

ചെന്നൈ: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രാജ്യത്തെ ഏറ്റവും വലിയ പാല്‍ ബ്രാന്‍ഡായ അമുലിനെ ഒരു തരത്തിലും ബാധിച്ചില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ ആര്‍ എസ് സോധി. ലോക്ക്ഡൗണ്‍ കാലത്ത് പാല്‍ വിറ്റഴിച്ചത് വഴി അമുലിനെ ആശ്രയിച്ച് കഴിയുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് 8000 കോടി രൂപ കൈമാറിയതായും ആര്‍ എസ് സോധി പറഞ്ഞു. എക്‌സ്പ്രഷന്‍സ് പരമ്പരയുടെ ഭാഗമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചൗളയുടെയും എഴുത്തുകാരനും പത്ര പ്രവര്‍ത്തകനുമായ ശങ്കര്‍ അയ്യറുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആര്‍ എസ് സോധി. അമുലും ലോക്ക്ഡൗണും എന്ന വിഷയത്തിലായിരുന്നു സംവാദപരിപാടി.
ലോക്ക്ഡൗണ്‍ ഒരു തരത്തിലും അമുലിനെ ബാധിച്ചിട്ടില്ലെന്ന് ആര്‍ എസ് സോധി പറഞ്ഞു. ഇതുവരെ വിതരണശൃംഖലയില്‍ ഒരു തടസവും നേരിട്ടിട്ടില്ല. വിതരണശൃംഖലയിലെ ആര്‍ക്കും ഇതുവരെ കോവിഡ് ബാധിക്കാത്തതും ഒരു അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം പേരാണ് വിതരണ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ലോക്ക്്ഡൗണ്‍ കാലത്ത് അവശ്യസര്‍വീസ് എന്നതിലുപരി ദേശീയ താത്പര്യം മുന്‍നിര്‍ത്തി ജോലി ചെയ്യാനുളള ആഹ്വാനം അമുലിന്റെ കണ്ണിയായി പ്രവര്‍ത്തിക്കുന്ന ഓരോരുത്തരും ചെവിക്കൊണ്ടതാണ് തടസ്സങ്ങളില്ലാതെ സ്ഥാപനത്തെ മുന്നോട്ടുനയിച്ചതെന്നും സോധി പറഞ്ഞു.
60 ദിവസം നീണ്ട ലോക്ക്ഡൗണ്‍ കാലയളവില്‍ 8000 കോടി രൂപയാണ് ഗ്രാമീണ് സമ്പദ് വ്യവസ്ഥയ്ക്ക് കൈമാറിയത്. അതായത് മുന്‍കാലങ്ങളെ അപേക്ഷിച്ച് 800 കോടി രൂപ കൂടുതല്‍ നല്‍കാന്‍ സാധിച്ചു. 10-15 ശതമാനം തുക അധികം ഗ്രാമീണ ഇന്ത്യക്ക് നല്‍കാന്‍ കഴിഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് മറ്റു മേഖലകള്‍ എല്ലാം തളര്‍ച്ച നേരിടുമ്പോഴാണ് കൂടുതല്‍ തുക കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ കൈമാറാന്‍ സാധിച്ചത്. ഇതൊരു വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ തുക വാങ്ങാതെയും കര്‍ഷകര്‍ക്ക് നല്‍കുന്ന വിഹിതത്തില്‍ വെട്ടിക്കുറവ് വരുത്താതെയുമാണ് ഈ നേട്ടം. പഴയ പോലെ തന്നെയാണ് മുന്നോട്ടുപോയത്. കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരാനുളള ശ്രമങ്ങള്‍ നടത്തിയത് പോലെ തന്നെ സാമൂഹിക അകലം ഉള്‍പ്പെടെ കോവിഡ് കാലത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കാനും ശ്രമിച്ചതായി ആര്‍ എസ് സോധി പറഞ്ഞു.
36 ലക്ഷം കര്‍ഷകരാണ് അമുലിനെ ആശ്രയിച്ച് കഴിയുന്നത്. അതായത് അവശ്യസര്‍വീസ് എന്നതിലുപരി ലക്ഷകണക്കിന് കുടുംബങ്ങളുടെ ഉപജ്ജീവനമാര്‍ഗം കൂടിയാണ് അമുലിനെ കേന്ദ്രീകരിച്ച് നടക്കുന്നത്. 130 കോടി ഉപഭോക്താക്കളാണ് അമുലിന് ഉളളത്. ലോക്ക്ഡൗണ്‍ കാലത്ത് ഒരു മിനിറ്റ് പോലും തടസ്സമില്ലാതെ വിതരണം മുന്നോട്ടുപോയെങ്കിലും ഒരു കാര്യത്തില്‍ വിഷമമുണ്ടായതായി സോധി പറഞ്ഞു. അവശ്യ സര്‍വീസ് എന്ന നിലയില്‍ വിതരണത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് തടസ്സമില്ല. എന്നാല്‍ വിതരണം കഴിഞ്ഞ് തിരിച്ചുവരുന്ന ഡ്രൈവര്‍മാരോട് സമൂഹം സ്വീകരിച്ച സമീപനം വേദനയുണ്ടാക്കി. തിരിച്ചു നാട്ടില്‍ തിരിച്ചു വരുമ്പോള്‍ ഇവരെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായതായി അമുല്‍ എംഡി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates