സുകന്യ സമൃദ്ധി യോജന vs പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്; പെണ്‍കുട്ടിയുടെ ഭാവിക്ക് മികച്ച പ്ലാന്‍ ഏത്?, താരതമ്യം

സുകന്യ സമൃദ്ധി യോജനയും പിപിഎഫും സുരക്ഷിത നിക്ഷേപമാര്‍ഗങ്ങളാണ്.
Sukanya Samriddhi Vs PPF
Sukanya Samriddhi Vs PPFFILE
Edited By:
Updated on: 
2 min read

വിദ്യാഭ്യാസം ഉള്‍പ്പെടെ പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനെ കുറിച്ച് ചിന്തിക്കാത്ത മാതാപിതാക്കള്‍ ആരും ഉണ്ടാവില്ല. ഭാവി സുരക്ഷിതമാക്കാന്‍ എവിടെ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം ലഭിക്കുമെന്ന ചിന്തയില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. കുട്ടികള്‍ക്കു വേണ്ടിയുള്ള സമ്പാദ്യ പദ്ധതികളില്‍ സുകന്യ സമൃദ്ധി യോജനയും പിപിഎഫും മികച്ച നേട്ടം നല്‍കുന്നവയാണ്.

സുകന്യ സമൃദ്ധി യോജനയും പിപിഎഫും സുരക്ഷിത നിക്ഷേപമാര്‍ഗങ്ങളാണ്. വര്‍ദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവുകളും മറ്റും കണക്കിലെടുത്താല്‍ ചിട്ടയായ സാമ്പത്തിക ആസൂത്രണം ഏതൊരു കുടുംബത്തിനും അനിവാര്യമാണ്. അതിനാല്‍ ദീര്‍ഘകാല സമ്പാദ്യ പദ്ധതികള്‍ക്കാണ് മാതാപിതാക്കള്‍ പ്രാധാന്യം നല്‍കുന്നത്. രക്ഷിതാക്കള്‍ക്ക് തങ്ങളുടെ പ്രതിമാസ വരുമാനത്തില്‍ നിന്നും നിശ്ചിത തുക എല്ലാ മാസവും മാറ്റി വെച്ചാല്‍ കുട്ടികള്‍ വലുതാവുമ്പോഴേക്കും അവരുടെ ആവശ്യങ്ങള്‍ക്ക് വലിയൊരു തുക സമ്പാദിക്കാന്‍ സാധിക്കും.

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്):

ഈ സ്‌കീമില്‍ ഏതൊരു ഇന്ത്യന്‍ പൗരനും നിക്ഷേപിക്കാം. കുട്ടികളുടെ ഭാവിക്ക് വേണ്ടി മാതാപിതാക്കള്‍ക്കും പിപിഎഫില്‍ നിക്ഷേപം തുടങ്ങാം. പ്രതിവര്‍ഷം 7.1 ശതമാനം പലിശ നിരക്കാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. ഈ സ്‌കീമില്‍ ഓരോ വര്‍ഷവും 1.5 ലക്ഷം വരെ നിക്ഷേപിക്കാം. ഇതൊരു ദീര്‍ഘകാല പദ്ധതിയാണ്.

ആദ്യത്തെ 15 വര്‍ഷം വരെ ലോക്ക്-ഇന്‍- പിരിയഡായിരിക്കും. പക്ഷേ, നിക്ഷേപം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 5 വര്‍ഷത്തെ ഓരോ ബ്ലോക്കുകളാക്കി കാലാവധി നീട്ടാം. ഇത് വരുമാനം വര്‍ദ്ധിക്കാന്‍ കാരണമാവുന്നു. നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി പ്രകാരം ഇളവുകളും ലഭിക്കും.

സുകന്യ സമൃദ്ധി യോജന:

2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഈ പദ്ധതി ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി.

നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം. അതായത് അക്കൗണ്ട് കൈവശമുള്ള പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായ ഒരു രോഗം മൂലം ചികിത്സ ആവശ്യമായി വന്നാലോ, അക്കൗണ്ട് നടത്തുന്ന രക്ഷിതാവ് മരണപ്പെട്ടാലോ നേരത്തെ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അനുവാദമുണ്ട്.

സുകന്യ സമൃദ്ധി യോജന vs പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

ഉദാഹരണമായി സുകന്യ സമൃദ്ധി യോജനയില്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 15 വര്‍ഷം കൊണ്ട് നിക്ഷേപം 15 ലക്ഷം രൂപയാകും. 21 വര്‍ഷം കഴിഞ്ഞ് മാത്രമേ തുക പിന്‍വലിക്കാനാവൂ. പലിശ സഹിതം കൈയില്‍ കിട്ടുക 47.88 ലക്ഷം രൂപയാണ്. പലിശയിനത്തില്‍ മാത്രം 31.18 ലക്ഷം രൂപ കിട്ടും.

പിപിഎഫിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ 15 വര്‍ഷം കഴിഞ്ഞാല്‍ 27.12 ലക്ഷം രൂപയാണ് ലഭിക്കുക. 15 വര്‍ഷം കഴിയുമ്പോള്‍ പലിശയിനത്തില്‍ മാത്രം 12.12 ലക്ഷം രൂപയാണ് കൈയില്‍ കിട്ടുക. ഇതും വര്‍ഷംതോറും അടയ്ക്കുന്ന ഒരു ലക്ഷം രൂപ പതിനഞ്ച് വര്‍ഷമാകുമ്പോഴുള്ള 15 ലക്ഷം രൂപയും കൂടി ചേരുമ്പോഴാണ് 27.12 ലക്ഷം രൂപയാകുന്നത്. സുകന്യ സമൃദ്ധി യോജനയും പിപിഎഫും തമ്മില്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ കൂടുതല്‍ നേട്ടം സുകന്യ സമൃദ്ധി യോജനയിലാണ് എന്ന് കാണാം.

Sukanya Samriddhi Vs PPF
കുട്ടിയുടെ വിദ്യാഭ്യാസത്തിന് 30 ലക്ഷം രൂപയുടെ ഫണ്ട് വേണോ?; അറിയാം എല്‍ഐസിയുടെ മൂന്ന് കിടിലൻ പ്ലാനുകള്‍
Sukanya Samriddhi Vs PPF
'2000 രൂപ സൗജന്യമായി ലഭിക്കും', എയര്‍ടെലിന്റെ പേരില്‍ ദീപാവലി ഓഫര്‍; തട്ടിപ്പില്‍ വീഴരുതെന്ന് മുന്നറിയിപ്പ്
Summary

Sukanya Samriddhi Vs PPF: Which Govt Scheme Is Better?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER