

വിജയവാഡ: അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ ആഗോള വിപണിയിലേക്ക് കൂടുതല്‍ എണ്ണ വരുന്നതിനാല്‍, ഭാവിയില്‍ ഇന്ധന വില കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് എസ് പുരി. എണ്ണവില കുറയുന്നത് വിലക്കയറ്റം കുറയാന്‍ സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ യുഎസ് ഭരണകൂടവുമായി ഇന്ത്യ ബന്ധം സ്ഥാപിച്ചത് പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യ-അമേരിക്കന്‍ ബന്ധം കൂടുതല്‍ ആഴത്തിലാകാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അര്‍ജന്റീന ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ലോകത്ത് ഇപ്പോള്‍ ആവശ്യത്തിന് എണ്ണ ഉണ്ട്. എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ച രാജ്യങ്ങള്‍ പോലും അവരുടെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ നിര്‍ബന്ധിതരാകും എന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ കൂടുതല്‍ എണ്ണ കുഴിച്ചെടുക്കുന്നതിനുള്ള നടപടികള്‍ക്ക് ആണ് ട്രംപ് ഭരണകൂടം തുടക്കമിട്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്. അതിനാല്‍, ആഗോള തലത്തില്‍ ഊര്‍ജ്ജ സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നു. കൂടുതല്‍ ഇന്ധനം വിപണിയില്‍ എത്തും. അത് വില കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ വിലയ്ക്ക് ആവശ്യത്തിന് ഇന്ധനം ലഭ്യമാകുമ്പോള്‍, അത് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം തുടര്‍ന്നു.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കുറഞ്ഞ വിലയ്ക്ക് ആവശ്യത്തിന് എണ്ണ സംഭരിക്കുക എന്നതാണ് ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം.ഡി-ഡോളറൈസേഷന്‍ ഒരു ലക്ഷ്യമല്ല. ഈ എണ്ണ ഇടപാടുകളില്‍ ഭൂരിഭാഗവും ഡോളറിലാണ്. എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നുവെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
പ്രതിദിനം 30 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ഉല്‍പ്പാദിപ്പിച്ചിരുന്ന ബ്രസീല്‍ എണ്ണ ഉല്‍പ്പാദനം കൂട്ടിയിട്ടുണ്ട്. ബ്രസീല്‍ ഇപ്പോള്‍ പ്രതിദിനം 140,000 മുതല്‍ 150,000 ബാരല്‍ വരെ അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഗയാന, കാനഡ പോലുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വരുന്നുണ്ട്. അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യമാണ്. പ്രതിദിനം 1.3 കോടി ബാരല്‍ എണ്ണയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. അവര്‍ 16 ലക്ഷം ബാരല്‍ കൂടി ഉല്‍പ്പാദിപ്പിക്കുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പെട്രോള്‍ വില കുറഞ്ഞ ഒരേയൊരു രാജ്യം ഇന്ത്യയാണ്.2022 ഫെബ്രുവരി മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ നിരവധി രാജ്യങ്ങളില്‍ പെട്രോള്‍ വിലയില്‍ വര്‍ധന ഉണ്ടായി. പാകിസ്ഥാനില്‍ മാത്രം 48 ശതമാനം വര്‍ധനയാണ് ഉണ്ടായത്. അമേരിക്കയില്‍ ഇത് 14.2 ശതമാനമാണ്. എന്നാല്‍ ഇന്ത്യയില്‍ 0.7 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്നും ഹര്‍ദീപ് എസ് പുരി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
