

ന്യൂഡൽഹി : ബി.എസ്.എൻ.എൽ മൊബൈൽ 4-ജി സേവനം ജൂൺ അവസാനത്തോടെ രാജ്യമൊട്ടാകെ ലഭ്യമാകും. ഇതിനായി കേന്ദ്ര സർക്കാർ 7,000 കോടി രൂപ അനുവദിക്കുമെന്ന് സൂചന. നിലവിൽ ബി.എസ്.എൻ.എൽ 4-ജി സേവനം ലഭിക്കുന്നത് കേരളത്തിലെ ഉടുമ്പൻചോലയിൽ മാത്രമാണ്. ഒഡിഷയിലും പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ ഫോർ-ജി വരുമെന്നാണ് റിപ്പോർട്ട്.
4 ജി സേവനം രാജ്യമൊട്ടാകെ ഏർപ്പെടുത്തുന്നതിനായി ബി.എസ്.എൻ.എൽ 5,500 കോടി രൂപയാണ് നീക്കിവെക്കുന്നത്. ഏപ്രിൽ മാസത്തിൽ ഇക്കാര്യത്തിൽ അന്തിമ അനുമതി ലഭിക്കുമെന്ന് ബിഎസ്എൻഎൽ ചെയർമാനും എംഡിയുമായ അനുപം ശ്രീവാസ്തവ അറിയിച്ചു. മഹാനഗർ ടെലികോം നിഗം ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി, മുംബൈ നഗരങ്ങളിൽ ഒഴികെ 4-ജി വ്യാപിപ്പിക്കാനാണ് ബിഎസ്എൻഎല്ലിന്റെ ശ്രമം.
പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എലിന് 4-ജി വിപുലമാക്കാൻ വേണ്ട അനുമതിയും പിന്തുണയും നൽകണമെന്ന് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി കേന്ദ്ര സർക്കാറിനോട് ശിപാർശ ചെയ്തിരുന്നു. സ്ഥാപനത്തിന്റെ നിലനിൽപ്പിനും മത്സരക്ഷമതക്കും ഇത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം മൊബൈൽ സേവന രംഗത്തുനിന്ന് ബി.എസ്.എൻ.എൽ പിന്തള്ളപ്പെടുമെന്നും സ്റ്റാൻഡിങ് കമ്മിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ 5-ജി സേവനം തുടങ്ങുന്നതിന് നോക്കിയ, ഇസഡ് ടിഇ എന്നീ കമ്പനികളുമായി ബി.എസ്.എൻ.എൽ ധാരണപത്രം ഒപ്പുവെച്ചു. 4-ജി വ്യാപിപ്പിക്കാനുള്ള കരാറും ഇൗ കമ്പനികൾക്കാണ്. അടുത്തവർഷത്തോടെ ഫൈവ്-ജി ഇന്ത്യയിൽ വരുമെന്നാണ് ബിഎസ്എൻഎല്ലിന്റെ പ്രതീക്ഷ. അടുത്ത ഒരു വർഷത്തിനിടയ്ക്ക് രാജ്യത്ത് ഒരു ലക്ഷം വൈഫൈ ഹോട്ട് സ്പോട്ട് സ്ഥാപിക്കാനും പദ്ധതിയുള്ളതായി ബിഎസ്എൻഎൽ ചെയർമാൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates