

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (എഐസിടിഇ) എൻജിനിയറിങ്, ടെക്നോളജി ബിരുദ വിദ്യാർത്ഥികൾക്കായി പ്രതിരോധ സാങ്കേതികവിദ്യയിൽ മൈനർ ബിരുദത്തിനായുള്ള ഒരു മാതൃകാ പാഠ്യപദ്ധതി പുറത്തിറക്കി.
മുതിർന്ന പ്രതിരോധ, വ്യവസായ പ്രമുഖർക്കൊപ്പം എഐസിടിഇ ചെയർമാൻ ടി ജി. സീതാറാം രൂപകൽപ്പന ചെയ്ത ഡിഫൻസ് ടെക്നോളജി കോഴ്സ്, ഡിആർഡിഒ, സായുധ സേന, പ്രതിരോധ മേഖലയിലെ മാനുഫാക്ചറിങ് എന്നിവയിൽ കരിയർ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് ഗെയിം ചേഞ്ചറായി മാറുമെന്ന് കണക്കാക്കപ്പെടുന്നു.
ഡിഫൻസ് ടെക്നോളജി മൈനർ ബിരുദം, എൻജിനിയറിങ് വിദ്യാർത്ഥികൾക്ക് മിസൈലുകൾ, ഡ്രോണുകൾ, എയ്റോനോട്ടിക്കൽ സിസ്റ്റങ്ങൾ, നാവിക സാങ്കേതികവിദ്യകൾ, ആയുധ സംവിധാനങ്ങൾ, സൈബർ സുരക്ഷ, തുടങ്ങിയമേഖലകളുമായി ബന്ധപ്പെട്ട് സ്പെഷ്യലൈസ്ഡ് ആയ അറിവ് നൽകുന്നത് ലക്ഷ്യമിട്ടുള്ള പാഠ്യപദ്ധതിയാണ് ഇതിനുള്ളത്.
വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഫീൽഡ് സന്ദർശനങ്ങൾ, സെമിനാറുകൾ, ഹാൻഡ്സ്-ഓൺ പ്രോജക്ടുകൾ എന്നിവയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.
"പ്രതിരോധ മേഖലയിൽ ഇന്ത്യ ഒരു പ്രധാന പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്, ആത്മനിർഭർ ഭാരതിന് നൈപുണ്യമുള്ള പ്രതിഭകളെ വളർത്തിയെടുക്കേണ്ടത് നിർണായകമാണ്," ക്ലാസ് മുറികളും രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങളും തമ്മിലുള്ള വിടവ് നികത്തുന്നതിന് ഇത് പ്രധാന പങ്ക് വഹിക്കുമെന്ന് എ ഐ സി ടി ഇ ചെയർമാൻ ടി ജി സീതാറാം അഭിമുഖത്തിൽ പറഞ്ഞു.
പ്രതിരോധ വ്യവസായ മേഖലയുടെയും സായുധ സേനയുടെയും പിന്തുണയോടെ സായുധ സേനകൾ, ഡിആർഡിഒ, പ്രതിരോധ രംഗത്തെ മാനുഫാക്ചറേഴ്സ്, അക്കാദമിക് മേഖല എന്നിവരുമായി വിപുലമായ കൂടിയാലോചനകൾക്ക് ശേഷം തയ്യാറാക്കിയ ഈ പാഠ്യപദ്ധതി, വ്യവസായ ആവശ്യകതകളെ അക്കാദമിക് പരിശീലനവുമായി സന്തുലിതമായി സംയോജിപ്പിക്കുന്നു.
"ഇതുവരെ, ഈ മേഖലയിലെ മനുഷ്യവിഭവശേഷിയുടെ അഭാവം മൂലം ഇന്ത്യയുടെ പ്രതിരോധ വ്യവസായം ബുദ്ധിമുട്ടിലായിരുന്നു. ഈ സംരംഭം ആ വിടവ് നികത്തും," സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേഴ്സ് (എസ്‌ഐഡിഎം) പ്രസിഡന്റ് രജീന്ദർ സിങ് ഭാട്ടിയ പറഞ്ഞു.
മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയുടെ പ്രതിരോധ മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യയിൽ പരിശീലനം നേടിയ എൻജിനിയർമാരുടെ ആവശ്യം എക്കാലത്തെയുംകാൾ കൂടുതലാണ്. ഡിആർഡിഒ, സായുധ സേന, മുൻനിര പ്രതിരോധ സംവിധാന നിർമ്മാണ സ്ഥാപനങ്ങൾ എന്നിവയിലെ മികച്ച കരിയറിലേക്കുള്ള വഴിയായാകാം ഈ പുതിയ കോഴ്‌സ്.
ദേശീയ മുൻഗണനകളെ ഉന്നത വിദ്യാഭ്യാസവുമായി സമന്വയിപ്പിക്കുന്നതിനും, സ്വാശ്രയ പ്രതിരോധ ആവാസവ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകാൻ അടുത്ത തലമുറ എൻജിനിയർമാരെ സജ്ജമാക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത ഈ പദ്ധതി ഉറപ്പിക്കുന്നുവെന്ന് എഐസിടിഇ പറയുന്നു.
പ്രതിരോധ സാങ്കേതികവിദ്യകളുടെ മേഖലയിൽ കൂടുതൽ പുതിയ കാര്യങ്ങൾ കണ്ടെത്താനും നവീകരിക്കാനും, നേതൃത്വം നൽകാനും വിദ്യാർത്ഥികൾക്ക് ഗുണപരമായ സാഹചര്യം സൃഷ്ടിക്കുന്നതിനായി ലക്ഷ്യമിട്ടുള്ളതാണ് ഈ മോഡൽ പാഠ്യപദ്ധതിയെന്ന് എഐസിടിഇ ചെയർമാൻ പറഞ്ഞു. ഇന്ത്യയിലെ മികച്ച 200 സാങ്കേതിക സ്ഥാപനങ്ങൾ ഈ കോഴ്സ് ആരംഭിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates