക്ഷേപം 15 ലക്ഷം രൂപയായി മാറും. സുകന്യ സമൃദ്ധി യോജനയില്‍ പലിശ വരുമാനമായി മാത്രം 31,18,385 രൂപ ലഭിക്കും. അങ്ങനെയെങ്കില്‍ പലിശവരുമാനവും മൊത്തം നിക്ഷേപവും കൂടി കൂട്ടുമ്പോള്‍ 15 വര്‍ഷം കഴിഞ്ഞാല്‍ കൈയില്‍ കിട്ടുക 46,18,385 രൂപയാണ്.

അതേസമയം എസ്ഐപിയില്‍ ആണെങ്കില്‍ വര്‍ഷംതോറും ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കണക്കുകൂട്ടിയാല്‍ റിട്ടേണായി മാത്രം 39,65,936 രൂപയാണ് ലഭിക്കുക. അങ്ങനെയെങ്കില്‍ നിക്ഷേപവും കൂടി കൂട്ടിയാല്‍ മൊത്തം കൈയില്‍ കിട്ടുക 50 ലക്ഷത്തിലധികം രൂപയാണ്. എന്നാല്‍ എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് സ്‌കീമല്ല. മാര്‍ക്കറ്റില്‍ ഉണ്ടാവുന്ന മാറ്റത്തിന് അനുസരിച്ച് റിട്ടേണില്‍ മാറ്റം ഉണ്ടാവും.

രണ്ടിലും നിക്ഷേപിച്ചാല്‍

നിക്ഷേപത്തെ രണ്ടായി വീതിച്ച് ഒന്ന് സുകന്യ സമൃദ്ധി യോജനയിലും രണ്ടാമത്തെ തുക എസ്‌ഐപിയിലും നിക്ഷേപിക്കുന്നതാണ് ഏറ്റവും നല്ല ഓപ്ഷന്‍ എന്നും ചില വിപണി വിദഗ്ധര്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ റിസ്‌ക് കുറയ്ക്കാനും മികച്ച റിട്ടേണ്‍ ലഭിക്കാനും സഹായകമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Sukanya Samriddhi Yojana vs sip
അദാനി ഗ്രൂപ്പിന്റെ വിമാന കമ്പനി വരുന്നു? നിയമത്തില്‍ ഇളവ് തേടി അപേക്ഷ നല്‍കി
Sukanya Samriddhi Yojana vs sip
എടിഎം പിന്‍ എന്തുകൊണ്ട് നാല് അക്കങ്ങളായി? പിന്നിലുണ്ടൊരു കൗതുകം
Summary

SIP vs Sukanya Samriddhi Yojana: Which can offer higher returns?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com