

പഠിക്കുന്ന കുട്ടികള്‍ക്ക് ചെലവിനായി മാതാപിതാക്കള്‍ പോക്കറ്റ് മണി കൊടുക്കുന്നത് പതിവാണ്. ഇത്തരം ചെലവുകള്‍ യുപിഐ വഴി സുഗമമായി നിര്‍വഹിക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ മാസങ്ങള്‍ക്ക് മുന്‍പാണ് റിസര്‍വ് ബാങ്കിന്റെ കീഴിലുള്ള നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ അവതരിപ്പിച്ചത്. യുപിഐ സര്‍ക്കിള്‍ എന്ന പേരിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്. യുപിഐ സേവനം നല്‍കുന്ന പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പേയിലും ഈ ഫീച്ചര്‍ ലഭ്യമാണ്. നിലവില്‍ പോക്കറ്റ് മണി എന്ന പേരിലുള്ള ഫീച്ചര്‍ സുഗമമായി ഉപയോഗിക്കുന്നതിന് ചില പരിഷ്‌കരണങ്ങള്‍ വരുത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ. ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ പോക്കറ്റ് മണി കാണാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇത് വ്യാജമാണ് എന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ വീഴരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി
ബാങ്ക് അക്കൗണ്ട് ഇല്ലാത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും യുപിഐ പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് 'പോക്കറ്റ് മണി' ഫീച്ചര്‍. ഗൂഗിള്‍ പേ ഉപയോഗിക്കുന്ന നിലവിലെ ഉപയോക്താവ് 'പ്രൈമറി യൂസര്‍' ആയിരിക്കും. ഇവര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ജീവനക്കാരെയോ 'സെക്കന്‍ഡറി യൂസര്‍' ആയി ചേര്‍ക്കാന്‍ സാധിക്കും.
പ്രൈമറി ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തന്നെ സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് പണമിടപാടുകള്‍ നടത്താന്‍ ഇതിലൂടെ സാധിക്കും. കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കുന്നതിനും ആശ്രിതരെ സഹായിക്കുന്നതിനും ഇത് ഏറെ ഉപകാരപ്രദമാണ്.
രണ്ട് തരം നിയന്ത്രണങ്ങള്‍:
ഫുള്‍ ഡെലിഗേഷന്‍: ഇതിലൂടെ മാസം 15,000 രൂപ വരെ പരിധി നിശ്ചയിക്കാം. ഈ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് സെക്കന്‍ഡറി യൂസര്‍ക്ക് പ്രൈമറി യൂസറുടെ അനുവാദം കൂടാതെ തന്നെ നേരിട്ട് ഇടപാട് നടത്താം.
പാര്‍ഷ്യല്‍ ഡെലിഗേഷന്‍: ഇതില്‍ സെക്കന്‍ഡറി യൂസര്‍ നടത്തുന്ന ഓരോ ഇടപാടിനും പ്രൈമറി യൂസറുടെ അംഗീകാരം ആവശ്യമാണ്.
യുപിഎ സര്‍ക്കിളില്‍ എങ്ങനെയാണ് പോക്കറ്റ് മണി പ്രവര്‍ത്തിക്കുന്നത് എന്നുനോക്കാം
പ്രൈമറി യൂസര്‍ക്ക് ഗൂഗിള്‍ പേയില്‍ സജീവമായ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
പരമാവധി 5 സെക്കന്‍ഡറി ഉപയോക്താക്കളെ വരെ ചേര്‍ക്കാന്‍ സാധിക്കും.
സെക്കന്‍ഡറി യൂസറിന്റെ നമ്പര്‍ പ്രൈമറി യൂസറിന്റെ ഫോണ്‍ കോണ്‍ടാക്റ്റില്‍ ഉണ്ടായിരിക്കണം.
സെക്കന്‍ഡറി യൂസര്‍ ഗൂഗിള്‍ പേ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്തിരിക്കണം.
സെക്കന്‍ഡറി യൂസര്‍ക്ക് ഒരു യുപിഐ ഐഡി (UPI ID) അല്ലെങ്കില്‍ യുപിഐ സര്‍ക്കിള്‍ ക്യുആര്‍ കോഡ് (QR Code) ഉണ്ടായിരിക്കണം.
ഗൂഗിള്‍ പേയില്‍ 'പോക്കറ്റ് മണി' എങ്ങനെ സെറ്റ് ചെയ്യാം?
ഗൂഗിള്‍ പേ ആപ്പ് തുറക്കുമ്പോള്‍ തന്നെ ഈ സെക്ഷന്‍ കാണാന്‍ സാധിക്കും
സെക്കന്‍ഡറി യൂസറുടെ പേരോ ഫോണ്‍ നമ്പറോ തെരഞ്ഞടുക്കുക.
സെക്കന്‍ഡറി യൂസറുടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷം അപ്രൂവല്‍ സെറ്റിങ്സ് ക്രമീകരിക്കുക.
ഇതില്‍ 'Approve every payment' (ഓരോ പേയ്‌മെന്റിനും അനുവാദം നല്‍കുക) അല്ലെങ്കില്‍ 'Set a monthly limit' (പ്രതിമാസ പരിധി നിശ്ചയിക്കുക) എന്നിവയില്‍ ഒന്ന് തെരഞ്ഞെടുക്കാം.
പ്രതിമാസ പരിധിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ തുക രേഖപ്പെടുത്തുക.
സെക്കന്‍ഡറി യൂസറുമായുള്ള ബന്ധം, ഗവണ്‍മെന്റ് ഐഡി നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.
ലിങ്ക് ചെയ്യേണ്ട ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത ശേഷം ഇന്‍വൈറ്റ് (Invite) നല്‍കുക.
ഇന്‍വിറ്റേഷന്‍ അയക്കുന്നതിനായി UPI PIN നല്‍കേണ്ടതുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates