

മുംബൈ: അമേരിക്ക- ബംഗ്ലാദേശ് വ്യാപാര കരാറിന് പിന്നാലെ ഓഹരി വിപണിയില്‍ ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ കമ്പനികള്‍ക്ക് വലിയ ഇടിവ്. കരാര്‍ ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലാണ് ഇടിവിന്റെ പ്രധാന കാരണം. തിങ്കളാഴ്ചയാണ് അമേരിക്കയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാര കരാര്‍ അന്തിമമായത്. കരാര്‍ അനുസരിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അമേരിക്ക ചുമത്തുന്ന മൊത്തത്തിലുള്ള താരിഫ് 19 ശതമാനമായാണ് കുറഞ്ഞത്.
ഇത് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം കാഴ്ച വെച്ചിരുന്ന ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്ട്‌സ് (3 ശതമാനം), നിതിന്‍ സ്പിന്നേഴ്‌സ് (2.5 ശതമാനം), കെപിആര്‍ മില്‍സ് (5 ശതമാനം), വര്‍ദ്ധമാന്‍ ടെക്‌സ്‌റ്റൈല്‍സ് (3 ശതമാനം) എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്. യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ താരിഫ് ഇപ്പോള്‍ 18 ശതമാനം ആണ്. 50 ശതമാനത്തില്‍ നിന്നാണ് 18 ശതമാനമായി കുറച്ചത്. എന്നിരുന്നാലും യുഎസ്-ബംഗ്ലാദേശ് കരാറിലെ ഒരു വ്യവസ്ഥയാണ് ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍, സ്പിന്നിംഗ് വ്യവസായത്തിന് പ്രധാന തിരിച്ചടിയായിരിക്കുന്നത്.
യുഎസ്-ബംഗ്ലാദേശ് വ്യാപാര കരാറിലെ പ്രധാന പ്രഖ്യാപനങ്ങള്‍
ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നേരത്തെ 37 ശതമാനമായിരുന്നു താരിഫ്. ഇതാണ് 19 ശതമാനമായി കുറച്ചത്. അമേരിക്കയുടെ തുണി ഇറക്കുമതിയുടെ കാര്യത്തില്‍ ബംഗ്ലാദേശ് ഇപ്പോഴും നിര്‍ണായക വ്യാപാര പങ്കാളികളില്‍ ഒന്നാണ്. യുഎസ് പരുത്തി ഉപയോഗിച്ചാണ് തുണിത്തരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതെങ്കില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ടെക്‌സ്റ്റൈല്‍ കയറ്റുമതിക്ക് തീരുവ ചുമത്തില്ല എന്നതാണ് കരാറിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. അതായത് ഇത്തരത്തില്‍ ഇറക്കുമതി ചെയ്താല്‍ തീരുവ പൂര്‍ണമായി അമേരിക്ക ഒഴിവാക്കുമെന്ന വ്യാപാര കരാറിലെ വ്യവസ്ഥയാണ് ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ വ്യവസായത്തിന് വലിയ തിരിച്ചടിയാവുന്നത്.
ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ പരുത്തി ഇറക്കുമതിക്കാരാണ് ബംഗ്ലാദേശ്. തൊട്ടുപിന്നില്‍ ചൈനയും വിയറ്റ്‌നാമുമാണ്. അടുത്തിടെ ഇന്ത്യയില്‍ നിന്നുള്ള പരുത്തി ഇറക്കുമതിയില്‍ ബംഗ്ലാദേശ് മാറ്റം വരുത്തിയിരുന്നു. ബ്രസീലിനെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതാണ് പുതിയ മാറ്റം. ഇതോടെ ബംഗ്ലാദേശിലേക്കുള്ള മൊത്തം പരുത്തി ഇറക്കുമതിയുടെ 23-24% ഇപ്പോള്‍ ബ്രസീലില്‍ നിന്നാണ്. ഇന്ത്യയുടെ വിഹിതം 15 ശതമാനമായി കുറഞ്ഞു. വെസ്റ്റ് ആഫ്രിക്ക 15-20%, യുഎസ് 7-10% എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ പരുത്തി ഇറക്കുമതി. അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഇതില്‍ മാറ്റം വരുത്തുമെന്നാണ് കരുതുന്നത്. പരുത്തി ഇറക്കുമതിയില്‍ അമേരിക്കയുടെ വിഹിതം ഉയരാന്‍ ഇത് ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്ത്യയുടെ തുണിത്തരങ്ങളുടെയും പരുത്തിയുടെയും കയറ്റുമതിയെ എങ്ങനെ ബാധിക്കും?
യുഎസ്-ബംഗ്ലാദേശ് വ്യാപാര കരാറിലെ വ്യവസ്ഥ ഇന്ത്യന്‍ തുണി വ്യവസായത്തെ രണ്ട് തരത്തില്‍ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാഥമിക ഘട്ടത്തില്‍, ബംഗ്ലാദേശിലേക്കുള്ള ഇന്ത്യയുടെ പരുത്തി കയറ്റുമതി കുറയാന്‍ ഇത് ഇടയാക്കും. അതായത് പരുത്തിക്കായി ഇന്ത്യയെ ആശ്രയിക്കുന്നത് കുറയുമെന്ന് അര്‍ത്ഥം. ഇന്ത്യന്‍ പരുത്തി കയറ്റുമതിയുടെ 70 ശതമാനത്തിലധികവും ബംഗ്ലാദേശില്‍ നിന്നാണ്. പുതിയ വ്യാപാര കരാറിന്റെ ഫലമായി ബംഗ്ലാദേശിലേക്കുള്ള പരുത്തി കയറ്റുമതിയില്‍ ഉണ്ടാവാനിടയുള്ള ഇടിവ് നികത്താന്‍ ഇന്ത്യ പുതിയ വിപണികളെ കണ്ടെത്തേണ്ടതായി വരും.
യുഎസിലേക്കുള്ള ഇന്ത്യന്‍ തുണിത്തര കയറ്റുമതി കുറയാനും പുതിയ കരാര്‍ ഇടയാക്കും. യുഎസിലേക്കുള്ള ഇന്ത്യയുടെ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതി ഇപ്പോള്‍ തന്നെ സിംഗിള്‍ ഡിജിറ്റാണ്. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം 5-6 ശതമാനം മാത്രമാണ്. ബംഗ്ലാദേശിന്റെയും വിയറ്റ്‌നാമിന്റെയും വിഹിതം 9-10 ശതമാനമാണ്. വ്യാപാര കരാറിലെ യുഎസ് പരുത്തി ഉപയോഗിച്ച് നിര്‍മ്മിച്ചതാണെങ്കില്‍ ബംഗ്ലാദേശ് തുണിത്തരങ്ങളുടെ അമേരിക്കന്‍ കയറ്റുമതിക്ക് തീരുവ ചുമത്തില്ല എന്നതാണ് ബംഗ്ലാദേശിന് പ്രയോജനകരമാകുന്നത്. ഇത് അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ തുണിത്തര കയറ്റുമതിയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates