ബാങ്ക് ജപ്തി ചെയ്ത വീടിനും സ്ഥലത്തിനും എന്ത് സംഭവിക്കും? ഉടമയ്ക്ക് തിരിച്ച് പിടിക്കാനാവില്ല, പുതിയ നിയമം പറയുന്നത്

home loan
home loan
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ബാങ്കില്‍ നിന്ന് വായ്പ എടുത്തിട്ട് തിരിച്ചടച്ചില്ലെങ്കില്‍ നിങ്ങളുടെ വിടീനും വസ്തുവിനും എന്ത് സംഭവിക്കും. പണയവസ്തു ബാങ്ക് ഏറ്റെടുത്ത് കഴിഞ്ഞാലുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കിട്ടാക്കടം തിരിച്ചുപിടിക്കുമ്പോള്‍ ജപ്തി ചെയ്ത സ്ഥാവര വസ്തുക്കള്‍ ബാങ്കുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച പുതുക്കിയ മാനദണ്ഡങ്ങള്‍ ആര്‍ബിഐ പുറത്തിറക്കി. 2026 ഒക്ടോബര്‍ 1 മുതലാണ് ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

ജപ്തി ചെയ്ത സ്വത്തുക്കളുടെ വില, അവയുടെ വില്‍പ്പന എന്നിവ അടക്കമുള്ള വിഷയങ്ങളിലാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ബാങ്കുകള്‍ക്ക് പിടിച്ചെടുത്ത സ്വത്തുക്കള്‍ ദീര്‍ഘനാള്‍ കൈവശം വയ്ക്കാന്‍ കഴിയില്ല, ബാങ്കുകള്‍ അവരുടെ ആഭ്യന്തര നയത്തില്‍ വ്യക്തമാക്കിയ സമയപരിധിക്കുള്ളില്‍ പരമാവധി ഏഴ് വര്‍ഷത്തെ കാലയളവിനുള്ളില്‍ സ്ഥാവര വസ്തുക്കള്‍ വിനിയോഗിക്കണമെന്നാണ് ആര്‍ബിഐ നിര്‍ദേശം.

ജപ്തി ചെയ്ത ആസ്തികള്‍ എത്രയും വേഗം വില്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ജപ്തി ചെയ്ത വസ്തുക്കള്‍ വില്‍ക്കുമ്പോള്‍ സുതാര്യത ഉറപ്പാക്കാന്‍, ബാങ്കുകള്‍ വസ്തു ഒരു പൊതു ലേലത്തില്‍ വയ്ക്കണം. വസ്തുവിന് നല്ല വില കിട്ടുന്നത് ഉറപ്പാക്കനാണിത്.

വായ്പ എടുത്ത വ്യക്തിക്ക് ഭൂമി തിരികെ വാങ്ങാന്‍ കഴിയില്ല

പുതിയ ചട്ടക്കൂടിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളില്‍ ഒന്ന്, ജപ്തി ചെയ്ത വസ്തുവോ, വീടോ വായ്പ എടുത്ത ആള്‍ക്കോ, തിരിച്ചടവില്‍ വീഴ്ച വരുത്തിയ ആള്‍ക്കോ, ബന്ധപ്പെട്ട കക്ഷികള്‍ക്കോ തിരികെ വില്‍ക്കാന്‍ കഴിയില്ല. വായ്പ എടുത്ത വ്യക്തിയെ വസ്തു വീണ്ടും വാങ്ങാന്‍ അനുവദിക്കണമെന്ന നിര്‍ദേശങ്ങള്‍ ആര്‍ബിഐ തള്ളി. ഇങ്ങനെ ചെയ്യുന്നത് തിരിച്ചടവില്‍ വീഴ്ച വരുത്തിയവര്‍ക്ക് സ്വത്ത് തിരികെ ലഭിക്കുന്നതിന് മുന്‍ഗണനാ അവസരം നല്‍കുമെന്നും ഇത് തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് ആര്‍ബിഐ പറയുന്നത്. ഉടമസ്ഥാവകാശം ഏറ്റെടുത്ത ശേഷം ബാങ്കുകള്‍ ജപ്തി ചെയ്ത ആസ്തികളുടെ വിലനിര്‍ണയത്തിലും ആര്‍ബിഐ നിര്‍ദേശമുണ്ട്. കുടിശിക വരുത്തിയ വായ്പയുടെ ആകെ മൂല്യം അല്ലെങ്കില്‍ പുറത്തുനിന്ന് രണ്ട് വിദഗ്ധര്‍ നിര്‍ദേശിച്ച വസ്തുവിലയുടെ താഴെ ആയിരിക്കണം.

സാധാരണ വായ്പാ ബിസിനസിന്റെ ഭാഗമായി ബാങ്കുകള്‍ സാധാരണയായി സാമ്പത്തികേതര ആസ്തികള്‍ സ്വന്തമാക്കാന്‍ പാടില്ല എന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വായ്പ നിഷ്‌ക്രിയ ആസ്തിയായി മാറുകയും, നിയമപരമായോ കരാര്‍ പ്രകാരമോ വീണ്ടെടുത്താല്‍ ഈടായി വാഗ്ദാനം ചെയ്ത സ്വത്തിന്റെ ഉടമസ്ഥാവകാശം ബാങ്ക് ഏറ്റെടുക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ ഈ മാനദണ്ഡങ്ങള്‍ ബാധകമാകൂ. സര്‍ഫാസി ആക്ട് പോലുള്ള നിയമങ്ങള്‍ പ്രകാരം ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിന് മുമ്പ് കടം വാങ്ങുന്നവര്‍ക്ക് ലഭ്യമായ നിയമപരമായ അവകാശങ്ങളോ പരിഹാരങ്ങളോ അവ മാറ്റുന്നില്ല.

Summary

What happens after bank takes over your property? RBI's new rules explained

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com