

ന്യൂഡല്‍ഹി: കാറുകളുടെ വില വര്‍ധിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, ഔഡി എന്നി കമ്പനികളാണ് പ്രധാനമായി കാറുകളുടെ വില വര്‍ധിപ്പിച്ചത്. പണപ്പെരുപ്പത്തെ തുടര്‍ന്ന് ഘടക ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഉണ്ടായ വര്‍ധനയാണ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനികള്‍ വിശദീകരിച്ചു.
ഡിസംബര്‍ ഒന്നുമുതല്‍ വാഹനങ്ങളുടെ വില ശരാശരി 0.5 ശതമാനം വര്‍ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് അറിയിച്ചു. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും വില വര്‍ധന ബാധകമാണ്. ഡിസംബര്‍ ഒന്നുമുതല്‍ തെരഞ്ഞെടുത്ത കാര്‍ മോഡലുകളുടെയും വകഭേദങ്ങളുടെയും വിലയില്‍ 8000 രൂപ വരെ വര്‍ധന വരുത്തുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, തെരഞ്ഞെടുത്ത മോഡലുകളുടെ വില നവംബര്‍ 22 മുതല്‍ തന്നെ വര്‍ധിപ്പിച്ചിട്ടുണ്ട്. ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി, തങ്ങളുടെ എല്ലാ മോഡലുകളുടെയും വിലയില്‍ ജനുവരി ഒന്നുമുതല്‍ രണ്ടുശതമാനം വരെ വര്‍ധന വരുത്തുമെന്ന് അറിയിച്ചു. ഘടക ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഉണ്ടായ വര്‍ധനയെ തുടര്‍ന്ന് കാറുകളുടെ നിര്‍മ്മാണ ചെലവ് വര്‍ധിച്ചു. ഇതിന്റെ ആഘാതം ഭാഗികമായി ലഘൂകരിക്കുന്നതിനായാണ് വില പരിഷ്‌കരണമെന്നാണ് കമ്പനികളുടെ വിശദീകരണം.
മാരുതി സുസുക്കി ഈ വര്‍ഷം ഇതുവരെ നാല് തവണയാണ് കാറുകളുടെ വില കൂട്ടിയത്. ജൂണ്‍, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു ഇതിന് മുന്‍പത്തെ വില വര്‍ധന. ജനുവരി, ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇതിന് മുന്‍പ് വില വര്‍ധിപ്പിച്ചത്. ടാറ്റാ മോട്ടോഴ്‌സും ഈ വര്‍ഷം നാലാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates