

ന്യൂഡല്‍ഹി: 2.5 കോടി ആധാര്‍ നമ്പറുകള്‍ യുഐഡിഎഐ പ്രവര്‍ത്തനരഹിതമാക്കി. ദുരുപയോഗം തടയുന്നതിനായി മരിച്ചവരുടെ ആധാര്‍ നമ്പറുകളാണ് പ്രവര്‍ത്തനരഹിതമാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാര്‍. 'ആധാര്‍ ഡാറ്റാബേസിന്റെ തുടര്‍ച്ചയായ കൃത്യതയും സമഗ്രതയും നിലനിര്‍ത്തുന്നതിനുള്ള രാജ്യവ്യാപകമായ ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി, യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2.5 കോടിയലധികം ആളുകളുടെ ആധാര്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കി. മരിച്ചവരുടെ ആധാര്‍ നമ്പറുകളാണ് പ്രവര്‍ത്തനരഹിതമാക്കിയതെന്ന് ഇലക്ട്രോണിക്‌സ്, ഐടി വകുപ്പുകളുടെ സഹമന്ത്രി ജിതിന്‍ പ്രസാദ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
ഒരു വ്യക്തിയ്ക്ക് മരണം സംഭവിച്ചാല്‍, സാധ്യതയുള്ള തട്ടിപ്പ് അല്ലെങ്കില്‍ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ അനധികൃതമായി ഉപയോഗിക്കല്‍ എന്നിവ തടയുന്നതിന് അവരുടെ ആധാര്‍ നമ്പര്‍ നിര്‍ജ്ജീവമാക്കേണ്ടത് അത്യാവശ്യമാണെന്നും ജിതിന്‍ പ്രസാദ പറഞ്ഞു. ഐഡന്റിറ്റി തട്ടിപ്പിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനും രാജ്യത്ത് ആനുകൂല്യങ്ങളുടെ ചോര്‍ച്ചയില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനും നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് അവരുടെ ബയോമെട്രിക്‌സ് 'ലോക്ക്' ചെയ്യാന്‍ ബയോമെട്രിക് ലോക്ക് ആന്‍ഡ് അണ്‍ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് അനധികൃത ഓതന്റിക്കേഷന്‍ ശ്രമങ്ങള്‍ തടയുന്നു. കബളിപ്പിക്കല്‍ തടയുന്നതിന് 'ഫേസ് ഓതന്റിക്കേഷന്‍' വിന്യസിച്ചിട്ടുണ്ട്. ഓഫ്ലൈന്‍ ഐഡന്റിറ്റി വെരിഫിക്കേഷനായി ആധാര്‍ സെക്യൂര്‍ ക്യുആര്‍ കോഡ്, ആധാര്‍ പേപ്പര്‍ലെസ് ഓഫ്ലൈന്‍ ഇ-കെവൈസി, ഇ-ആധാര്‍, ആധാര്‍ വെരിഫൈ ചെയ്യാവുന്ന ക്രെഡന്‍ഷ്യലുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates