ആർമി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബർ 10 മുതൽ 16 വരെ ഇടുക്കി നെടുങ്കണ്ടം ഹൈ ആൾട്ടിറ്റിയൂഡ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായാണ് റിക്രൂട്ട്മെന്റ് റാലി നടത്തുന്നത്. എഴുത്ത് പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഉദ്യോഗാർത്ഥികൾക്കാണ് റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുക്കുന്നത്. ഏഴ് ജില്ലകളിൽ നിന്നായി 3000ൽ അധികം ഉദ്യോഗാർഥികൾ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെപ്റ്റംബർ 10 ന് ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നായി ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പിനായി 642 ഉദ്യോഗാർത്ഥികളും 11 ന് തിരുവനന്തപുരം, പത്തനംതിട്ട ജില്ലക ളിൽ നിന്നായി 788 പേരും, 12 ന് കൊല്ലം ജില്ലയിൽ നിന്ന് 829 പേരും, 13 ന് ഏഴ് ജില്ലകളിൽ നിന്നായി ടെക്‌നിക്കൽ സ്റ്റാഫ് വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പിനായി 843 പേരും പങ്കെടുക്കും.
14 ന് 13-ാം തീയതിയിലെ ഫിസിക്കൽ ടെസ്റ്റിൽ പങ്കെടുത്ത് വിജയിച്ചവർക്ക് മെഡിക്കൽ ടെസ്റ്റ് നടത്തും. 15 ന് ജനറൽ ഡ്യൂട്ടിക്കുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും പാരാ റെജിമെന്റിലിക്ക് പോകാൻ താത്പര്യമുള്ളവർക്ക് 5 കി.മീ റൺചേസ് നടത്തും. 16 ന് റിക്രൂട്ട്‌മെന്റ് റാലി അവസാനിക്കും.
റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ പുലർച്ചെ 4 മണിക്ക് പഞ്ചായത്ത് ടൗൺ ഹാളിൽ എത്തിച്ചേരണം. അഡ്മിറ്റ് കാർഡ് സ്‌കാൻ ചെയ്തതിന് ശേഷം 100 പേരുടെ ബാച്ചുകളായി തിരിച്ച് നെടുങ്കണ്ടം സിന്തറ്റിക് ഗ്രൗണ്ടിൽ പ്രവേശിപ്പിക്കും. രാവിലെ 5 ന് ഫിസിക്കൽ ടെസ്റ്റ് ആരംഭിക്കും. ഫിസിക്കൽ ടെസ്റ്റിൽ വിജയിക്കുന്നവർക്ക് മെഡിക്കൽ ടെസ്റ്റും നടത്തും. റാലിക്കെത്തുന്ന ഉദ്യോഗാർഥികൾക്കായി കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ ഉണ്ടാകും.
റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് നെടും കണ്ടം രാമക്കൽമേട് എന്നിവടങ്ങളിൽ ന്യായമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്നതിന് നെടുംകണ്ടത്തെ വ്യാപാര വ്യവസായി സംഘനാ പ്രതിനിധികളും, രാമക്കൽമേട്ടിലെ സ്വകാര്യ റിസോർട്ട് ഉടമകളുമായി ജില്ലാ ഭരണ കൂടം നടത്തിയ ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ട്. രാമക്കൽ മേട്ടിൽ താമസ സൗകര്യം ആവശ്യമുള്ള ഉദ്യോഗാർഥികൾക്ക് 9526836718, 9447232276 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates