ന്യൂഡല്‍ഹി: ഒടുവില്‍ ബിഎസ്എന്‍എല്‍ 4ജിയിലേക്ക് മാറുന്നു. പുതിയ 4ജി ടവറുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ ടെന്‍ഡര്‍ ബിഎസ്എൻഎൽ ക്ഷണിച്ചിരിക്കുകയാണിപ്പോൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 50,000 പുതിയ സൈറ്റുകളിലാണ് 4ജി ടവറുകള്‍ സ്ഥാപിക്കുക. ഇതിനായി 11,000 കോടി രൂപയുടെ ബജറ്റ് നീക്കി വെച്ചിരിക്കുന്നു.
മുംബൈയിലും ഡല്‍ഹിയിലുമായി 7000 4ജി സൈറ്റുകളാണുണ്ടാവുക. ഇവിടേക്ക് മാത്രമായി 8,697 കോടി രൂപയുടെ നിക്ഷേപം വേണ്ടി വരുമെന്ന് ഇടി ടെലികോം റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് എട്ടിനാണ് ടെന്‍ഡറുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. പഴയ 2ജി, 3ജി സൈറ്റുകള്‍ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ബിഎസ്എന്‍എലിന് പദ്ധതിയുണ്ട്. ഇതിന് 4000 കോടി രൂപയോളം അധികമായി വരും.
ജീവനക്കാര്‍ക്കായുള്ള ചെലവുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ വലിയ രീതിയിലുള്ള വികസന പദ്ധതികളാണ് ബിഎസ്എന്‍എല്‍ ആസൂത്രണം ചെയ്യുന്നത്. ബിഎസ്എന്‍എല്ലിന്റേയും എംടിഎന്‍എല്ലിന്റേയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 70,000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതില്‍ നിന്ന് 29,937 കോടി രൂപ വോളണ്ടറി റിട്ടയര്‍മെന്റ് ചെയ്യുന്നവർക്ക് വേണ്ടി നീക്കി വെച്ചു.
78,300 ബിഎസ്എന്‍എല്‍ ജീവനക്കാരും 14,378 എംടിഎന്‍എല്‍ ജീവനക്കാരുമാണ് വിആര്‍എസ് തിരഞ്ഞെടുത്തത്. ഇക്കാരണം കൊണ്ടുതന്നെ കമ്പനിയുടെ പ്രതിമാസ ചെലവ് വലിയ അളവില്‍ കുറയ്ക്കാനായി. ഇതുവഴി രാജ്യ വ്യാപകമായി 4ജി എത്തിക്കുന്നതിനായി ഫണ്ട് ചിലവഴിക്കാന്‍ ബിഎസ്എന്‍എലിന് സാധിച്ചു. ഇത് കൂടാതെ സര്‍ക്കാരില്‍ നിന്ന് 15000 കോടിയുടെ സോവറിന്‍ ഗാരന്റിയും ബിഎസ്എന്‍എലിന് ലഭിക്കാനുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates