

കൊളംബോ: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജ്ജ വിപണികളെ ബാധിച്ച പശ്ചാത്തലത്തില്‍ ഇന്ധനവിലയില്‍ ഏകദേശം 25 ശതമാനത്തിന്റെ വര്‍ധന പ്രഖ്യാപിച്ച് ശ്രീലങ്ക. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ വര്‍ധനവാണിത്.
നേരത്തെ 317 രൂപയായിരുന്ന പെട്രോളിന്റെ വില 398 രൂപയായി ഉയര്‍ന്നു. അതേസമയം പൊതുഗതാഗത രംഗത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഡീസല്‍ വില ലിറ്ററിന് 79 രൂപയാണ് വര്‍ധിച്ചത്. 382 രൂപയാണ് പുതിയ ഡീസല്‍ വില. ഉപഭോഗം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് ഇന്ധന റേഷനിങ്് നടപടികള്‍ക്കൊപ്പമാണ് കഴിഞ്ഞയാഴ്ച എട്ടു ശതമാനം വില വര്‍ധന പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ പരിഷ്‌കരണം. വര്‍ദ്ധിച്ചുവരുന്ന ഇറക്കുമതി ചെലവുകളും വിതരണ അനിശ്ചിതത്വങ്ങളും സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചത്.
ഇന്ധന ആവശ്യങ്ങള്‍ക്കായി ശ്രീലങ്ക പൂര്‍ണ്ണമായും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. രാജ്യം പ്രധാനമായും സിംഗപ്പൂര്‍, മലേഷ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നാണ് ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. ഗതാഗത ചെലവില്‍ ഉണ്ടാവുന്ന വില വര്‍ധന മൊത്തത്തിലുള്ള പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.അതേസമയം, പശ്ചിമേഷ്യന്‍ പ്രതിസന്ധിയുടെ അലയൊലികള്‍ ദക്ഷിണേഷ്യയിലുടനീളം അനുഭവപ്പെട്ട് തുടങ്ങി. ഇന്ധന വിതരണ തടസ്സങ്ങളില്‍ ആശങ്കയിലാണ് രാജ്യങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates